Fact Check: CPIM ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാതിരുന്നത് യോഗ്യതയില്ലാഞ്ഞിട്ടോ? വാസ്തവമറിയാം

ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ വോട്ടുവിഹിതം ഇല്ലാതിരുന്നതിനാലാണ് CPIM ബോണ്ടുകള്‍ സ്വീകരിക്കാതിരുന്നതെന്നും അല്ലാതെ ഇത് പാര്‍ട്ടി നിലപാട് അല്ലെന്നും അവകാശവാദത്തോടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

By -  HABEEB RAHMAN YP |  Published on  25 March 2024 4:02 PM IST
Fact Check: CPIM ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാതിരുന്നത് യോഗ്യതയില്ലാഞ്ഞിട്ടോ? വാസ്തവമറിയാം
Claim: CPIM ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാതിരുന്നത് കുറഞ്ഞ യോഗ്യതയായ 1% വോട്ടുവിഹിതം ഇല്ലാത്തതിനാല്‍
Fact: CPIM ന് 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021 കേരള നിയമസഭ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില്‍ കൂടുതല്‍ വോട്ടുവിഹിതമുണ്ട്.

ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ SBI പുറത്തുവിട്ടതിന് പിന്നാലെ CPIM ബോണ്ടുകള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പാര്‍ട്ടിയുടെ ഉന്നതമായ നിലപാടിന്റെ ഭാഗമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് CPIM ബോണ്ടുകള്‍ സ്വീകരിക്കാതിരുന്നത് നിലപാടിന്റെ ഭാഗമായല്ലെന്നും ഗതികേടുകൊണ്ടാണെന്നും അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയത്. അവസാന തെരഞ്ഞെടുപ്പിില്‍ ഒരു ശതമാനമെങ്കിലും വോട്ടുവിഹിതം നേടിയ പാര്‍ട്ടികള്‍ക്ക് മാത്രമേ ബോണ്ടുകള്‍ സ്വീകരിക്കാനാവൂ എന്നും സിപിഎമ്മിന് ഈ വിഹിതമില്ലെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉള്ളടക്കം. (Archive)




സമാന അവകാശവാദത്തോടെ നിരവധി പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് (1, 2, 3, 4,)


Fact-check:

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാനുള്ള യോഗ്യത CPIM ന് ഉണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ബോണ്ടുകള്‍ സ്വീകരിക്കുന്നതിനുള്ള യോഗ്യതയായി പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്ന പ്രകാരം അവസാന തെര‍ഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ടുവിഹിതം ആവശ്യമാണ്. സാമ്പത്തിക കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.


ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷന്‍ 29A പ്രകാരം രജിസ്റ്റര്‍ ചെയ്തതും അവസാന ലോക്സഭ / നിയമസഭ തെരഞ്ഞെടുപ്പില്‍‍ ആകെ സാധുവായ വോട്ടുകളുടെ ഒരു ശതമാനമെങ്കിലും നേടുകയും ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാനാവുകയെന്ന് ഇതില്‍ വ്യക്തമാക്കുന്നു. ആദായനികുതി വകുപ്പ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് ഈ യോഗ്യത CPIM ന് ഉണ്ടോ എന്നാണ് പരിശോധിച്ചത്.

2018 ലാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരുന്നത്. എന്നാല്‍ 2019 മുതലുള്ള വിവരങ്ങള്‍ മാത്രമാണ് SBI പ്രസിദ്ധീകരിച്ചത്. ഇതിന് മുന്‍പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് 2014 ലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം 2014 -ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ CPIM ന്റെ വോട്ടുവിഹിതം 3.28 ശതമാനമാണ്.



പിന്നീട് 2016-ല്‍ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ CPIM 26 ശതമാനത്തിലധികം വോട്ടുവിഹിതം നേടിയതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.



ഇതോടെ 2018-2019 കാലയളവില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ CPIMന് യോഗ്യതയുണ്ടായിരുന്നുവെന്ന് വ്യക്തമായി.

തുടര്‍ന്ന് 2019-21 കാലഘട്ടത്തില്‍ ബോണ്ടുകള്‍ സ്വീകരിക്കുന്നതിന് മാനദണ്ഡമായ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ പരിശോധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം 1.77 ശതമാനമാണ് CPIM ന്റെ വോട്ടുവിഹിതം.


ഇതോടെ 2019-21 കാലഘട്ടത്തിലും ബോണ്ടുകള്‍ സ്വീകരിക്കാന്‍ യോഗ്യത CPIM ന് ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.

2021-ന് ശേഷമുള്ള കാലയളവില്‍ 2021-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പാണ് പരിഗണിക്കുന്നത്. ഇതില്‍ 25 ശതമാനത്തിലേറെ വോട്ടുവിഹിതവുമായാണ് CPIM ഉള്‍പ്പെട്ട LDF മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ കാണാം.


ഇതോടെ 2018 മുതല്‍ ഇന്നുവരെ ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാനുള്ള യോഗ്യത CPIM ന് ഉണ്ടായിരുന്നുവെന്ന് വ്യക്തമായി.


Conclusion:

ആവശ്യമായ വോട്ടുവിഹിതമില്ലാത്തതിനാലാണ് CPIMന് ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ സാധിക്കാതിരുന്നതെന്നും, ബോണ്ടുകള്‍ സ്വീകരിക്കാത്തത് പാര്‍ട്ടിയുടെ നിലപാടുകൊണ്ടല്ലെന്നുമുള്ള അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ബോണ്ടുകള്‍ സ്വീകരിക്കുന്നതിനാവശ്യമായ ഒരു ശതമാനത്തില്‍ കുറയാത്ത വോട്ടുവിഹിതം 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021 നിയമസഭ തെരഞ്ഞെടുപ്പിലും CPIM ന് ലഭിച്ചിട്ടുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:CPIM ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാതിരുന്നത് കുറഞ്ഞ യോഗ്യതയായ 1% വോട്ടുവിഹിതം ഇല്ലാത്തതിനാല്‍
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:CPIM ന് 2014, 2019 ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2021 കേരള നിയമസഭ തെരഞ്ഞെടുപ്പിലും ഒരു ശതമാനത്തില്‍ കൂടുതല്‍ വോട്ടുവിഹിതമുണ്ട്.
Next Story