ലോക്സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുത്തതോടെ ഇരുസഖ്യങ്ങളും പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ 1-നും വോട്ടെണ്ണല്‍ ജൂണ്‍ 4-നും നടക്കാനിരിക്കെയാണ് INDIA സഖ്യം അധികാരത്തിലെത്തിയാല്‍ പി കെ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രിയാകുമെന്ന തരത്തില്‍ പ്രചാരണം. ഇതിനായി മുസ്ലിം ലീഗില്‍ സജീവ ചര്‍ച്ച നടക്കുന്നുവെന്ന തലക്കെട്ടോടെ റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ വാര്‍ത്താ കാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. (Archive)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാര്‍ഡ് എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രചരിക്കുന്നവയില്‍ ചില കാര്‍ഡുകളില്‍ പരിഹാസരൂപേണ ചില വാക്കുകള്‍ എഴുതിച്ചേര്‍ത്തതായി കണ്ടെത്തി. ഇതിനൊപ്പം ഉപപ്രധാനമന്ത്രി എന്ന വാക്കിന് മാത്രം ഉപയോഗിച്ചിരിക്കുന്ന ഫോണ്ടില്‍ മാറ്റവും പ്രകടമാണ്. ഇത് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫോണ്ട് അല്ലെന്ന് വ്യക്തമായതോടെ കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന സൂചനലഭിച്ചു.
തുടര്‍ന്ന് കാര്‍ഡിലെ തിയതി ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഇതിന്റെ യഥാര്‍ത്ഥ പതിപ്പ് കണ്ടെത്തി. (Archive)
രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചേക്കുമെന്ന തരത്തില്‍ മുസ്ലിം ലീഗില്‍ ചര്‍ച്ചകള്‍ സജീവമാണന്നാണ് റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വാര്‍ത്താ കാര്‍ഡിലെ തലക്കെട്ട്. ഇതില്‍ ‘രാജ്യസഭയിലേക്ക്’ എന്ന വാക്കിന് പകരം ഉപപ്രധാനമന്ത്രി എന്ന വാക്ക് എഴുതിച്ചേര്‍ത്തതാണെന്ന് വ്യക്തം.
ഇതോടെ INDIA സഖ്യം അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ ഉപപ്രധാനമന്ത്രിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകളോ അത്തരത്തില്‍ വാര്‍ത്തയോ നിലവിലില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ടിവി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോൺഗ്രസ് മാണി വിഭാഗം ചെയര്‍മാൻ ജോസ് കെ. മാണി എന്നിവര്‍ ഒഴിയുന്ന രാജ്യസഭ സീറ്റുകളിലേക്ക് ജൂണ്‍ 25 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ 1 വരെയാണ് ഇവരുടെ കാലാവധി. ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി.
കേരളത്തിലെ കക്ഷിനില പ്രകാരം ഒരു സീറ്റിലേക്ക് യുഡിഎഫിന് ജയിക്കാനായേക്കും. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിം ലീഗുമായി ഉണ്ടാക്കിയ ധാരണപ്രകാരം ഈ സീറ്റ് മുസ്ലിം ലീഗിന് നല്‍കാനാണ് സാധ്യത. എന്നാല്‍ ഈ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കുമെന്ന വാര്‍ത്ത അദ്ദേഹം തന്നെ നിഷേധിച്ചു. 2024 മെയ് 28ന് രാവിലെ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ഇത് കേവലം മാധ്യമസൃഷ്ടി മാത്രമാണെന്നും ലീഗില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും, താന്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടിക്കകത്ത് വ്യക്തമാക്കിയതാണെന്നും പ്രതികരിച്ചു.
അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ തത്സമയം നല്‍കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന ചുമതലയുടെ ഭാഗമായി ഏറെ ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് ഇതേ വിഷയത്തില്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹവും വ്യക്തമാക്കി.
ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്നും ഇതിനാധാരമായ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താ കാര്‍ഡിലെ അവകാശവാദം കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളുമടക്കം നിഷേധിച്ചതാണെന്നും വ്യക്തമായി.
Conclusion:
INDIA സഖ്യം അധികാരത്തിലെത്തിയാല്‍ പി കെ കുഞ്ഞാലിക്കുട്ടി ഉപപ്രധാനമന്ത്രിയാകുമെന്ന തരത്തില്‍ ലീഗില്‍ ചര്‍ച്ച നടക്കുന്നുവെന്ന പ്രചാരണം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. കാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നും പരിശോധനയില്‍ വ്യക്തമായി.