'ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ആക്രമണം സ്ത്രീകള്‍ക്ക് നേരെ' - പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്ത്?
ഗ്ലാസ് വിന്‍ഡോയിലൂടെ യുവതിയുടെ മുഖത്ത് ഒരാള്‍ ആഞ്ഞടിക്കുന്നതും യുവതി തിരിച്ചടിക്കുന്നതും പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വീഡിയോയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.
By - HABEEB RAHMAN YP | Published on 27 Sept 2022 10:09 PM ISTസെപ്തംബര്‍ 23 ന് വെള്ളിയാഴ്ച സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രവര്‍ത്തകരുടെ ആക്രമണം സ്ത്രീകള്‍ക്ക് നേരെ എന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. ഗ്ലാസ് വിന്‍ഡോയിലൂടെ യുവാവ് ഒരു യുവതിയുടെ മുഖത്തടിക്കുന്നതും യുവതി തിരിച്ചടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വ്യത്യസ്ത അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ഈ വീഡിയോ ഇതിനകം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. "ഹര്‍ത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലര്‍ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി" എന്ന് അടിക്കുറിപ്പോടെയാണ് രാജേന്ദ്രന്‍ തിരുവാലി എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഇതിനകം ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സമാന അടിക്കുറിപ്പുകളോടെ മറ്റ് അക്കൗണ്ടുകളില്‍ നിന്നും വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
Fact-check:
19 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ CCTV ദൃശ്യങ്ങളില്‍നിന്ന് പകര്‍ത്തിയതോ ക്രോപ്പ് ചെയ്തതോ ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീഡിയോ വിശദമായി പരിശോധിച്ചു. "കട അടയ്ക്കാത്തതിന്" എന്ന് പോസ്റ്റില്‍ പരാമര്‍ശമുണ്ടെങ്കിലും വീഡിയോയില്‍ ഗ്ലാസ് വിന്‍ഡോയ്ക്കപ്പുറം തൊട്ടടുത്തായി വാഹനം കടന്നുപോകുന്നത് ഒരു ടോള്‍ ബൂത്തിനോട് സാദൃശ്യം തോന്നാനിടയാക്കി. പ്രസ്തുത കീവേഡുകള്‍ ഉള്‍പ്പെടുത്തി നടത്തിയ സെര്‍ച്ചില്‍ ഇതേ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ത്തകള്‍ ലഭിച്ചു.
മധ്യപ്രദേശില്‍ ടോള്‍ബൂത്തില്‍ പണമടക്കാതെ കടന്നുപോകാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് ടോള്‍ ഓപ്പറേറ്ററായ യുവതിയെ യുവാവ് മുഖത്തടിച്ചുവെന്ന വാര്‍ത്ത 'ദി ഇന്ത്യന്‍ എക്സ്പ്രസ്' ഓഗസ്റ്റ് 23-നാണ് പ്രസിദ്ധീകരിച്ചത്.
വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ദൃശ്യങ്ങളിലെ ക്രെഡിറ്റ് ഉപയോഗിച്ച് വീഡിയോ ആദ്യം പങ്കുവെച്ച ANI ട്വീറ്റ് കണ്ടെത്തി.
മധ്യപ്രദേശിലെ രാജ്ഗഡില്‍ 2022 ഓഗസ്റ്റ് 20നാണ് സംഭവമെന്ന് ANI റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചുവെന്നും ANI റിപ്പോര്‍ട്ടിലുണ്ട്.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്ത വീഡിയോ സ്റ്റോറിയില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
ടോള്‍ബൂത്തിന്‍റെ സമീപ പ്രദേശത്ത് താമസിക്കുന്ന ആളാണെന്ന് അവകാശപ്പെട്ട് ടോള്‍ അടയ്ക്കാന്‍ വിസമ്മതിച്ച യുവാവിനോട് സമീപവാസിയാണെന്ന് തെളിയിക്കാന്‍ ടോള്‍ബൂത്ത് ജീവനക്കാരി ആധാര്‍കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ കൂട്ടാക്കാതിരുന്ന അദ്ദേഹത്തെ ടോള്‍ നല്‍കാതെ കടന്നുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനക്കാരിയുടെ മുഖത്തടിക്കുകയായിരുന്നു.
News 18 റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചു. ആരോപണ വിധേയനായ രാജ്കുമാര്‍ ഗുജാറിനെതിരെ ടോള്‍ ബുത്ത് ജീവനക്കാരി അനുരാധ ദാംഗി, ബയോറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 354, 323, 506 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബയോറ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാജ്കുമാര്‍ രഘുവംശി ന്യൂസ് 18-നോട് പറഞ്ഞതായും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ ദേശീയ മാധ്യമങ്ങളിലെ വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിലൂടെ പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശില്‍നിന്നുള്ളതാണെന്ന് വ്യക്തമായി. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മലയാളമാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലില്‍ പരക്കെയുണ്ടായ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസുകാര്‍ക്കു നേരെയും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമമുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായെന്നും ആയിരത്തിലധികം പേരെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തെന്നും മാതൃഭൂമി സെപ്തംബര്‍ 24ന് റിപ്പോര്‍ട്ട് ചെയ്തു.
Conclusion:
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സെപ്തംബര്‍ 23ന് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കട അടയ്ക്കാത്തതിന് യുവതിയെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഈ ഹര്‍ത്താലുമായി ബന്ധമില്ലാത്തതാണ്. മധ്യപ്രദേശിലെ ടോള്‍ ബൂത്തില്‍ ടോള്‍ അടയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് ടോള്‍ബൂത്ത് ജീവനക്കാരിയെ മര്‍ദ്ദിക്കുന്ന ഈ ദൃശ്യങ്ങള്‍ 2022 ഓഗസ്റ്റ് 20-ലേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.