തൃശൂരില്‍ സിമന്‍റ് കമ്പനിയില്‍ ജീവനക്കാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ശമ്പളവും ലൈസന്‍സും ചോദിച്ചതിന് മര്‍ദിച്ചുവെന്നാണ് അവകാശവാദം. നിരവധിപേര്‍ പങ്കുവെച്ച വീഡിയോയില്‍ മഞ്ഞ ടീഷര്‍ട്ട് ധരിച്ച യുവാവ് മറ്റൊരാളെ ഉപദ്രവിക്കുന്നതും കാണാം.
പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വീഡിയോ നിരവധി പേര്‍ പങ്കുവെയ്ക്കുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Fact-check:
മൂന്ന് മിനുറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. വീഡിയോയുടെ തുടക്കത്തില്‍ കാക്കി ഷര്‍ട്ട് ധരിച്ച വ്യക്തി ഇറങ്ങിവരുന്ന സമയത്ത് ക്യാമറയ്ക്ക് പുറകില്‍നിന്ന് ഒരാള്‍ അയാളെ തിരിച്ചറിയുന്ന രീതിയില്‍ പ്രതികരിക്കുന്നത് കേള്‍ക്കാം. ഇതൊരു കുട്ടിയുടെ ശബ്ദമാണെന്ന് വ്യക്തമാണ്. കൂടാതെ ഉപദ്രവിക്കുന്നതിനിടയില്‍ ചോദിക്കുന്ന കാര്യങ്ങളുംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കുട്ടിയെ ഉപദ്രവിച്ചതിനോ മറ്റോ പകരം ചോദിക്കുന്നതായി സൂചനകളാണ് ലഭിച്ചത്. കൂടെയുള്ളവരും സെക്യൂരിറ്റി ജീവനക്കാരനും ഉള്‍പ്പെടെ ഇയാളെ കമ്പനിക്ക് പുറത്തേക്ക് കൊണ്ടുപോയി ചോദിക്കൂ എന്നും പറയുന്നത് കേള്‍ക്കാം.
ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് തൃശൂരില്‍ നടന്ന സംഭവമാണെന്നും എന്നാല്‍ സിമന്‍റ് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്താനായി.
ഫെബ്രുവരി 18ന് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ മകനെ ലൈംഗികമായി ഉപദ്രവിച്ചതിന് പിതാവ് ലോറി ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങളാണിതെന്ന് വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രതിയായ ലോറി ഡ്രൈവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തുമെന്ന് പൊലീസ് അറിയിച്ചതായും മനോരമ വ്യക്തമാക്കുന്നു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ വഴി ശേഖരിച്ച കുട്ടിയുടെ പിതാവിന്‍റെ പ്രതികരണത്തിലും ഇതേ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. സംഭവം 2022 ഡിസംബര്‍ നാലിന് നടന്നതാണെന്നും നിലവില്‍ പ്രചരിക്കുന്ന അടിക്കുറിപ്പുകള്‍ വ്യാജമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഇത് സ്ഥിരീകരിക്കുന്നതായി കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. സംഭവം 2022 ഡിസംബറില്‍ തൃശൂരിലെ ചെറുശ്ശേരിയില്‍ നടന്നതാണെന്നും അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കുന്ന പോസ്റ്റ് കാണാം.
ചെറുശ്ശേരി എന്ന പ്രദേശം ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് മനസ്സിലാക്കാനായി. തുടര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. സംഭവം കുട്ടിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണെന്നും സിമന്‍റ് കമ്പനിയോ ശമ്പളമോ ആയി ഈ വീഡിയോയ്ക്ക് ബന്ധമില്ലെന്നും ഒല്ലൂര്‍ പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് സംഘം പോയിട്ടുണ്ടെന്നും അവര്‍ ന്യൂസ്മീറ്ററിനോട് (2023 ഫെബ്രുവരി 18 രാത്രി 10.30) വ്യക്തമാക്കി.
Conclusion:
ശമ്പളം ചോദിച്ചതിന് തൃശൂരിലെ സിമന്‍റ് കമ്പനിയില്‍ തൊഴിലാളിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തിലേതാണെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി. മകനെ ലൈംഗികമായി ഉപദ്രവിച്ചതിന് ലോറി ഡ്രൈവറെ മര്‍ദിക്കുന്ന പിതാവിന്‍റെ ദൃശ്യങ്ങളാണിതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.