നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിച്ചോ?
നവേകരള സദസ്സിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് സ്വീകരിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP |
നവകേരള സദസ്സിനെതിരെ പരിപാടിയുടെ ആദ്യഘട്ടം മുതല്‍ തന്നെ നിരവധി വിമര്‍ശനങ്ങള്‍ പ്രതിപക്ഷം ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ സജ്ജീകരിച്ച ബസ്സിനെതിരെയും വിമര്‍ശനമുണ്ടായി. എന്നാല്‍ കാസര്‍കോട്ട് നടന്ന നവകേരളസദസ്സില്‍ സ്വീകരിച്ച പരാതികള്‍ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് പ്രചരിക്കുന്ന കുറിപ്പിനൊപ്പം ഒരു പത്രവാര്‍ത്തയുടെ ഫോട്ടോയും നല്കിയിട്ടുണ്ട്.
ഇന്ത്യാലൈവ് എന്ന ഫെയ്സ്ബുക്ക് പൈജില്‍ ഈ ചിത്രത്തിനൊപ്പം പരാതികള്‍ ചവറ്റുകൊട്ടയില്‍ എന്ന തലക്കെട്ടോടുകൂടി ഒരു വാര്‍ത്താകാര്‍ഡും ചേര്‍ത്തതായി കാണാം.
Fact-check:
നവകേരള സദസ്സിന്റെ ആദ്യഘട്ടത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടായാല്‍ അതിന് ഏറെ മാധ്യമശ്രദ്ധയും പ്രതിപക്ഷ വിമര്‍ശനവും കിട്ടുമെന്നിരിക്കെ മലയാള ദൃശ്യമാധ്യമങ്ങളൊന്നും ഇത്തരമൊരു വാര്‍ത്ത നല്‍കിയതായി കണ്ടെത്താനായില്ല. തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പത്രത്തില്‍ വന്നതുള്‍പ്പെടെ തെറ്റായ പ്രചരണമാണെന്ന് വ്യക്തമാക്കി നവകേരളം വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍നിന്ന് വിശദമായ കുറിപ്പ് പങ്കുവെച്ചതായി കണ്ടെത്തി.
കവറില്‍ സമര്‍പ്പിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പത്തിന് കവര്‍ ഒഴിവാക്കി ക്രമപ്പെടുത്തി പ്രത്യേക ഫയലിലാണ് സൂക്ഷിക്കുന്നതെന്നും ഇതിന് കൃത്യമായി പരാതി നമ്പറും റസിപ്റ്റും നല്കുന്നുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതേ കുറിപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉള്‍പ്പെടെ വിവിധ മന്ത്രിമാരും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് പങ്കുവെച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് കാണിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
കൂടാതെ നവേകരളം വെബ്സൈറ്റില്‍ പരാതി നമ്പര്‍ നല്കിയ പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയതായും കാണാം.
ഇതോടെ പരാതികള്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
അതേസമയം നവകേരളം ഫെയ്സ്ബുക്ക് പേജില്‍ നല്കിയ കുറിപ്പ് പ്രകാരം പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചത് ജന്മഭൂമി ദിനപത്രത്തിലാണെന്ന് പരാമര്‍ശമുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്നും വാര്‍ത്ത വന്നത് വീക്ഷണം പത്രത്തിന്റെ കണ്ണൂര്‍ എഡിഷനിലാണെന്നും വ്യക്തമാക്കി ജന്മഭൂമി ഓണ്‍ലൈനില്‍ വാര്‍ത്ത നല്കിയിട്ടുണ്ട്.
Conclusion:
നവകേരള സദസ്സില്‍ ലഭിച്ച പരാതികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ എന്ന അടിക്കുറിപ്പോടെ പത്രവാര്‍ത്തയുടെ ചിത്രസഹിതം പ്രചരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് പരാതി സമര്‍പ്പിച്ച കവറുകള്‍ മാത്രമാണ്. അതേസമയം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വീക്ഷണം കണ്ണൂര്‍ എഡിഷനിലാണെന്നും ന്യൂസ്മീറ്റര്‍ വസ്തുതാപരിശോധനയില്‍ കണ്ടെത്തി.