തലശ്ശേരിയില്‍ ലവ് ജിഹാദ് വ്യാപകമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം; അടിസ്ഥാനരഹിതമെന്ന് പൊലീസും MLAയും
തലശ്ശേരി ഡൗണ്‍ടൗണ്‍ മാള്‍ കേന്ദ്രീകരിച്ച് ലവ് ജിഹാദ് വ്യാപകമാണെന്നും ഇതില്‍ ഇരയാവുന്നത് ഹൈന്ദവ യുവതികളാണെന്നുമാണ് അവകാശവാദം. ഇത് അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസും ജനപ്രതിനിധിയും ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി.
By - HABEEB RAHMAN YP | Published on 26 Sept 2022 11:32 PM ISTകണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ലവ് ജിഹാദ് വ്യാപകമാണെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. തലശ്ശേരിയിലെ വ്യാപാരകേന്ദ്രമായ ഡൗണ്‍ടൗണ്‍ മാള്‍ കേന്ദ്രീകരിച്ച് സെപ്തംബര്‍ ആദ്യവാരങ്ങളില്‍ ഇത്തരത്തില്‍ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് അവകാശവാദം. 16, 20, 22 വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളാണ് ഇരകളായതെന്നും ഇന്‍സ്റ്റഗ്രാം, അരികെ തുടങ്ങിയ അപ്ലിക്കേഷനുകള്‍ വഴിയാണ് യുവാക്കള്‍ ഇവരുമായി ബന്ധപ്പെട്ടതെന്നും പൊലീസ് അറിയിച്ചെന്നാണ് പോസ്റ്റില്‍ വിശദീകരിക്കുന്നത്. മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നും ഇതില്‍ അകപ്പെടുന്നത് ഹൈന്ദവ യുവതികളാണെന്നും വിപിന്‍ വാഴവളപ്പില്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച റീലിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ലഘുലേഖകള്‍ പൊലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ വീഡിയോ ആണ് ഇതോടൊപ്പം റീല്‍ വീഡിയോയില്‍ നല്‍കിയിരിക്കുന്നത്.
Fact-check:
കേരളത്തില്‍ ലവ് ജിഹാദ് ആരോപണങ്ങള്‍ ഇതിനു മുന്‍പും പലതവണ ഉയര്‍ന്നിട്ടുണ്ടെങ്കിലും വസ്തുതാപരമായി തെളിയിക്കപ്പെടുകയോ ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. ലവ് ജിഹാദ് സജീവമാണെന്നും വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തനത്തിലേക്ക് ഇത് നയിക്കുന്നുണ്ടെന്നും വാദിക്കുന്നവരുണ്ട്. അതേസമയം ലവ് ജിഹാദ് മിഥ്യാധാരണയാണെന്നും മതപരിവര്‍ത്തനം സ്വാഭാവിക വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും അവകാശപ്പെടുന്നവരുമുണ്ട്. അതുകൊണ്ടുതന്നെ മത-രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ ഇതിനു മുന്‍പും നിരവധി പ്രചരിച്ചിട്ടുണ്ട്.
(ഈമാസം ആദ്യവാരം തലശ്ശേരി അതിരൂപത ലവ്-ജിഹാദ് ആരോപണവുമായി രംഗത്തുവരികയും ഇതുമായി ബന്ധപ്പെട്ട് പള്ളികളില്‍ ഇടയലേഖനം വായിക്കുകയും ചെയ്തിരുന്നു - വാര്‍ത്ത)
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ റീല്‍ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. ജനം ടിവി 2022 ജൂലൈ 15ന് സംപ്രേഷണം ചെയ്ത വാര്‍ത്തയുടെ വീഡിയോ ആണെന്ന് കണ്ടെത്താനായി. ജനം ടിവിയുടെ യൂട്യൂബ് ചാനലില്‍ ഈ വീഡിയോ ലഭ്യമാണോ എന്ന് പരിശോധിച്ചു. ഇതേ വാര്‍ത്ത കൂടുതല്‍ വിശദമായി മറ്റൊരു വാര്‍ത്താ ബുള്ളറ്റിനില്‍ നല്‍കിയതിന്‍റെ വീഡിയോ ചാനലിന്‍റെ യൂട്യൂബ് പേജില്‍നിന്ന് ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധ ഉള്ളടക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്. സംഭവം ബീഹാറിലാണെന്നും കേരളത്തിലെ ലവ് ജിഹാദ് ആരോപണങ്ങളുമായി ഈ വാര്‍ത്തയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും വ്യക്തമായി.
തുടര്‍ന്ന് വീഡിയോയ്ക്കൊപ്പം നല്‍കിയ കുറിപ്പ് വിശദമായി പരിശോധിച്ചു. കുറിപ്പില്‍ പറയുന്നത് പ്രകാരം 2022 സെപ്തംബര്‍ 10,11 തിയതികളിലായി മൂന്ന് "ലവ് ജിഹാദ്" കേസുകള്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ 16നും 22നും ഇടയില്‍ പ്രായക്കാരാണെന്നും വിവിധ സമൂഹമാധ്യമ അപ്ലിക്കേഷനുകള്‍ വഴി ഇരകളാവുന്ന ഇവരെല്ലാം ഹൈന്ദവ മതവിഭാഗത്തില്‍പെട്ടവരാണെന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റില്‍ സൂചിപ്പിച്ച തിയതികളില്‍ ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ആദ്യം തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. ഇത്തരത്തില്‍ ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഈ മാസം പ്രസ്തുത മേഖലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത ഏതാനും മയക്കുമരുന്ന് കേസുകളില്‍ പോസ്റ്റില്‍ ആരോപിക്കുന്നതുപോലെ പെണ്‍കുട്ടികള്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നും തലശ്ശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യക്തമാക്കി.
തുടര്‍ന്ന് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ. എം. അനിലുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന്:
"ലവ് ജിഹാദ് ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ഒരു കേസും പ്രസ്തുത തിയതികളില്‍ തലശ്ശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടുമില്ല. ഡൗണ്‍ടൗണ്‍ മാള്‍ കേന്ദ്രീകരിച്ച് കമിതാക്കളെ കാണാറുണ്ടെന്നത് വസ്തുതയാണ്. അതിന് മതത്തിന്‍റെ നിറം നല്‍കേണ്ടതില്ല. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. അതില്‍ പിടിക്കപ്പെടുന്നവരില്‍ എല്ലാ മതക്കാരും ഉണ്ടാവാറുണ്ട്. ലവ് ജിഹാദ് പ്രചരണം രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമാണ്."
തുടര്‍ന്ന് സ്ഥലം എംഎല്‍എ (നിലവിലെ നിയമസഭാ സ്പീക്കര്‍) ശ്രീ. എ. എന്‍. ഷംസീറിനെയും ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന്:
"ലവ് ജിഹാദ് ആരോപണങ്ങള്‍ ഇതിന് മുന്‍പും ഉയര്‍ന്നിട്ടുണ്ട്. അതില്‍ വസ്തുതയില്ല. പ്രത്യേകിച്ച് തലശ്ശേരി പോലുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു ആരോപണത്തില്‍ ഒട്ടും കഴമ്പില്ല. പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നപോലെ ആ പ്രദേശം RSS ശക്തികേന്ദ്രമൊന്നുമല്ല. സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയപ്രേരിതമോ വര്‍ഗീയലക്ഷ്യങ്ങളോടുകൂടിയോ പ്രചരിപ്പിക്കുന്ന നിരവധി വാദങ്ങളിലൊന്നായി മാത്രം ഇതിനെയും കണ്ടാല്‍മതി. പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്."
പൊലീസിന്‍റെയും ജനപ്രതിനിധിയുടെയും ഔദ്യോഗിക പ്രതികരണങ്ങളിലൂടെ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
Conclusion:
കണ്ണൂര്‍ തലശ്ശേരിയില്‍ ലവ് ജിഹാദ് വ്യാപകമാണെന്നും ഹൈന്ദവ യുവതികളാണ് ഇതില്‍ ഇരകളാകുന്നതെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജവും അടിസ്ഥാനരഹിതവുമാണ്. ഫെയ്സ്ബുക്ക് റീലില്‍ ചേര്‍ത്തിരിക്കുന്ന വീഡിയോ കേരളവുമായോ ലവ് ജിഹാദ് ആരോപണങ്ങളുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല. പോസ്റ്റില്‍ പറയുന്ന രീതിയില്‍ കേസുകള്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയോ ഇത്തരത്തില്‍ പരാതികള്‍ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലിസ് വ്യക്തമാക്കുന്നു. മേഖലയില്‍ ഇത്തരം ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്ന് സ്ഥലം എംഎല്‍എ യും വ്യക്തമാക്കുന്നു. അതിനാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജവും അടിസ്ഥാനരഹിതവുമാണ്.