മാവേലിക്കരയില്‍ അച്ഛന്‍ ആറുവയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. 2023 ജൂണ്‍ 7 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ആറുവയസ്സുകാരി നക്ഷത്രയുടേതെന്ന അടിക്കുറിപ്പോടെ ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നക്ഷത്ര അവസാനമായി നൃത്തം ചെയ്യുന്ന വീഡിയോ എന്ന അടിക്കുറിപ്പോടെ ചിത്രം എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ലിങ്കില്‍ നൃത്തത്തിന്‍റെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിരവധി വ്യക്തിഗത പ്രൊഫൈലുകളില്‍നിന്നും പേജുകളില്‍നിന്നും ഇതേ വീഡിയോ സമാന അടിക്കുറിപ്പുകളോടെ പങ്കുവെച്ചതായി കാണാം.
Fact-check:
വീഡിയോ കീഫ്രെയിമുകളാക്കി റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചതോടെ യൂട്യൂബില്‍ 2022 ജൂണ്‍ 13 ന് പങ്കുവെച്ച ഒരു ഷോട് വീഡിയോ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോ തന്നെയാണ് ഇതെന്ന് എളുപ്പത്തില്‍ സ്ഥിരീകരിക്കാനായി.
Vaiga Vishag എന്ന യൂട്യൂബ് അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ട് പരിശോധിച്ചതോടെ ഇത്തരത്തില്‍ നിരവധി നൃത്ത വീഡിയോകള്‍ പങ്കുവെച്ചിരിക്കുന്നതായി കണ്ടെത്തി. വീഡിയോകളില്‍ ഹാഷ്ടാഗ് ആയി വൈഗ എന്ന പേര് ചേര്‍ത്തതായും കാണാം.
Vaiga Vishag എന്ന പേര് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരഞ്ഞതോടെ പ്രചരിക്കുന്ന വീഡിയോയിലുള്ളത് നക്ഷത്രയല്ലെന്ന് വ്യക്തമായി. ഇത് വ്യക്തമാക്കുന്ന കുറിപ്പ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ കണ്ടെത്താനായി.
തന്‍റെ നൃത്തവീഡിയോ നക്ഷത്രയുടെ പേരില്‍ പ്രചരിക്കുന്നുണ്ടെന്നും അത് പങ്കുവെയ്ക്കരുതെന്നും അറിയിക്കുന്ന പോസ്റ്റ് ഫെയ്സ്ബുക്കില്‍ ജൂണ്‍ 9ന് പങ്കുവെച്ചതായി കാണാം. ഫെയ്സ്ബുക്ക് പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്ന Remya Vishag, Vishag Mukundan എന്നിവര്‍ വൈഗയുടെ അച്ഛനമ്മമാരാണെന്നും ഇവര്‍ അമേരിക്കയിലെ ബോസ്റ്റണിലാണ് താമസമെന്നും പ്രൊഫൈല്‍ പരിശോധിച്ചതോടെ വ്യക്തമായി.
ഇതോടെ പ്രചരിക്കുന്ന വീഡിയോ മാവേലിക്കരയില്‍ കൊല്ലപ്പെട്ട നക്ഷത്രയുടേതല്ലെന്നും, വൈഗ വിശാഖ് എന്ന മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും വ്യക്തമായി.
Conclusion:
മാവേലിക്കരയില്‍ അച്ഛന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട നക്ഷത്ര എന്ന ആറുവയസ്സുകാരി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ മറ്റൊരു പെണ്‍കുട്ടിയുടേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് വൈഗ വിശാഖ് എന്ന കുട്ടിയുടെ നൃത്തമാണെന്നും 2022 ജൂണ്‍ 13ന് പങ്കുവെച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് അവര്‍തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.