സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയുയര്‍ത്താന്‍ ‘സഹായിച്ച’ ഒരു കാക്കയുടെ വീഡിയ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അങ്കണവാടിയിലെ പരിപാടിയ്ക്കിടെ കൊടിമരത്തിലെ കയറില്‍ കുരുങ്ങിയ ദേശീയപതാകയുടെ കെട്ടഴിയാതെ വന്നതോടെ അതുവഴി പറന്നുപോയ ഒരു കാക്ക പതാകയുടെ കെട്ടഴിച്ച് സഹായിച്ചുവെന്ന വിവരണത്തോടെയാണ് വീഡിയോ.
Fact-check:
ദേശീയപതാകയുടെ കെട്ടഴിയാതെ വന്ന സമയത്തുതന്നെ ഒരു കാക്ക പറന്നുവരുന്നതും പതാകയിലെ കെട്ടഴിഞ്ഞ് പൂക്കള്‍ താഴേക്ക് വീഴുന്ന നിമിഷം കാക്ക പറന്നു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ കാക്ക പറന്നുവന്നിരിക്കുന്നത് കൊടിമരത്തില്‍നിന്നും ഏറെ അകലെയുള്ള ഒരു തെങ്ങിലാണെന്ന് കാണാം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ആംഗിളിന്റെ പ്രത്യേകതകൊണ്ടാണ് ഇത് കൊടിമരത്തിലാണെന്ന് തോന്നുന്നത്. വീഡിയോയുടെ 16-ാം സെക്കന്റില്‍ ഇക്കാര്യം വ്യക്തമായി കാണാം.
ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പതാകയുയര്‍ത്തുന്ന സമയത്ത് അവിടെയുണ്ടായിരുന്നവരുമായി നേരിട്ട് ബന്ധപ്പെടാനാണ് തുടര്‍ന്ന് ശ്രമിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചില പോസ്റ്റുകളില്‍ ഇത് മലപ്പുറം ജില്ലയിലെ മമ്പാട് മാരമംഗലം അങ്കണവാടിയാണെന്ന് പരാമര്‍ശിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് മാരമംഗലം അങ്കണവാടിയിലെ അധ്യാപികയായ ഉമ്മുകുല്‍സുവിനോട് ഫോണില്‍ സംസാരിച്ചു. അവരുടെ പ്രതികരണം:
“സ്വാതന്ത്ര്യദിനത്തിന് മമ്പാട് പഞ്ചാത്തിലെ ഏഴാം വാര്‍ഡ് മെമ്പറാണ് പതാക ഉയര്‍ത്തിയത്. ആ സമയത്ത് ഇങ്ങനെയൊരു കാക്കയെ ഞങ്ങളാരും കണ്ടിട്ടുപോലുമില്ല. പതായ ഉയര്‍ത്തുന്നതില്‍ വേറെ തടസ്സങ്ങളുമില്ലായിരുന്നു. പിന്നീട് ചടങ്ങിന്റെ വീഡിയോ രക്ഷിതാക്കളോട് ഗ്രൂപ്പില്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്രകാരം പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇങ്ങനെയൊരു കാക്കയെ കാണുന്നതുതന്നെ. ആദ്യം കണ്ടപ്പോള്‍ കാക്ക കൊടിമരത്തിലേക്ക് വരുന്നതായി തോന്നിയെങ്കിലും മറ്റുചിലര്‍ പങ്കുവെച്ച വീഡിയോ കണ്ടാല്‍ അത് അങ്ങനയെല്ലെന്ന് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ കാക്ക വന്നിരിക്കുന്നത് തെങ്ങിന്റെ ഓലയിലാണ്. ഈ തെങ്ങാവട്ടെ, അങ്കണവാടിയുടെ കോംപൗണ്ടിന് പുറത്തുമാണ്.”
ഇത് വ്യക്തമാക്കുന്ന മറ്റൊരു വീഡിയോയും അവര്‍ ഞങ്ങളുമായി പങ്കുവെച്ചു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ദേശീയപതാക ഉയര്‍ത്തുന്നതിനിടെ കെട്ടഴിയ്ക്കാന്‍ കാക്ക സഹായിച്ചുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രീകരിച്ച ആംഗിളിന്റെ പ്രത്യേകതകൊണ്ട് തോന്നുന്ന ഒരു വിഷ്വല്‍ ഇല്യൂഷന്‍ മാത്രമാണിത്. യഥാര്‍ത്ഥത്തില്‍ കാക്ക വന്നിരിക്കുന്നത് ഏറെ അകലെയുള്ള ഒരു തെങ്ങിലാണ്.