ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന അവകാശവാദത്തോടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലഷ്കര്‍-ഇ-ത്വയ്ബയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് സിപിഐ എന്ന പരിഹാസത്തോടെയാണ് ഇടതുവിരുദ്ധ പ്രൊഫൈലുകളില്‍നിന്ന് സന്ദേശം പങ്കുവെയ്ക്കുന്നത്.
RV Babu എന്ന പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന സന്ദേശത്തില്‍ IEP പ്രസിദ്ധീകരിച്ച പട്ടികയുടെ ചിത്രവും ചേര്‍ത്തതായി കാണാം. ജനം ടിവി നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍റെ സംസാരഭാഗങ്ങള്‍ എഡിറ്റ് ചെയ്തും ഇതേ അവകാശവാദത്തോടെ പ്രചരണം നടക്കുന്നുണ്ട്.
ശ്രീജ സി. നായര്‍ എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം പരിഹാസരൂപേണ വിവരണവും ചേര്‍ത്തിട്ടുണ്ട്.
Fact-check:
ഇന്ത്യയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന, സ്വന്തമായി തിരഞ്ഞെടുപ്പ് ചിഹ്നമുള്ള ഒരു പാര്‍ട്ടി ആഗോള ഭീകര പട്ടികയില്‍ ഇടം പിടിക്കുന്നതിലെ സാംഗത്യമാണ് വസ്തുതാ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്. തുടര്‍ന്ന് പഠനം നടത്തിയ ഓസ്ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍റ് പീസ് വെബ്സൈറ്റ് പരിശോധിച്ചു. ഇതില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ 12-ാം സ്ഥാനത്ത് നല്‍കിയിരിക്കുന്നത് Communist Party of India - Maoist (CPI-M) എന്നാണ്. ഇതോടെ പ്രചരിക്കുന്ന സന്ദേശം സത്യമല്ലെന്ന് ബോധ്യമായി. കൃത്രിമമായി സൃഷ്ടിച്ചതോ അല്ലെങ്കില്‍ പിന്നീട് എഡിറ്റ് ചെയ്തതോ ആയ പട്ടികയാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ IEP യുടെ ട്വിറ്റര്‍ അക്കൗണ്ടിലേക്കുള്ള ലിങ്കുകളാണ് ലഭിച്ചത്. അഡ്വ. ശ്രീജിത്ത് പണിക്കര്‍ പങ്കുവെച്ച ട്വീറ്റിന് താഴെ IEP നല്‍കിയ മറുപടികള്‍ കണ്ടെത്തി.
ആഗോള ഭീകര പട്ടിക തയ്യാറാക്കുന്നത് ഡ്രാഗണ്‍ഫ്ലൈ യുടെ ഡാറ്റ ഉപയോഗിച്ചാണെന്നും അതിലെ Communist Party of India എന്നതില്‍ ‘Maoist’ എന്ന് ചേര്‍ക്കാതിരുന്നതുമാണ് പട്ടികയില്‍ തെറ്റ് വരാനിടയാക്കിയതെന്ന് IEP ആദ്യ ട്വീറ്റില്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് ഈ തെറ്റ് കണ്ടെത്തിയ ഉടനെ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായും റിപ്പോര്‍ട്ട് Communist Party of India - Maoist എന്ന് തിരുത്തിയതായും കമന്‍റില്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റര്‍ ഓഫ് ഇന്ത്യ (MCC) യും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) പീപ്പിള്‍സ് വാര്‍ അഥവാ PWG യും ലയിച്ച് 2004 സെപ്തംബര്‍ 21 ന് രൂപീകരിച്ച സംഘടനയാണിത്. (കൂടുതലറിയാന്‍ വായിക്കാം)
ഇതോടെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
തുടര്‍ന്ന് Communist Party of India യുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. ഔദ്യോഗികമായി നല്‍കിയ വിശദീകരണത്തില്‍നിന്നും ഇക്കാര്യം വീണ്ടും സ്ഥിരീകരിക്കാനായി.
രാഷ്ട്രീയപരമായും ആശയപരമായും ഭീകരവാദത്തിനെതിരെ പൊരുതുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ട് IEP പിന്‍വലിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
Conclusion:
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ലോകത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ 12-ാമത് എന്ന സന്ദേശം അടിസ്ഥാനരഹിതമാണ്. IEP പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വന്ന തെറ്റ് അവര്‍തന്നെ തിരുത്തിയതാണെന്നും 12-ാം സ്ഥാനത്തുള്ള സംഘടന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ് ആണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.