സിപിഐഎം ഓഫീസ് വാടകയ്ക്ക് നല്‍കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പുത്തന്‍ കടപ്പുറം 34-ാം ഡിവിഷനിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കെട്ടിടത്തിന് മുന്നില്‍ വാടകയ്ക്ക് ലഭിക്കുന്നതിനായി ബന്ധപ്പെടേണ്ട ഫോണ്‍നമ്പര്‍ സഹിതം നല്‍കിയിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്നത് വര്‍ഷങ്ങള്‍ പഴയ ചിത്രമാണെന്നും വസ്തുത പരിശോധനയില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രത്തില്‍ നല്‍കിയിരിക്കുന്ന നമ്പറിലാണ് ആദ്യം ബന്ധപ്പെട്ടത്. പരപ്പങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശിയായ സമദിന്റ നമ്പറായിരുന്നു അത്. ചിത്രത്തിന് മൂന്ന് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചിത്രം നേരത്തെയും പ്രചരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം:
“പ്രചരിക്കുന്ന ചിത്രം എന്റെ കടമുറിയുടേതാണ്. ഇത് ഏകദേശം നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ സിപിഐഎം പുത്തന്‍ കടപ്പുറം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വാടക നല്‍കാന്‍ ബുദ്ധിമുട്ടായതിനാലും മറ്റൊരു സ്ഥലം കണ്ടെത്തിയതിനാലും അവര്‍ ഒഴിഞ്ഞു. മുറി ഒഴിഞ്ഞ സമയത്ത് പെയിന്റ് മാറ്റിയില്ലായിരുന്നു. കടമുറി ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിനായാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ പിന്നീട് അത് തെറ്റായ രീതിയില്‍ പ്രചരിക്കുകയായിരുന്നു. പിന്നീട് ഇവിടെ ഒരു ഗോഡൗണായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പഴയ ചിത്രം തിരഞ്ഞെടുപ്പടുക്കുന്ന സമയത്ത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കുന്നതാണ്. ”
ഇതോടെ പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും പാര്‍ട്ടി കടമുറി ഒഴിഞ്ഞ ശേഷം എടുത്ത ചിത്രമാണെന്നും വ്യക്തമായി. തുടര്‍ന്ന് അന്ന് സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ഭാരവാഹിയായിരുന്ന സുരേഷുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഇപ്പോള്‍ ഞാന്‍ പാര്‍ട്ടി ഭാരവാഹി സ്ഥാനത്തില്ല. എങ്കിലും അന്ന് സംഭവിച്ചകാര്യം പറയാം. ഏകദേശം മൂന്നുവര്‍ഷത്തിലധികം മുന്‍പാണ് സംഭവം. കുറച്ചുകാലമായി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ആ മുറി വാടകയ്ക്ക് ഉപയോഗിച്ചിരുന്നു. വാടക കൂടുതലായതിനാലും സ്ഥല പരിമിതി ഉണ്ടായിരുന്നതിനാലുമാണ് അന്ന് മാറാന്‍ തീരുമാനിച്ചത്. താല്‍ക്കാലികമായി പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലരുടെ വീടുകളിലേക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാറ്റി. എന്നാല്‍ കടമുറി ഒഴിഞ്ഞ സമയത്ത് പെയിന്റ മാറ്റിയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രം തെറ്റായി പ്രചരിച്ചത്. രാഷ്ട്രീയപരമായാണ് പലരും ചിത്രം പ്രചരിപ്പിച്ചത്. പുതിയ ഓഫീസ് കെട്ടിടത്തിന് പ്രവര്‍ത്തനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്നു. അത് ഇപ്പോഴും പുരോഗമിക്കുകയാണ്. നിലവില്‍ വലിയ യോഗങ്ങള്‍ ചേരുന്നത് പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ഓഫീസിലും മറ്റ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് നടത്തുന്നത്.”
പരപ്പനങ്ങാടി ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ചിത്രം ഗൂഗ്ള്‍ മാപ്പില്‍ ലഭ്യമാണ്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
സിപിഐഎം ഓഫീസ് വാടകയ്ക്ക് എന്ന നിലയില്‍ പ്രചരിക്കുന്ന ചിത്രത്തിന് മൂന്ന് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും പാര്‍ട്ടി കടമുറി ഒഴിഞ്ഞ ശേഷം പെയിന്റ് മാറ്റാതിരുന്ന സാഹചര്യത്തിലാണ് ചിത്രം തെറ്റായി പ്രചരിച്ചതെന്നും കണ്ടെത്തി. നിലവില്‍ ഈ കെട്ടിടത്തില്‍ ഒരു ഗോഡൗണാണ് നടത്തുന്നതെന്നും കടയുടമ വ്യക്തമാക്കി.