CPIM ന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായോ?

ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയെന്നാണ് പ്രചരണം.

By -  HABEEB RAHMAN YP |  Published on  17 Dec 2023 1:11 AM IST
CPIM ന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായോ?

CPIM ന് ദേശീയപാര്‍ട്ടി പദവി നഷ്ടമായെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ നീക്കം ചെയ്തുവെന്ന അവകാശവാദത്തോടെയാണ് പോസ്റ്റ്.




Fact-check:

കേരളത്തില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അത് വലിയ വാര്‍ത്തയാകുമെന്നിരിക്കെ ഇത്തരമൊരു കാര്യം മാധ്യമങ്ങളിലൊന്നും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല. ഇത് പ്രചരണം വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ ഏതെങ്കിലും മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു. കീവേഡ് പരിശോധനയില്‍ 2023 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഏതാനും റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ആം ആദ്മി പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി ലഭിക്കുകയും സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ക്ക് പദവി നഷ്ടപ്പെടുകയും ചെയ്തത് സംബന്ധിച്ചാണ് The Hindu 2023 ഏപ്രില്‍ 10ന് നല്കിയ വാര്‍ത്ത.


ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാനപാര്‍ട്ടി പദവി നേടിയതോടെയാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് ദേശീയപാര്‍ട്ടി പദവി ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. The Wire ഉള്‍പ്പെടെ നിരവധി ദേശീയ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത കണ്ടെത്താനായി.




മലയാളമാധ്യമങ്ങളിലും ഈ റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായി. എന്നാല്‍ ഒരു റിപ്പോര്‍ട്ടിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് അഥവാ CPIM നെ പരാമര്‍ശിക്കുന്നതായി കണ്ടില്ല. ഇതോടെ CPI യ്ക്ക് ദേശീയപാര്‍ട്ടി പദവി നഷ്ടമായ വാര്‍ത്തയുടെ അടിസ്ഥാനത്തിലാകാം CPIM ന്റെ പേരില്‍ നടക്കുന്ന വ്യാജപ്രചരണമെന്ന് സൂചന ലഭിച്ചു.

തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിച്ചു. 2023 മെയ് മാസത്തില്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് അവസാനമായി ദേശീയപാര്‍ട്ടികളുടെ പട്ടികയും തെരഞ്ഞെടുപ്പ് ചിഹ്നവും പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാധ്യമറിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തരത്തില്‍ ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ ആറ് പാര്‍ട്ടികളാണ് പട്ടികയിലുള്ളത്. CPIM ഉം പട്ടികയിലുണ്ട്.


ഇതോടെ പ്രചരണം അടിസ്ഥാനരഹിതമാണെന്നും CPIM നിലവില്‍ ദേശീയപാര്‍ട്ടികളുടെ പട്ടികയില്‍ തുടരുന്നുണ്ടെന്നും വ്യക്തമായി.

ഒരു പാര്‍ട്ടി ദേശീയ പാര്‍ട്ടികളുടെ പട്ടികയില്‍ ഇടം നേടുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.




Conclusion

CPIM ന്റെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയെന്ന തരത്തില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. CPI ഉള്‍പ്പെടെ ഏതാനും പാര്‍ട്ടികളുടെ പദവി നഷ്ടമായത് സംബന്ധിച്ച് 2023 ഏപ്രിലില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വ്യജപ്രചരണമെന്നും സിപിഐഎം ഇപ്പോഴും പട്ടികയിലുണ്ടെന്നും ന്യൂസമീറ്റര്‍ കണ്ടെത്തി.

Claim Review:Election Commission of India removes CPIM from the list of national parties
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story