ക്ഷേത്രങ്ങളില്‍ മറ്റ് ആരാധനാലയങ്ങളെക്കാള്‍ കൂടിയ വൈദ്യുതിനിരക്കോ? പ്രചരിക്കുന്ന സന്ദേശത്തിലെ വസ്തുതയെന്ത്?
മുസ്ലിം - ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലെ നിരക്കിനെ അപേക്ഷിച്ച് ക്ഷേത്രങ്ങളില്‍ വൈദ്യുതിനിരക്ക് കൂടുതലാണെന്ന് അവകാശപ്പെടുന്ന സന്ദേശത്തില്‍ മുസ്ലിം പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതായും ആരോപിക്കുന്നു.
By - HABEEB RAHMAN YP | Published on 19 Oct 2022 10:32 PM IST
ക്ഷേത്രങ്ങളില്‍ മറ്റ് ആരാധനാലയങ്ങളിലേതിനെക്കാള്‍ ഉയര്‍ന്ന വൈദ്യുതിനിരക്കാണ് ഈടാക്കുന്നതെന്നും ഇത് മതേതരമെന്ന് അവകാശപ്പെടുന്ന സര്‍ക്കാരിന്‍റെ ഇരട്ടനയം വെളിവാക്കുന്നതാണെന്നും ആരോപിച്ച് ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. Dhruva Keralam എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്നും പങ്കുവെച്ച സന്ദേശം പിന്നീട് നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
വാട്സാപ്പ് ഉള്‍പ്പെടെ മാധ്യമങ്ങളിലും ഇതേ സന്ദേശം പ്രചരിക്കുന്നതായി കണ്ടെത്തി. വൈദ്യുതനിരക്കിന് പുറമെ മുസ്ലിം ആരാധനാലയങ്ങളിലെ പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതായും സന്ദേശത്തില്‍ ആരോപിക്കുന്നു.
Fact-check:
വിചിത്രമായ പരിഹാസം എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന സന്ദേശത്തില്‍ പ്രധാനമായും പറയുന്നത് മുസ്ലിം പള്ളിയിലും ക്രിസ്ത്യന്‍ ദേവാലയങ്ങളിലും വൈദ്യുതിനിരക്ക് യൂണിറ്റിന് ഒരുരൂപ 85 പൈസയാണെന്നും എന്നാല്‍ ക്ഷേത്രത്തിലിത് യൂണിറ്റിന് ഏഴ് രൂപ 85 പൈസയാണെന്നുമാണ്.
സംസ്ഥാനത്ത് ഇക്കഴിഞ്ഞ ജൂണിലാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ ലഭ്യമായി.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ആധികാരികമായ നിരക്കുകളും സ്ലാബുകളും സംബന്ധിച്ച വിവരങ്ങള്‍ക്കായി കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു.
2022 ജൂണ്‍ 26 മുതല്‍ 2023 മാര്‍ച്ച് 31 വരെ ബാധകമായ പുതുക്കിയ വൈദ്യുതിനിരക്കും സ്ലാബുകളും അടക്കം വിശദമായ താരിഫ് ഗസറ്റ് വിജ്ഞാപനമായി 2022 ജൂണ്‍ 25ന് പ്രസിദ്ധീകരിച്ചത് വെബ്സൈറ്റില്‍നിന്ന് ലഭ്യമായി.
വിവിധ വിഭാഗങ്ങളില്‍ വരുന്ന ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗ സ്ലാബ് അനുസരിച്ച് യൂണിറ്റ് അടിസ്ഥാനപ്പെടുത്തിയ നിരക്കുകള്‍ വിജ്ഞാപനത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഇപ്രകാരം വിജ്ഞാപനത്തിന്‍റെ 13-ാം പേജില്‍ Low Tension വിഭാഗത്തിലെ ആറാം കാറ്റഗറിയിലാണ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്നത്. LT-VI-A വിഭാഗത്തില്‍ അമ്പലങ്ങളും മുസ്ലിം പള്ളികളും ക്രൈസ്തവ ദേവാലയങ്ങളും മതപഠനശാലകളും ഉള്‍പ്പെടുന്നതായി ഇതില്‍ വ്യക്തമാക്കുന്നു.
ഹൈന്ദവ-ഇതര മത ദേവാലയങ്ങളുടെ വൈദ്യുത നിരക്കുകളില്‍ മാറ്റമില്ലെന്നും എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ ഒരേ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതോടെ വ്യക്തമായി.
രണ്ടാമതായി പരിശോധിച്ചത് പോസ്റ്റില്‍ പറഞ്ഞ നിരക്കുമായി ബന്ധപ്പെട്ടാണ്. മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ പ്രതിമായ നിശ്ചിത തുകയായ 70 രൂപയ്ക്ക് പുറമെ ഉപയോഗത്തിന് ആനുപാതികമായി 500 കിലോവാട്ടിന് താഴെ യൂണിറ്റിന് 5.80 രൂപയും 500 കിലോവാട്ടിന് മുകളില്‍ യൂണിറ്റിന് 6.65 രൂപയുമാണെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
ഇതോടെ പോസ്റ്റില്‍ നല്‍കിയിരിക്കുന്ന തുകയും വസ്തുതാപരമായി തെറ്റാണെന്ന് വ്യക്തമായി.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ പോസ്റ്റിലെ മറ്റൊരു അവകാശവാദവും വിശദമായി പരിശോധിച്ചു. ഇതില്‍ പറയുന്നത് മുസ്ലിം പള്ളിയിലെ പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെന്നാണ്. ഇതുസംബന്ധിച്ച ചോദ്യത്തിന് 2021 ജൂലൈ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ ഉത്തരം പ്രസ്തുത ആരോപണം അടിസ്ഥാനരഹിതമാണെന്ന വ്യക്തമാക്കുന്നു.
കൂടാതെ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ ഇതുമായി ബന്ധപ്പെട്ട് 2021 മെയ് 21 ന് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലും മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ലെന്നും നിലവിലുള്ളത് ക്ഷേമനിധി മാത്രമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ പോസ്റ്റിലെ രണ്ടാമത്തെ അവകാശവാദവും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി.
ക്ഷേത്രങ്ങളില്‍ ഇതര മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച് വൈദ്യുതിനിരക്ക് കൂടുതലാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ പുതുക്കിയ താരിഫ് പ്രകാരം ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ ദേവാലയങ്ങളും മതപഠനശാലകളും LT-VI-A എന്ന ഒരേ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. മുസ്ലിം പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്ന വാദവും വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.