പേരാവൂരിലെ ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ; പത്രവാര്‍ത്ത വീണ്ടും പ്രചരിക്കുന്നു
കണ്ണൂര്‍ പേരാവൂരില്‍ പതിനഞ്ചുവയസ്സുകാരി ആദിവാസി പെണ്‍കുട്ടി വിശപ്പു സഹിക്കാനാവാതെ ആത്മഹത്യ ചെയ്തുവെന്ന 2016 ലെ പത്രവാര്‍ത്തയാണ് പുതിയതെന്ന വ്യാജേന വീണ്ടും പ്രചരിപ്പിക്കുന്നത്.
By - HABEEB RAHMAN YP | Published on 24 Jun 2023 10:30 PM ISTകേരളത്തില്‍ പട്ടിണിമരണമെന്നും ആദിവാസികളെ സര്‍ക്കാര്‍ കൈയ്യൊഴിയുന്നുവെന്നും ആരോപണങ്ങളുമായി പത്രവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പഞ്ചായത്തിലെ ശ്രുതിമോള്‍ എന്ന 15 വയസ്സുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയാണ് പ്രചരിക്കുന്നത്. വിശപ്പുമൂലമാണ് ജീവിതമവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചാണ് ശ്രുതിമോള്‍ ആത്മഹത്യ ചെയ്തതെന്ന പത്രവാര്‍ത്തയുടെ ചിത്രസഹിതമാണ് പോസ്റ്റ്.
Anthony Varghese എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച പത്രവാര്‍ത്തയ്ക്കൊപ്പം 2018 ലെ മധു കൊലക്കേസുമായി ബന്ധപ്പെട്ടും പരാമര്‍ശങ്ങള്‍ കാണാം. മധുവിന് ശേഷം വീണ്ടും ആദിവാസി ഊരില്‍ പട്ടിണിമരണം എന്ന തരത്തിലാണ് വിവരണം.
Fact-check:
പട്ടിണിമൂലം ഒരു ആദിവാസി മരണമുണ്ടായാല്‍ സ്വാഭാവികമായും അത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുമെന്നിരിക്കെ ഇത്തരത്തിലൊരു വാര്‍ത്ത ഈയിടെ ഒരു മാധ്യമങ്ങളിലും കണ്ടില്ലെന്നത് വാര്‍ത്ത പഴയതാകാമെന്ന സൂചനയായി.
തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ കീവേഡ് പരിശോധനയില്‍ ഇതേ പത്രക്കുറിപ്പ് സമാനമായ അടിക്കുറിപ്പോടെ 2016 ഏപ്രിലില്‍ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ സംഭവം പഴയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് വാര്‍ത്തയില്‍നിന്ന് ലഭിച്ച കീവേഡുകളും തിയതിയുമുപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2016 ഏപ്രില്‍ 22ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ടില്‍ ആത്മഹത്യ ചെയ്ത ശ്രുതിമോളുടെ അച്ഛന്റെ പ്രതികരണമുണ്ട്. മകള്‍ പട്ടിണിമൂലമല്ല ആത്മഹത്യ ചെയ്തതെന്നും സൈക്കിള്‍ വാങ്ങി നല്‍കാത്തതിലും കുടുംബത്തിനകത്തെ മറ്റ് പ്രശ്നങ്ങളിലും മനംനൊന്താകാം ആത്മഹത്യയെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ലെനിന്‍ സുഭാഷിനെ ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും ആദിവാസികളുടെ പട്ടിണിയും ആരോപിച്ച് പ്രതിപക്ഷം ഉള്‍പ്പെടെ അന്നുതന്നെ രംഗത്തു വന്നിരുന്നുവെന്നും തിരഞ്ഞെടുപ്പ് സമയമായതിനാല്‍ ഇത്തരത്തില്‍ വ്യാപക പ്രചരണം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാകാരണം പട്ടിണിയായിരുന്നില്ലെന്ന് കുട്ടിയുടെ അച്ഛന്‍ തങ്ങളോട് വ്യക്തമാക്കിയതായും ലെനിന്‍ സുഭാഷ് സ്ഥിരീകരിച്ചു.
തുടര്‍ന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലഭിച്ചു. ഇതില്‍നിന്നും സംഭവം 2016 ലായിരുന്നുവെന്നും പ്രതിപക്ഷം ഇതൊരു രാഷ്ട്രീയ ആരോപണമാക്കിയിരുന്നുവെന്നും വ്യക്തമായി.
എന്നാല്‍ പിന്നീട് ആത്മഹത്യാ കാരണം പട്ടിണിയല്ലെന്ന് വിശദീകരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ അന്നത്തെ കണ്ണൂര്‍ ബ്യൂറോ ചീഫ് എന്‍ കെ ഷിജു പങ്കുവെച്ച വീഡിയോയും ലഭ്യമായി.
ആത്മഹത്യാ കാരണം പട്ടിണിയല്ലെന്നാണ് പൊലീസ് നിഗമനമെന്ന് വ്യക്തമാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമായി.
ഇതോടെ പ്രചരിക്കുന്ന പത്രക്കുറിപ്പിന് നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
പേരാവൂരില്‍ ആദിവാസി പെണ്‍കുട്ടി പതിനഞ്ചുകാരി ശ്രുതിമോള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പത്രക്കുറിപ്പ് ഏഴുവര്‍ഷം പഴയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2016 ഏപ്രില്‍ 21ന് നടന്ന സംഭവം പ്രതിപക്ഷം ഉള്‍പ്പെടെ രാഷ്ട്രീയ ആയുധമാക്കിയിരുന്നുവെങ്കിലും ആത്മഹത്യ പട്ടിണി മൂലമല്ലെന്ന് കുട്ടിയുടെ പിതാവ് തന്നെ വ്യക്തമാക്കിയതായും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.