തോര്‍ത്തില്‍ കെട്ടിയ സ്റ്റിയറിങ്; ‘വൈറല്‍’ ലോറി ഡ്രൈവറുടെ വീഡിയോയിലെ വസ്തുതയറിയാം
തോര്‍ത്തുമുണ്ട് ഉപയോഗിച്ച് സ്റ്റിയറിങ് കെട്ടിവച്ച് വെള്ളക്കുപ്പികൊണ്ട് ആക്സിലറേറ്റര്‍ അമര്‍ത്തി ഓടുന്ന ലോറിയില്‍ വിശ്രമിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
By - HABEEB RAHMAN YP | Published on 31 Jan 2023 11:03 PM ISTസാഹസിക വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പൊതുവെ കാഴ്ചക്കാര്‍ ഏറെയാണ്. എന്നാല്‍ ഇവയില്‍ നിയമവിരുദ്ധമായ വീഡിയോകള്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി കേസെടുക്കുന്നതും പതിവാണ്. മറ്റുള്ളവര്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്നതോ കാണുന്നവരെ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആയ ഇത്തരം വീഡിയോകള്‍ ചെയ്യുന്നത് നിയമലംഘനവുമാണ്.
ഡ്രൈവിങിലെ സാഹസികതയെന്നോണം ചിത്രീകരിച്ച ഒരു വീഡിയോ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അതിവേഗം ഓടുന്ന ഒരു ലോറിയിലെ ഡ്രൈവറുമായുള്ള സംഭാഷണമാണ് ദൃശ്യങ്ങളില്‍. ഒറ്റയ്ക്ക് .യാത്രചെയ്യുമ്പോള്‍ വിശ്രമിക്കാന്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി സ്റ്റിയറിങ് ഒരു തോര്‍ത്തുമുണ്ട് ഉപയോഗിച്ച് കെട്ടി ഡ്രൈവിങ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുന്ന ഡ്രൈവറെ ദൃശ്യങ്ങളില്‍ കാണാം.
വാട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ നിരവധി പേര്‍ ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.
‘ഇവരുടെ മുന്നിലാണ് നാം ചെറിയൊരു കാറുമായി ചെന്നുകൊടുക്കുന്നത്’ എന്ന വിവരണത്തോടെയാണ് Deshinganad എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
സമാന അടിക്കുറിപ്പോടെ വിവിധ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതോടെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് നിരത്തിലോടുന്ന ലോറിയില്‍നിന്നല്ല എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു.
പ്രാഥമികമായി വീഡിയോയ്ക്കൊപ്പമുള്ള ഓഡിയോയില്‍ സംസാരത്തില്‍ സംസാരത്തിന്‍റെ പശ്ചാത്തലം ഓടുന്ന ട്രെയിനിന്‍റെ ശബ്ദമാണെന്ന് മനസ്സിലാക്കാനാവും. ഇത് സാധൂകരിക്കുന്ന വേറെയും സൂചനകള്‍ വീഡിയോയിലുണ്ട്.
വീഡിയോയില്‍ ലോറി നിരത്തിനെക്കാള്‍ ഏറെ ഉയരത്തിലാണെന്ന് വ്യക്തമാക്കുന്ന രംഗങ്ങളാണിവ. ഇതില്‍ കാണുന്ന വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തുടര്‍ച്ചയായി ഒരേ ഉയരത്തിലും അവ ലോറിയെക്കാള്‍ ഏറെ താഴ്ന്നുമാണ് കാണപ്പെടുന്നത്.
സംസാരിക്കുന്നത് മലയാളമായതിനാല്‍ ഇത് കേരളത്തിലാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ ഡ്രൈവറുടെ വശത്തുകൂടെ പാസ് ചെയ്യുന്ന ഒരു വാഹനത്തെപ്പോലും ഇത്രയും സമയത്തെ വീഡിയോയില്‍ കാണാനായില്ല.
ഇതില്‍നിന്നെല്ലാം പ്രചരിക്കുന്ന വീഡിയോയില്‍ ലോറി നിരത്തിലോടുന്നതല്ല എന്ന് വ്യക്തമായി.
കൂടുതല്‍ ചരക്കുലോറികളെ എളുപ്പത്തില്‍ ട്രെയിനില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോ റോ (റോള്‍ ഓണ്‍ - റോള്‍ ഓഫ്) സര്‍വീസുകള്‍ക്ക് കേരളത്തില്‍ 2020-ലാണ് റെയില്‍വേ തുടക്കം കുറിച്ചത്. 2020 ഓഗസ്റ്റില്‍ ഇതിന്‍റെ ട്രയല്‍ നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രെയിനില്‍ മാത്രമല്ല, ജങ്കാറില്‍ വാഹനങ്ങള്‍ മറുകരയെത്തിക്കുന്ന സര്‍വീസുകളും കേരളത്തില്‍ നിലവിലുണ്ട്. ഇതും റോ റോ സര്‍വീസ് എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തില്‍ റോ റോ സര്‍വീസിനിടെ ലോറിയ്ക്ക് അകത്തുവെച്ച് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് അനുമാനിക്കാം.
തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാവുന്ന തരത്തിലുള്ള വിവരങ്ങള്‍ കേരള പൊലീസിന്‍റെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് ലഭിച്ചു.
സമൂഹമാധ്യമങ്ങളില്‍ കാണുന്നതെന്തും കണ്ണടച്ച് വിശ്വസിക്കരുതെന്ന മുന്നറിയിപ്പു സന്ദേശമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. റോ റോ സര്‍വീസിനിടെ ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും അത് വീഡിയോയില്‍ പരാമര്‍ശിക്കാതിരുന്നത് ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ സന്ദേശം നല്‍കുന്നതുമാണ് വീഡിയോ എന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മോട്ടോര്‍വാഹന വകുപ്പ് ജനുവരി 27 ന് പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നു.
ഇതോടെ പ്രചരിക്കുന്ന വീഡിയോ നിരത്തിലോടുന്ന ലോറിയില്‍ നിന്ന് ചിത്രീകരിച്ചതല്ലെന്നും റോ റോ സര്‍വീസില്‍ ട്രെയിനില്‍ കൊണ്ടുപോകുന്ന ലോറിയ്ക്കകത്തുനിന്ന് ചിത്രീകരിച്ചതാണെന്നും വ്യക്തമായി.
Update:
ജനുവരി 29ന് Sabeel Muhzi എന്ന യുട്യൂബ് വ്ലോഗര്‍ ഈ ദൃശ്യങ്ങളിലെ ഡ്രൈവറെ കണ്ടെത്തി വീഡിയോ ചെയ്തിട്ടുണ്ട്. കോഴിക്കോട് മാനിപുരം സ്വദേശിയായ റസാഖ് ആണ് ദൃശ്യങ്ങളിലുള്ളതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
രസകരമായ ഒരു വീഡിയോ എന്ന രീതിയില്‍ ചെയ്തതാണെന്നും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് പങ്കുവെച്ചതെന്നും ഇത്രയും വ്യാപകമായി പങ്കുവെയ്ക്കപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റസാഖ് പറയുന്നു.
Conclusion:
അലക്ഷ്യമായി ലോറിയോടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്ന വീഡിയോ നിരത്തിലോടുന്ന ലോറിയില്‍നിന്നുള്ളതല്ല എന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് ട്രെയിനില്‍ ചരക്കുലോറികളെ കൊണ്ടുപോകുന്ന റോ റോ സര്‍വീസിനിടെ ചിത്രീകരിച്ച ദൃശ്യങ്ങളാണ്. ദൃശ്യങ്ങള്‍ പശ്ചാത്തലം വെളിപ്പെടുത്താതെ പ്രചരിപ്പിച്ചത് തെറ്റിദ്ധാരണയ്ക്കും തെറ്റായ സന്ദേശം നല്‍കുന്നതിനും കാരണമായി.