SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ നടക്കാനിരിക്കെ ചോദ്യപേപ്പര്‍ അച്ചടിക്കുന്നതിനായി വിദ്യാര്‍ഥികളില്‍നിന്ന് പത്തുരൂപ ശേഖരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. സര്‍ക്കാര്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പരീക്ഷ നടത്താന്‍ പോലും ഖജനാവില്‍ പണമില്ലെന്നും ചരിത്രത്തിലാദ്യമായി ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം പിരിക്കേണ്ട അവസ്ഥയാണെന്നുമാണ് പ്രചാരണം.
ഉത്തരവ് അസാധാരണമാണെന്നും ചരിത്രത്തിലാദ്യമാണെന്നും അവകാശപ്പെടുന്ന നിരവധി പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കാണാം. മീഡിയവണ്‍ ടി വി പങ്കുവെച്ച ന്യൂസ്കാര്‍ഡ് സഹിതമാണ് പോസ്റ്റുകള്‍. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ടിലും ചരിത്രത്തിലാദ്യമായാണ് നടപടിയെന്ന് പരാമര്‍ശിക്കുന്നു.
Fact-check:
മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയായതിനാല്‍ വ്യക്തതയ്ക്കായി ആദ്യം വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് 2013 മുതല്‍ തുടര്‍ന്നുവരുന്ന രീതിയാണെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് 2013 ജനുവരി 5 ന് ഇറക്കിയ ഉത്തരവും അവര്‍ പങ്കുവെച്ചു.
തുടര്‍ന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റ പരീക്ഷാഭവനുമായി ബന്ധപ്പെട്ടു. അവര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ:
“SSLC മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സംസ്ഥാനത്തെ ഗവണ്മെന്റ് പ്രസ്സുകളിലാണ് പ്രിന്റ് ചെയ്യുന്നത്. പ്രിന്റിങ് ചെലവുകള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്ന് ഫീ ഈടാക്കാന്‍ ആരംഭിച്ചത് 2013 ല്‍ യുഡിഎഫ് ഭരണകാലത്താണ്. 2012 ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. 25 രൂപയായിരുന്നു ആദ്യം ഉയര്‍ന്ന നിര്‍ദേശം. പിന്നീടത് 10 രൂപയാക്കി നിശ്ചയിച്ചു. എസ് സി എസ് ടി വിദ്യാര്‍ഥികളെ ഒഴിവാക്കി. ഇത് 2013 മുതല്‍ ഓരോ വര്‍ഷവും തുടര്‍ന്നു പോരുന്നതാണ്. ”
തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം പ്രിന്‍സിപ്പാളിനെ ഉള്‍പ്പെടെ ഏതാനും പ്രിന്‍സിപ്പാള്‍മാരെയും ബന്ധപ്പെട്ടു. അവരുടെ പ്രതികരണവും സമാനമായിരുന്നു.
“വര്‍ഷങ്ങളായി ശേഖരിക്കുന്ന ഫീയാണിത്. ചോദ്യപേപ്പര്‍ പ്രിന്റിങ് ചെലവുകള്‍ കഴിച്ച് ബാക്കി തുക വിദ്യാഭ്യാസ വകുപ്പിലേക്ക് തിരിച്ചടക്കും. ഈ വര്‍ഷത്തെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. ഡിഡിഇ ആണ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കേണ്ടത്. ഇത് ഒരു പുതിയ തീരുമാനമല്ല.”
വിഷയത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി തന്നെ 2013 ലെ പഴയ ഉത്തരവ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
തുടര്‍ന്ന് ജനുവരി 23 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
SSLC മോഡല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ഥികളില്‍നിന്ന് ഫീ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് LDF സര്‍ക്കാര്‍ ഈ വര്‍ഷം കൊണ്ടുവന്ന ഉത്തരവല്ല. 2013 ല്‍ UDF ഭരണകാലത്തുതന്നെ നിലവിലുള്ളതാണെന്നും എല്ലാവര്‍ഷവും ഈ ഫീ ശേഖരിച്ചുവരുന്നുണ്ടെന്നും വസ്തുത പരിശോധനയില്‍ സ്ഥിരീകരിച്ചു.