‘തൊള്ളായിരക്കണക്കിന് പേര്‍ പങ്കെടുത്ത’ ആലുവയിലെ നവകേരളസദസ്സ്: വീഡിയോയുടെ വാസ്തവമറിയാം

‘ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിനല്ല, തൊള്ളായിരക്കണക്കിന് പേരാണ് പരിപാടി കാണാന്‍ എത്തിയിരിക്കുന്നതെ’ന്ന ശബ്ദശകലത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏതാനും ഒഴിഞ്ഞ കസേരകളും കാണാം.

By -  HABEEB RAHMAN YP |  Published on  10 Dec 2023 5:52 AM IST
‘തൊള്ളായിരക്കണക്കിന് പേര്‍ പങ്കെടുത്ത’ ആലുവയിലെ നവകേരളസദസ്സ്: വീഡിയോയുടെ വാസ്തവമറിയാം

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവകേരളസദസ്സിനെക്കുറിച്ച് വിമര്‍ശനങ്ങളും സൈബര്‍ പരിഹാസങ്ങളും വ്യാപകമാണ്. പ്രതിപക്ഷ വിമര്‍ശനത്തിനപ്പുറം നവകേരളസദസ്സിന് മുന്നോടിയായി നിരവധി വ്യാജസന്ദേശങ്ങളും പ്രചരിച്ചിരുന്നു. നവകേരള സദസ്സ് ഏതാനും ആഴ്ചകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പരിപാടിയുടെ ആലുവയിലെ ദൃശ്യമെന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.




ആലുവയിലെത്തിയ നവകേരള സദസ്സില്‍ ‘തൊള്ളായിരക്കണക്കിന്’ ആളുകള്‍ ഒത്തുകൂടിയപ്പോള്‍ എന്ന് ആക്ഷേപഹാസ്യരൂപേണയാണ് പോസ്റ്റ്. എന്നാല്‍ വീഡിയോയ്ക്കൊപ്പം “ആയിരക്കണക്കിനല്ല, പതിനായിരക്കണക്കിനല്ല, തൊള്ളായിരക്കണക്കിന് പേരാണ് എന്റെ പരിപാടി കാണാന്‍ എത്തിയിരിക്കുന്നത്” എന്ന ശബ്ദശകലവും കേള്‍ക്കാം.


Fact-check:

വീഡിയോയ്ക്കൊപ്പമുള്ള ശബ്ദശകലത്തിലെ അസ്വാഭാവികതയാണ് വസ്തുത പരിശോധനയിലേക്ക് നയിച്ചത്. ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു.


2023 ഡിസംബര്‍ 7ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ആലുവയിലെ നവകേരള സദസ്സാണ് പരാമര്‍ശിക്കുന്നത്. വീഡിയോയില്‍ Vallatholinte Kavippada എന്ന വാട്ടര്‍മാര്‍ക്ക് കാണാം. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രസ്തുത പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ ഈ വീഡിയോ‌ 2023 നവംബര്‍ 19ന് പങ്കുവെച്ചതായി കണ്ടെത്തി.


കാസര്‍കോട്ട് നടന്ന നവകേരളസദസ്സിനെയാണ് ഈ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നവകേരളസദസ്സുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതോടെ 2023 നവംബര്‍ 18ന് കാസര്‍കോട്ടുനിന്നാണ് യാത്ര പര്യടനം തുടങ്ങിയതെന്ന് വ്യക്തമായി. ദൃശ്യങ്ങള്‍ കാസര്‍കോട്ടുനിന്നുള്ളതാണെന്ന് ഉറപ്പിക്കുന്നതിനായി 2023 നവംബര്‍ 18ന് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവെച്ച ഉള്ളടക്കങ്ങള്‍ പരിശോധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച ചിത്രങ്ങളില്‍നിന്ന് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കാസര്‍കോട് പൈവളിഗയിലെ ഉദ്ഘാടനപരിപാടിയിലേതാണെന്ന് വ്യക്തമായി.




ഇതോടെ പ്രചരിക്കുന്ന വീഡിയോ ആലുവയില്‍നിന്നുള്ളതല്ലെന്ന് സ്ഥിരീകരിക്കാനായി. കാസര്‍കോടുനിന്നുള്ള ദൃശ്യങ്ങളാണ് ആലുവയിലേതെന്ന അടിക്കുറിപ്പോടെ പങ്കുവെച്ചത്.

ആലുവയില്‍ നവകേരളസദസ്സ് നടന്നത് 2023 ഡിസംബര്‍ 7നാണെന്നും മാധ്യമറിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്.

വസ്തുത പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തല ശബ്ദം സൂക്ഷ്മമായി പരിശോധിച്ചു. ‘തൊള്ളായിരക്കണക്കിന് ആളുകളാണ് എന്റെ പരിപാടി കാണാന്‍….’ എന്നാണ് ശബ്ദശകലം. ഇത് എഡിറ്റ് ചെയ്ത് ചേര്‍ത്തതാകാമെന്നതിന്റെ വ്യക്തമായ സൂചനയായി.

നവംബര്‍ 19 ന് പങ്കുവെച്ച വീഡിയോയിലെ ടെലിവിഷന്‍ സ്ക്രീനിലെയും മുഖ്യമന്ത്രി പങ്കുവെച്ച ചിത്രങ്ങളിലെയും സൂചനകളില്‍നിന്ന് പ്രചരിക്കുന്ന വീഡിയോ ഭാഗത്ത് വേദിയില്‍ സംസാരിക്കുന്നത് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തത്സമയ വീഡിയോയില്‍നിന്ന് അദ്ദേഹത്തിന്റെ പ്രസംഗഭാഗം പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയിലെ ശബ്ദശകലം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് സ്ഥിരീകരിക്കാനായി.



തുടര്‍ന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത ശബ്ദശകലത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തി. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2023 സെപ്തംബര്‍ 25 ന് Mallu Magnet എന്ന ഇന്‍സ്റ്റഗ്രാം പേജില്‍നിന്ന് പങ്കുവെച്ച ഒരു വീഡിയോയില്‍നിന്നുള്ളതാണ് ഈ ശബ്ദശകലമെന്ന് കണ്ടെത്തി.




ഇതോടെ പ്രചരിക്കുന്ന വീഡിയോയ്ക്കൊപ്പം നല്കിയിരിക്കുന്ന രണ്ട് അവകാശവാദങ്ങളും വസ്തുതാവിരുദ്ധമാണെന്നും വീഡിയോയുടെ പശ്ചാത്തലശബ്ദം എഡിറ്റ് ചെയ്തതാണെന്നും വ്യക്തമായി.

വസ്തുത പരിശോധനയുടെ അവസാനഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്ന ഒഴിഞ്ഞ കസേരകളുടെ നിജസ്ഥിതിയും പരിശോധിച്ചു. തത്സമയ വീഡിയോ പൂര്‍ണമായി പരിശോധിച്ചതോടെ മുഖ്യമന്ത്രി വേദി വിട്ടതിന് ശേഷം ചടങ്ങിന്റെ അവസാനഭാഗത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് വ്യക്തമായി. പരിപാടിയുടെ തുടക്കത്തില്‍ ധാരാളം പേര്‍ സദസ്സിലുണ്ടായിരുന്നതായും വീഡിയോയില്‍ വ്യക്തമാണ്.



Conclusion:

ആലുവയിലെ നവേകരളസദസ്സിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കാസര്‍കോട്ട് നവംബര്‍ 18ന് നടന്ന പരിപാടിയുടേതാണെന്നും ഇതിലുപയോഗിച്ചിരിക്കുന്ന പശ്ചാത്തലശബ്ദം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:Empty chairs during Navakeralasadas in Aluva
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story