മണ്ഡലകാലത്ത് KSRTC നിരക്കുമായി ബന്ധപ്പെട്ട പ്രചരണങ്ങളുടെ വസ്തുതയറിയാം
പമ്പയിലേക്കുള്ള KSRTC ബസ് സര്‍വീസിന് അമിതനിരക്ക് ഈടാക്കുന്നുവെന്നും ഇത് ശബരിമല തീര്‍ത്ഥാടകരോടുള്ള വിവേചനമാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 21 Nov 2022 11:26 PM ISTമണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീര്‍ത്ഥാടനത്തിന് തിരക്കേറി. അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി ഭക്തരാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്. ഇതോടനുബന്ധിച്ച് പമ്പയിലേക്കുള്ള ബസ് നിരക്കുമായി ബന്ധപ്പെട്ട് KSRTC യ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പമ്പയിലേക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന ആരോപണമാണ് പ്രധാനം. ബസ് ടിക്കറ്റുകളുടെ ചിത്രങ്ങള്‍ സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
Sanal Bee Nair എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് മെട്രോമാന്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രത്തില്‍ ആരോപിക്കുന്നത് തൃശൂര്‍ മുതല്‍ ഗുരുവായൂര്‍ വരെ 30 കിലോമീറ്ററിന് 25 രൂപയും നിലയ്ക്കല്‍ മുതല്‍ പമ്പ വരെ 18 കിലോമീറ്ററിന് നൂറ് രൂപയുമാണെന്നാണ്.
ആയിരത്തി അഞ്ഞൂറിലധികം പേര്‍ പങ്കുവെച്ച ഈ ചിത്രം വാട്സാപ്പിലും പ്രചരിക്കുന്നുണ്ട്.
Cheriyanad Temple എന്ന ഫെയ്സ്ബുക്ക് പ്രൊഫൈില്‍നിന്ന് പങ്കുവെച്ചത് രണ്ട് ടിക്കറ്റുകളുടെ ചിത്രമാണ്. ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകളില്‍ വ്യത്യസ്ത നിരക്കുകള്‍ കാണാം. പമ്പയില്‍നിന്ന് കയറുന്ന ഭക്തരെ ചൂഷണം ചെയ്യുന്ന നടപടിയാണെന്നാണ് ആരോപണം.
ഇതേ ടിക്കറ്റുകളുടെ ചിത്രം പോസ്റ്റര്‍ രൂപത്തിലാക്കി Metroman ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി. ശബരിമല തീര്‍ത്ഥാടകരില്‍നിന്നും അധികചാര്‍ജ്ജ് വാങ്ങുന്നതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാണ് ഉള്ളടക്കം.
Fact-check:
നിലയ്ക്കല്‍ - പമ്പ സര്‍വീസിന് നൂറ് രൂപയാണ് നിരക്കെന്ന ആദ്യ അവകാശവാദം പരിശോധിക്കുന്നതിനായി KSRTC യുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു. പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്നും ഉത്സവകാല പ്രത്യേക നിരക്കായി നിശ്ചയിച്ച നിരക്കുകള്‍ നോണ്‍-എസി ബസ്സുകള്‍ക്ക് 50 രൂപയും എസി ബസ്സുകള്‍ക്ക് 80 രൂപയുമാണെന്ന് അധികൃതര്‍ ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി. ഇതോടെ പ്രചരിക്കുന്ന ആദ്യ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ ഉത്സവകാല നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. മണ്ഡലകാലം ആരംഭിച്ചതോടെ പമ്പയിലേക്കുള്ള എല്ലാ സര്‍വീസുകളും സ്പെഷ്യല്‍ സര്‍വീസുകളാക്കി മാറ്റിയത് സംബന്ധിച്ച് മനോരമ ഓണ്‍ലൈന്‍ നവംബര്‍ 16ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭ്യമായി.
ഉത്സവകാല നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവുകളും ന്യൂസ്മീറ്റര്‍ പരിശോധിച്ചു. മോട്ടോര്‍വാഹനവകുപ്പിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 2022ലെ ഗസറ്റ് വിജ്ഞാപനത്തില്‍ ഉത്സവകാലത്ത് 30 ശതമാനം വരെ അധിക നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടെന്ന് വ്യക്തം.
മാത്രവുമല്ല, ഉത്സവകാല നിരക്കുകള്‍ക്ക് വിധേയമായ വിവിധ മതസ്ഥരുടെ വ്യത്യസ്ത ഉത്സവങ്ങളുടെ/ദേവാലയങ്ങളുടെ വിവരങ്ങളും വിജ്ഞാപനത്തില്‍ കാണാം. നല്‍കിയിരിക്കുന്ന 53 ദേവാലയങ്ങളുടെ/ ഉത്സവങ്ങളുടെ പട്ടികയില്‍ ശബരിമല മകരവിളക്കിനും മണ്ഡലപൂജയ്ക്കും യഥാക്രമം 25-ഉം 55-ഉം ദിവസങ്ങളില്‍ ഉത്സവകാല നിരക്ക് ഈടാക്കാമെന്ന് വ്യക്തമാക്കുന്നു.
ഇതോടെ KSRTC ഈടാക്കുന്ന അധികനിരക്ക് ഉത്സവകാല പ്രത്യേകനിരക്കാണെന്നും ഇത് നിയമവിധേയമാണെന്നും ശബരിമല ഭക്തരുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നതല്ലെന്നും വ്യക്തമായി.
വസ്തുതാ പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ ടിക്കറ്റുകളുടെ ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന പോസ്റ്റ് പരിശോധിച്ചു. ഇതില്‍ ചെങ്ങന്നൂരില്‍നിന്ന് പമ്പയിലേക്കുള്ള ടിക്കറ്റ് നവംബര്‍ 16നും തിരിച്ച് യാത്ര ചെയ്തത് 17-നുമാണെന്ന് കാണാം.
17ന് മണ്ഡലകാലം തുടങ്ങിയതോടെ ഉത്സവകാല പ്രത്യേക നിരക്ക് പ്രാബല്യത്തില്‍ വന്നതാകാം നിരക്ക് വര്‍ധനയ്ക്ക് കാരണമെന്ന് അനുമാനിച്ചു. ഔദ്യോഗിക സ്ഥിരീകരണത്തിനായി KSRTC അധികൃതരെ ബന്ധപ്പെട്ടതോടെ ഇത് സ്ഥിരീകരിക്കാനായി.
മണ്ഡലകാലത്ത് അമിത നിരക്ക് ഈടാക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ KSRTC ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ വിശദമായി നല്‍കിയ കുറിപ്പും ലഭിച്ചു.
ഇതോടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമായി.
Conclusion:
ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്ത് KSRTC അമിതനിരക്ക് ഈടാക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. KSRTC ഈടാക്കുന്ന നിരക്ക് ഉത്സവകാല പ്രത്യേക നിരക്കാണെന്നും ഇത് നിയമവിധേയമാണെന്നും വസ്തുതാ പരിശോധനയില്‍ സ്ഥിരീകരിച്ചു. മാത്രവുമല്ല, ഇത് വ്യത്യസ്ത മതസ്ഥരുടെ വിവിധ ആഘോഷങ്ങളുടെ ഭാഗമായി പല ദേവാലയങ്ങളിലേക്കും സര്‍വീസ് നടത്തുമ്പോള്‍ ഈടാക്കുന്നതാണെന്നും ശബരിമല തീര്‍ത്ഥാടകരോട് ഏതെങ്കിലും തരത്തില്‍ വിവേചനമില്ലെന്നും വ്യക്തമായി.