ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്സിറ്റ് പോളുകള്‍ പുറത്തുവന്നു. മിക്ക എക്സിറ്റ് പോളുകളിലും NDA യ്ക്ക് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. 300ന് മുകളില്‍ സീറ്റുകളും പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ BJP അക്കൗണ്ട് തുറക്കുമെന്നാണ് ചില എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ BJP കേരളത്തില്‍ നേടുമെന്നാണ് പ്രവചനം. ഈ പ്രവചനം LDF കണ്‍വീനര്‍ ഇ പി ജയരാജന്‍ ശരിവെച്ചതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങള്‍ മണ്ഡലങ്ങളില്‍ BJP ജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡ് രൂപത്തിലാണ് പ്രചാരണം. (Archive)
ജയരാജനെയും CPIM നെയും പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എക്സിറ്റ് പോളുകളെ ഇ പി ജയരാജന്‍ അംഗീകരിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ തിയതിയ്ക്കും പ്രധാന ഉള്ളടക്കത്തിനും ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫോണ്ടല്ല എന്നതാണ് പ്രാഥമികമായി പ്രചാരണം വ്യാജമാണെന്നതിന്റെ സൂചനയായത്. എക്സിറ്റ് പോളുകള്‍ പുറത്തുവന്നത് 2024 ജൂണ്‍ 1-ന് വൈകീട്ടാണ്. ഈ സമയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്താകാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പഴയ വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചതോടെ 2024 ഫെബ്രുവരി 14 ന് പങ്കുവെച്ച സമാനമായ കാര്‍ഡ് കണ്ടെത്തി. ചിത്രവും ഡിസൈനും സമാനമാണ്. (Archive)
തിരഞ്ഞടുപ്പിന് മുന്‍പ് യുഡിഎഫിലെ ലീഗിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ വാര്‍ത്താകാര്‍ഡാണിത്. ഇതിലെ പ്രധാന ഉള്ളടക്കത്തിന്റെ ഭാഗം മായ്ച്ചാണ് പകരം പുതിയ ഉള്ളടക്കം എഴുതിച്ചേര്‍ത്തതെന്ന് കാണാം. ഇ പി ജയരാജന്റെ ഫോട്ടോയും പേരും മാറ്റമില്ലാതെ നിലനിര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് എക്സിറ്റ് പോളുമായി ബന്ധപ്പെട്ട ഇ പി ജയരാജന്റെ പ്രസ്താവനകളും പരിശോധിച്ചു. എക്സിറ്റ് പോളുകളില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം 2024 ജൂണ്‍ 2-ന് മാധ്യമങ്ങളോട് പറഞ്ഞത്. എക്സിറ്റ് പോളില്‍ കേരളത്തിലെ ജനഹിതം പ്രതിഫലക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമായിരിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായും കണ്ടെത്തി.
അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളുടെ യൂട്യൂബ് ചാനലിലും നല്‍കിയിട്ടുണ്ട്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും ജനഹിതം അനുസരിച്ചുള്ളതല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
BJP കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന തരത്തില്‍ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ LDF കണ്‍വീനര്‍ ശരിവെച്ചുവന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. അദ്ദേഹം തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ മറ്റൊരു പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണണമെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.