ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്നും അതുകൊണ്ട് ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തുവെന്ന തരത്തില്‍ ചാനലിന്റെ വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും യൂണിഫോം സിവില്‍കോഡിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന കാര്‍ഡില്‍ ഫോണ്ടുകള്‍ തമ്മിലെ വ്യത്യാസമാണ് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായത്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോട ശരിയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നല്‍കിയിരിക്കുന്ന ഫോണ്ടും ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും വ്യത്യസ്തമാണെന്ന് കാണാം. കാര്‍ഡില്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല ചിത്രങ്ങളും തിയതിയും ഇത് അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2024 ജനുവരി 22ന് ഏഷ്യാനെറ്റ് ന്യൂസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.
2024 ജനുവരി 22 ന് പങ്കുവെച്ച ഈ കാര്‍ഡില്‍ ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട ഭാഗം എഴുതിച്ചേര്‍ത്താണ് വ്യാജ കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് വാര്‍ത്താ കാര്‍ഡിനാധാരം. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം മിക്ക മാധ്യമങ്ങളും വാര്‍ത്തയാക്കിയതായും കണ്ടെത്തി. 2024 ജനുവരി 22 ന് മനോരമയും ന്യൂസ് 18 കേരളയുമടക്കം മിക്ക മലയാള മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
എകണോമിക് ടൈംസ് ഉള്‍പ്പെടെ ദേശീയമാധ്യമങ്ങളും പിണറായി വിജയന്റെ പ്രതികരണം വാര്‍ത്തയാക്കിയതായി കണ്ടെത്തി.
ഇതോടെ അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് 2024 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്താകാര്‍ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
തുടര്‍ന്ന് ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളും പരിശോധിച്ചു. ആദ്യാവസാനം യുസിസിയെ ഏതിര്‍ക്കുകയാണ് മുഖ്യമന്ത്രിയും ഇടതുപക്ഷവും ചെയ്തതെന്ന് മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമായി. ഏകീകൃത സിവില്‍കോഡിനെതിരെ 2023 ല്‍ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം മുഖ്യമന്ത്രിയാണ് സഭയിലവതരിപ്പിച്ചത്.
ഏകീകൃത സിവില്‍കോഡിനെതിരെ മുഖ്യമന്ത്രി ഈയിടെ മറ്റ് പ്രതികരണങ്ങള്‍ നടത്തിയതായും പരിശോധനയില്‍ കണ്ടെത്താനായില്ല. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി വാര്‍ത്താകാര്‍ഡ് രൂപത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അയോധ്യരാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള വാര്‍ത്താ കാര്‍ഡില്‍ ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട വാക്യങ്ങള്‍ വ്യാജമായി എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.