Fact Check: ഗുരുവായൂര്‍ ശുദ്ധജലവിതരണ പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതോ സംസ്ഥാന സര്‍ക്കാറിന്റേതോ? വാസ്തവമറിയാം

കേന്ദ്രസര്‍ക്കാറിന്റെ അമൃത് സ്കീമില്‍ പൂര്‍ത്തിയാക്കിയതാണ് പദ്ധതിയെന്നും അത് ജനങ്ങള്‍ക്ക് മനസ്സിലാകാതിരിക്കാനാണ് തിരിച്ചറിയാനാവാത്തവിധം അമൃത് എന്ന് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

By -  HABEEB RAHMAN YP |  Published on  10 March 2024 3:49 PM GMT
Fact Check: ഗുരുവായൂര്‍ ശുദ്ധജലവിതരണ പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതോ സംസ്ഥാന സര്‍ക്കാറിന്റേതോ? വാസ്തവമറിയാം

ഗുരുവായൂര്‍ ശുദ്ധജലവിതരണ പദ്ധതി 2024 മാര്‍ച്ച് 12 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ ഉദ്ഘാടന പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പോസ്റ്ററിലെ അമൃത് ലോഗോ സംബന്ധിച്ച് അവകാശവാദത്തോടെയാണ് പ്രചാരണം. കേന്ദ്രസര്‍ക്കാറിന്റെ അമൃത് സ്കീമിലാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും കേന്ദ്രം പണംമുടക്കുന്ന പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് അവകാശവാദം. ഇതിന്റെ ഭാഗമായാണ് ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധത്തില്‍ അമൃത് എന്ന് പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നതെന്നും ചില സമൂഹമാധ്യമ പോസ്റ്റുകളില്‍ പറയുന്നു.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുല്യതുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പോസ്റ്ററില്‍ അമൃത് എന്നെഴുതിയിരിക്കുന്നത് കേന്ദ്രപദ്ധതിയുടെ ഔദ്യോഗിക ലോഗോ ആണെന്നും കണ്ടെത്തി.

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പോസ്റ്ററില്‍ അമൃത് എന്നെഴുതിയത് സംബന്ധിച്ചാണ് പരിശോധിച്ചത്. കേന്ദ്രപദ്ധതിയാണെന്നത് മറച്ചുവെക്കാന്‍ വ്യക്തമല്ലാത്ത രീതിയില്‍ പദ്ധതിയുടെ പേരെഴുതിയെന്നതായിരുന്നു ആദ്യ അവകാശവാദം. ഇത് പരിശോധിക്കുന്നതിനായി പദ്ധതിയുടെ ഔദ്യോഗിക ലോഗോ പരിശോധിച്ചു.

2015 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അമൃത് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഇതുസംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 2015 ജൂണ്‍ 25ന് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ ലോഗോ വ്യക്തമായി കാണാം.


മറ്റ് ഔദ്യോഗിക വെബ്സൈറ്റുകളിലും പദ്ധതി മാര്‍ഗരേഖകളിലും ഇതേ ലോഗോ ഉപയാഗിച്ചതായി കാണാം. പോസ്റ്ററില്‍ അമൃത് എന്നെഴുതിയതില്‍ വ്യക്തതക്കുറവില്ലെന്നും ഇത് ഔദ്യോഗിക ലോഗോ ആണെന്നും സ്ഥിരീകരീച്ചു.

ഇതോടെ പദ്ധതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നു എന്ന തരത്തിലുള്ള അവകാശവാദങ്ങള്‍‌ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

തുടര്‍ന്ന് പദ്ധതിച്ചെലവ് സംബന്ധിച്ച് അന്വേഷിച്ചു. ഇതിനായി അമൃത് പദ്ധതിയുടെ മാര്‍ഗരേഖ പരിശോധിച്ചു. കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന മാര്‍ഗരേഖ പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രമാണ് പദ്ധതിച്ചെലവ് പൂര്‍ണമായും കേന്ദ്രം വഹിക്കുന്നത്. മറ്റിടങ്ങളില്‍‌ കേന്ദ്രവിഹിതത്തിനൊപ്പം അതത് സംസ്ഥാന സര്‍ക്കാറും ഏജന്‍സികളുമാണ് പദ്ധതിയ്ക്ക് പണം മുടക്കേണ്ടതും നടപ്പാക്കേണ്ടതും.


ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരഭരണ കേന്ദ്രങ്ങള്‍ക്കു കീഴില്‍ പദ്ധതി നടപ്പാക്കാന്‍ ആകെ ചെലവിന്റെ 50 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ബാക്കി 50 ശതമാനം അതത് സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണം.

അമൃത് സ്കീമിന് കീഴിലെ ശുദ്ധജലപദ്ധതികള്‍ കേരളത്തില്‍ ഏകോപിപ്പിക്കുന്നത് കേരള വാട്ടര്‍ അതോറിറ്റിയാണ്. വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചതോടെ പദ്ധതിവിഹിതം സംബന്ധിച്ച കണക്ക് സ്ഥിരീകരിക്കാനായി.


കേന്ദ്രവിഹിതമായ 50 ശതമാനത്തിന് പുറമെയുള്ള 50 ശതമാനം സംസ്ഥാനവിഹിതത്തില്‍ 30 ശതമാനം സംസ്ഥാന സര്‍ക്കാറും 20 ശതമാനം തദ്ദേശ സ്ഥാപനവും വഹിക്കുന്നതായാണ് നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി അമൃത് പദ്ധതിയുടെ സംസ്ഥാനതല ഉദ്യോഗസ്ഥരില്‍ ജലവിതരണപദ്ധതികളുടെ ചുമതലയുള്ള ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ ശ്രീമതി എ. ഷീജയെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:

“അമൃത് സ്കീമിന് കീഴിലെ പദ്ധതികളെല്ലാം കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികളാണ്. ഗുരുവായൂരിലെ ശുദ്ധജലവിതരണ പദ്ധതി അമൃതിന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കിയതാണ്. ഇതിനായി പദ്ധതിച്ചെലവിന്റെ 50 ശതമാനമാണ് കേന്ദ്രസഹായം. ബാക്കി 50 ശതമാനത്തില്‍ 30 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും 20 ശതമാനം നഗരസഭയും കണ്ടെത്തുന്നു. പദ്ധതി പൂര്‍ണമായും കേന്ദ്രസര്‍ക്കാറിന്റേതാണെന്ന പ്രചാരണം ശരിയല്ല. പോസ്റ്ററില്‍ അമൃത് ലോഗോയ്ക്കൊപ്പം കേരള സര്‍ക്കാറിന്റെയും ഗുരുവായൂര്‍ നഗരസഭയുടെയും കേരള വാട്ടര്‍ അതോറിറ്റുയുടെയും ലോഗോ ഉപയോഗിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയാണ് പദ്ധതി നിര്‍വഹണ ഏജന്‍സി.”


തുടര്‍ന്ന് ഡെപ്യൂട്ടി മിഷന്‍ ഡയറക്ടര്‍ ശ്രീ ലുഖ്മാനുമായും സംസാരിച്ചു. ശുദ്ധജലവിതരണ പദ്ധതിയുടെ മുഴുവന്‍ തലങ്ങളില്‍പോലും കേന്ദ്രഗവണ്മെന്റ് ധനസഹായമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“പദ്ധതിയുടെ ഭാഗമായുള്ള ജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണചെലവിന്റെ പകുതി മാത്രമാണ് കേന്ദ്രവിഹിതം. പൈപ്പ്ലൈന്‍ ഉള്‍പ്പെടെ മറ്റ് ചെലവുകളെല്ലാം കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. അമൃത് ആദ്യഘട്ടത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ പകുതിയിലേറെ ധനവിനിയോഗവും ഒപ്പം പദ്ധതിനടത്തിപ്പിന്റെ ഉത്തരവാദിത്തവും പൂര്‍ണമായും നിറവേറ്റിയത് സംസ്ഥാന സര്‍ക്കാറും കേരള വാട്ടര്‍ അതോറിറ്റിയുമാണ്.”

ഇതോടെ ഗുരുവായൂര്‍ ശുദ്ധജലവിതരണ പദ്ധതി പൂര്‍ണമായും കേന്ദ്രപദ്ധതിയാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.


Conclusion:

ഗുരുവായൂരിലെ ശുദ്ധജല വിതരണ പദ്ധതി അമൃത് സ്കീമിന് കീഴില്‍ നടപ്പാക്കിയതാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ കൂടി തുല്യ പങ്കാളിത്തത്തോടെയാണ്ല പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അമൃത് എന്ന് വ്യക്തതയില്ലാതെ എഴുതിയിട്ടില്ലെന്നും ഉപയോഗിച്ചിരിക്കുന്നത് കേന്ദ്രപദ്ധതിയുടെ ഔദ്യോഗിക ലോഗോ ആണെന്നും ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.

Claim Review:Guruvayur Drinking Water project is completely funded by central government and state has not given AMRUT project title clearly in the poster
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story