DYFI സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററില്‍ അശ്ലീല ചിത്രമുപയോഗിച്ചുവെന്ന പ്രചരണവുമായി ചിത്രം സമൂഹമാധ്യമങ്ങളില്‍. മന്ത്രി പി എ മുഹമ്മദ് റിയാസും എഎ റഹീം എംപിയും ഉള്‍പ്പെടെ നേതാക്കള്‍ DYFI സംസ്ഥാന സമ്മേളനം എന്നെഴുതിയ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചരിക്കുന്ന ചിത്രത്തില്‍ കാണുന്ന പോസ്റ്ററില്‍ പരാമര്‍ശിക്കുന്ന ചിത്രത്തിന് പുറമെ ‘ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം’. ‘പത്തനംതിട്ട’ എന്നിവ കാണാം. തിയതി നല്‍കിയിട്ടുണ്ടെങ്കിലും വ്യക്തമല്ല. തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചതോടെ ഇത് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സമ്മേളനമാണെന്ന് വ്യക്തമായി. സമ്മേളനവുമായി ബന്ധപ്പെട്ട് 2022 ഏപ്രില്‍ 21 ന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്ത കാണാം.
2022 ഏപ്രില്‍ 27 മുതല്‍ 30 വരെയായിരുന്നു സമ്മേളനം എന്ന് വ്യക്തമാക്കുന്ന വേറെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലെ പോസ്റ്ററില്‍ അശ്ലീല ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് സ്ഥിരീകരിച്ചു.
പോസ്റ്ററില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത ചിത്രം നേരത്തെ വിവാദമായിരുന്നു. തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ് എഫ് ഐ 2021 ല്‍ സ്ഥാപിച്ച പെയിന്റിങുകള്‍ വിവാദത്തെ തുടര്‍ന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
ഈ പോസ്റ്ററിലെ പെയിന്റിങുകളില്‍ ഒന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിന്റെ ചിത്രത്തില്‍ ലോഗോയ്ക്കു പകരം എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്ന് ഇതോടെ വ്യക്തമായി.
Conclusion:
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററില്‍ അശ്ലീലചിത്രം എന്ന സൂചനയോടെ പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2021ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്എഫ്ഐ സ്ഥാപിച്ച് വിവാദമായ പെയിന്റിങാണ് സമ്മേളനത്തിന്റെ ലോഗോയ്ക്ക് പകരം എഡിറ്റ് ചെയ്ത് ചേര്‍ത്തതെന്ന് കണ്ടെത്തി.