‘കോവളം ബീച്ചില്‍’ വനിതകളെ ആക്രമിക്കുന്ന നായ്ക്കള്‍: വീഡിയോയുടെ സത്യമറിയാം
കോവളത്തുനിന്നുള്ള ദൃശ്യമെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഫെയ്സ്ബുക്ക് റീലില്‍ ബീച്ചിലെ വിനോദസഞ്ചാരികളെ ആക്രമിക്കുന്ന നായ്ക്കളെ കാണാം.
By - HABEEB RAHMAN YP | Published on 2 July 2023 10:10 PM ISTകേരള ടൂറിസത്തെ പരിഹസിച്ച് കോവളം ബീച്ചിലേതെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബീച്ചില്‍ സത്രീകളെ ആക്രമിക്കുന്ന ഏതാനും നായ്ക്കളുടെ ദൃശ്യങ്ങളാണ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്.
Shibu Aanikulangara എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് കോവളത്തുനിന്നുള്ള ദൃശ്യമെന്ന വിവരണത്തോടെ പങ്കുവെച്ചിരിക്കുന്ന റീലിന്റെ അടിക്കുറിപ്പില്‍ കേരള ടൂറിസം വികസനത്തെ വിമര്‍ശിക്കുന്നുമുണ്ട്.
Fact-check:
കോവളം ബീച്ചിലേതിന് സമാനമായ അന്തരീക്ഷമല്ല വീഡിയോയിലേത്. ഇത് പ്രഥമദൃഷ്ട്യാ സംശയമുളവാക്കി. കൂടാതെ പതിനൊന്ന് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള റീലിന്‍റെ അഞ്ചാം സെക്കന്‍റുമുതല്‍ ബീച്ചിലിരിക്കുന്ന യുവതികളുടെ പിന്നിലായി രണ്ട് വാഹനങ്ങള്‍ കാണാം. ഇവ കേരളത്തിലോ അയല്‍സംസ്ഥാനങ്ങളിലോ വ്യാപകമായി കണ്ടുവരുന്ന വാഹനങ്ങളല്ലെന്നതും ഇവയുടെ നമ്പര്‍പ്ലേറ്റ് ഇന്ത്യയിലേതല്ലെന്നതും വസ്തുതാ പരിശോധനയ്ക്ക് പ്രേരിപ്പിച്ചു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോയുടെ ഏതാനും സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗ്ള്‍ റിവേഴ്സ് ഇമേജ് സംവിധാനമുപയോഗിച്ച് പരിശോധിച്ചു. ഇതുവഴി സ്പാനിഷ് ഭാഷയിലുള്ള ഒരു ട്വീറ്റും മാധ്യമറിപ്പോര്‍ട്ടും ലഭിച്ചു.
Metro Libre എന്ന വെരിഫൈഡ് ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് 2023 ജൂണ്‍ 23ന് ഇതേ വീഡിയോ പങ്കുവെച്ചതായി കാണാം. ഓസ്ട്രേലിയയിലെ ബീച്ചില്‍ ഡിംഗോ എന്നറിയപ്പെടുന്ന കാട്ടുനായ്ക്കള്‍ ഫ്രഞ്ച് വിനോദസഞ്ചാരികളെ ആക്രമിച്ചുവെന്നാണ് വാര്‍ത്ത. സമാനമായ ആക്രമണം മുന്‍പും ഉണ്ടായതായും ഈ സാഹചര്യങ്ങളില്‍ ഇവയെ ദയാവധം ചെയ്തതായും ട്വീറ്റില്‍ കാണാം.
Eltrecetv എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഇതേ വാര്‍ത്ത സ്പാനിഷ് ഭാഷയില്‍ കണ്ടെത്തി.
തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കായി ലഭിച്ച സൂചനകളിലെ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ ടെലഗ്രാഫ് ഉള്‍പ്പെടെ പ്രമുഖ മാധ്യമങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഓസ്ട്രേലിയയിലെ ഫ്രെയ്സര്‍ ഐലന്‍റിലെ ക്വീന്‍സ് ലാന്‍ഡ് ബീച്ചില്‍ ഫ്രഞ്ച് വനിതയെ നായ ആക്രമിച്ചതായി ടെലിഗ്രാഫ് ജൂണ്‍ 23ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കാണാം.
സമാനമായ വാര്‍ത്ത കൂടുതല്‍ വിശദമായി Fox 10 വെബ്സൈറ്റിലും കണ്ടെത്തി. കാട്ടുനായ വിഭാഗത്തില്‍പ്പെടുന്ന “ഡിംഗോ” വിനോദസഞ്ചാരികളെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഇതിനു മുന്‍പും നിരവധി ഉണ്ടായതായും ജൂണ്‍ പത്തിന് ഇത്തരത്തില്‍ ആക്രമകാരികളായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കിയതായും Fox 10 റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രചരിക്കുന്ന വീഡിയോ ഓസ്ട്രേലിയയില്‍നിന്നുള്ളതാണെന്ന് വ്യക്തമായി.
Conclusion:
കോവളം ബീച്ചില്‍ വിനോദസഞ്ചാരികളെ നായ ആക്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഓസ്ട്രേലിയയില്‍നിന്നുള്ളതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍റ് ബീച്ചില്‍ ഫ്രഞ്ച് യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ 2023 ജൂണിലേതാണ്. ഇതിന് കേരളവുമായോ കോവളം ബീച്ചുമായോ യാതൊരു ബന്ധവുമില്ലെന്നും പ്രചരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.