‘ഹ്യുണ്ടായ് നല്‍കുന്ന സൗജന്യ കാര്‍’ - സ്പാം ലിങ്കുകളുമായി വ്യാജസന്ദേശം വീണ്ടും
നേരത്തെ സ്കോഡ, കിയ എന്നീ കമ്പനികളുടെ പേരില്‍ പ്രചരിച്ചതിന് സമാനമായ സ്പാം ലിങ്കുകളാണ് സൗജന്യമായി കാര്‍ നേടാമെന്ന അവകാശവാദവുമായി ഹ്യുണ്ടായ് കേരള എന്ന പേജിലൂടെ പ്രചരിപ്പിക്കുന്നത്.
By - HABEEB RAHMAN YP | Published on 3 April 2023 11:22 AM GMTഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലത്ത് വ്യക്തിഗത വിവരശേഖരണം ലക്ഷ്യമിടുന്ന സ്പാം ലിങ്കുകളെക്കുറിച്ച് അറിയേണ്ടതും ജാഗ്രത പാലിക്കേണ്ടതും അനിവാര്യമാണ്. 2023 ജനുവരിയില്‍ സ്കോഡ, കിയ കമ്പനികള്‍ സൗജ്യനമായി കാര്‍ നല്‍കുന്നുവെന്ന അവകാശവാദത്തോടെ ഇത്തരം ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരവധി പേര്‍ ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് ഈ ലിങ്കുകളില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ന്യൂസ്മീറ്റര്‍ അന്ന് നടത്തിയ വസ്തുതാ പരിശോധന ഇവിടെ വായിക്കാം
ഇതിന് സമാനമായാണ് ഹ്യുണ്ടായ് കേരളം എന്ന ഫെയ്സ്ബുക്ക് പേജില്‍ സൗജന്യ കാര്‍ എന്ന അവകാശവാദവും സ്പാം ലിങ്കും പ്രചരിക്കുന്നത്.
പോസ്റ്റില്‍ നല്കിയിരിക്കുന്ന ഒന്നു മുതല്‍ 12 വരെ നമ്പറുകളില്‍ ഭാഗ്യനമ്പര്‍ കമന്‍റ് ചെയ്യാനും പോസ്റ്റ് പങ്കിടാനുമാണ് നിര്‍ദേശം. മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായി “രജിസ്റ്റര്‍ ചെയ്യാനുള്ള‘ ലിങ്ക് നേരിട്ട് പോസ്റ്റില്‍ നല്‍കുന്നതിന് പകരം Sign Up ബട്ടണ്‍ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കമന്‍റ് ചെയ്യുന്നവരോട് ഈ ബട്ടണ്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം പരിശോധിച്ചു. മലയാളത്തിലാണെങ്കിലും ഘടനാപരമായ തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടതോടെ ഇത് വ്യാജ പേജാകാമെന്ന സൂചനയായി. കൂടാതെ Hyundai Kerala എന്ന ഈ പേജ് വെരിഫൈഡ് അല്ല എന്നതും പേജ് തുടങ്ങിയത് 2023 ജനുവരി 26ന് ആണെന്നും വ്യക്തമായി. (ഇതേ ദിവസങ്ങളിലാണ് സ്കോഡ, കിയ തുടങ്ങിയ കമ്പനികളുടെ പേരിലും വ്യാജ പേജുകള്‍ ആരംഭിച്ചത്).
തുടര്‍ന്ന് ‘ഹ്യുണ്ടായ് ഇന്ത്യ” യുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു. ഇതില്‍ ഇത്തരത്തില്‍ യാതൊരു അറിയിപ്പും കണ്ടെത്താനായില്ല.
ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ലിങ്ക് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്പാം ആണെന്നും ഉറപ്പിക്കാനായി.
എന്താണ് Spam?
പരസ്യം അല്ലെങ്കില്‍ വിവര ശേഖരണം ലക്ഷ്യമിട്ട് നിരവധി പേര്‍ക്ക് ഒരുമിച്ച് അയക്കുന്ന സന്ദേശങ്ങളാണ് Spam സന്ദേശങ്ങള്‍. വിവിധ ഘട്ടങ്ങളില്‍ ഓണ്‍ലൈനിലോ അല്ലാതെയോ ശേഖരിക്കുന്ന ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങിയവ വഴി സ്പാം സന്ദേശങ്ങള്‍ ലഭിക്കാം. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് വിവിധ വെബ്സൈറ്റുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ലിങ്കുകളും ഇത്തരത്തില്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള നിര്‍ദേശം ലഭിക്കുകയും ഓണ്‍ലൈന്‍ വഴി വിവരശേഖരണം നടത്തുകയും ചെയ്യുന്നു. പരസ്യ-വിപണി തലങ്ങള്‍ക്കുപുറമെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും Spam സന്ദേശങ്ങളും ലിങ്കുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ലിങ്ക് സ്പാം ആണെന്ന് ഉറപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനായി പേജിലെ കമന്‍റുകളില്‍ നിര്‍ദേശിച്ചതുപോലെ Sign Up ബട്ടണ്‍ (ചില സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതിന് ശേഷം) ക്ലിക്ക് ചെയ്തു. ഇത് റീഡയറക്ട് ചെയ്ത URL ല്‍നിന്നുതന്നെ വ്യാജമായി നിര്‍മിച്ച ബ്ലോഗാണെന്ന് വ്യക്തമായി.
മാത്രവുമല്ല, ഈ ബ്ലോഗ് പേജിനകത്ത് നല്‍കിയിരിക്കുന്ന ഉള്ളടക്കവും വെബ്സൈറ്റ് വ്യാജമാണെന്നതിന്‍റെ സൂചനകള്‍ നല്‍കുന്നു.
പേജില്‍ താഴെ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്സൈറ്റിലേക്കാണ് പോവുക. Research On Mobile (ROM) എന്ന ഈ വെബ്സൈറ്റ് വിവിധ തലങ്ങളിലെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായി.
ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സമ്മാനം നേടാമെന്ന സന്ദേശത്തോടെ ഒരു വിന്‍ഡോ കാണാം. തുടരുന്നതോടെ അവരുടെ Terms & Conditions, Privacy Policy എന്നിവ നാം അംഗീകരിക്കുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഈ Terms & Conditions, Privacy Policy എന്നിവ വിശദമായി പരിശോധിച്ചു.
ഉപയോഗിക്കുന്ന ഡിവൈസിലെ വിവിധ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഇത്തരിത്തിലുള്ള വിവരങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലും ഇതൊരു സ്പാം ആണെന്ന് ബോധ്യപ്പെട്ടതിനാലും വസ്തുതാ പരിശോധന ഇവിടെ അവസാനിപ്പിക്കുന്നു.
ഇത്തരത്തില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ പ്രതികരിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കേരള പൊലീസ് സൈബര്‍ഡോം വിഭാഗം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
നിങ്ങള്‍ക്ക് ചെയ്യാനാവുന്നത്:
ഇത്തരം പേജുകളിലൂടെ സന്ദേശങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും ചിലത് ചെയ്യാനുണ്ട്. Spam ഉള്‍പ്പെടെ ഫെയ്സ്ബുക്കിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്ന പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ഉപയോക്താവിനുമാകും. ഇതിനായി പേജിന്‍റെ Transparency ഓപ്ഷന്‍ ഓപ്പണ്‍ ചെയ്ത ശേഷം Find support or Report Page എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
ഇതിന് ശേഷം വരുന്ന വിന്‍ഡോയില്‍ കാരണം തെരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ പ്രക്രിയ പൂര്‍ത്തിയാവും. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ചെയ്യുന്നതോടെ ഫെയ്സ്ബുക്ക് ഇത്തരം പേജുകളെ റദ്ദാക്കും.
Conclusion:
ഹ്യുണ്ടായ് സൗജന്യമായി കാറുകള്‍ നല്‍കുന്നു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ ലക്ഷ്യമിടുന്ന സംഘമാകാം ഇതിന് പിന്നിലെന്ന് അനുമാനിക്കാം.