തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 7800 കിലോ ശുദ്ധമായ സ്വര്‍ണത്തില്‍ 7,80,000 വജ്രങ്ങളുപയോഗിച്ച് നിര്‍മിച്ച 3000 വര്‍ഷം പഴക്കമുള്ള വിഗ്രഹമെന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. വിഗ്രഹത്തിന്റെ മൂല്യം അനേകായിരം ലക്ഷം കോടിയാണെന്നും ഋഷിമാര്‍ക്കും ആധുനിക വിദഗ്ധര്‍ക്കും ഇത് കണക്കാക്കാനാവില്ലെന്നും വീഡിയോയ്ക്കൊപ്പം നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹൈദരാബാദിലെ ഒരു സ്വകാര്യ ജ്വല്ലറി ഗ്രൂപ്പ് 2023-ല്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ദൃശ്യമാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ഭാഗമായി കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. 2023 ഓഗസ്റ്റ് 5ന് ANI നല്‍കിയ വാര്‍ത്തയ്ക്കൊപ്പമുള്ള ചിത്രത്തില്‍ പ്രചരിക്കുന്ന വീഡിയോയിലേതിന് സമാനമായ ഒരു വിഗ്രഹം കാണാം.
ഹൈദരാബാദിലെ ശിവനാരായണ്‍ ജ്വല്ലറി ഗ്രൂപ്പ് തിരുവനന്തപുരത്തെ ഭീമ ജ്വല്ലറി ചെയര്‍മാന് കൈമാറിയ ഈ വിഗ്രഹം ഇന്ത്യ രാജ്യാന്തര ജ്വല്ലറി ഷോയില്‍ പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2.8 കിലോഗ്രാം ഭാരമുള്ള ഈ വിഗ്രഹം ഗിന്നസ് ബുക്കില്‍ ഇടം നേടിയതായും റിപ്പോര്‍ട്ടിലുണ്ട്. വിഗ്രഹത്തിലുപയോഗിച്ച 75,000-ത്തിലധികം വജ്രക്കല്ലുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയ വിവരങ്ങള്‍. 7500 കിലോ ശുദ്ധസ്വര്‍ണത്തില്‍ നിര്‍മിച്ചുവെന്ന അവകാശവാദവും എട്ടുലക്ഷത്തോളം വജ്രക്കല്ലുകളുപയോഗിച്ചുവെന്ന അവകാശവാദവുമെല്ലാം റിപ്പോര്‍ട്ട് പ്രകാരം തെറ്റാണ്.
സ്ഥിരീകരണത്തിനായി കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഇതോടെ PTI വാര്‍ത്താ ഏജന്‍സി യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ റിപ്പോര്‍ട്ട് ലഭിച്ചു. പ്രചരിക്കുന്ന വീഡിയോയിലെ വിഗ്രഹത്തെ കൂടുതല്‍ വ്യക്തമായി ഈ വീഡിയോയില്‍ കാണാം.
ഗിന്നസ് റെക്കോഡിന് വേണ്ടി നിര്‍മിച്ച ഈ വിഗ്രഹത്തെക്കുറിച്ച് ANI റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളെ ഈ റിപ്പോര്‍ട്ടും സാധൂകരിക്കുന്നു. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഏറെക്കുറെ വ്യക്തമായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൈദരാബാദിലെ ശിവനാരായണ്‍ ജ്വല്ലറിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. 2023 ഓഗസ്റ്റ് നാലിന് പങ്കുവെച്ച വീഡിയോയ്ക്കൊപ്പം വിശദമായ വിവരണവും നല്‍കിയിട്ടുണ്ട്.
ഭീമ ഗ്രൂപ്പ് ചെയര്‍മാനുവേണ്ടിയാണ് വിഗ്രഹം നിര്‍മിച്ചതെന്നും ഗിന്നസ് ബുക്ക് റെക്കോഡാണ് ലക്ഷ്യമെന്നും ഇതില്‍ വ്യക്തമാക്കുന്നു. എട്ട് ഇഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുള്ള വിഗ്രഹം രണ്ട് മാസക്കാലം പ്രതിദിനം 16 മണിക്കൂര്‍വീതം 32 പേര്‍ ജോലി ചെയ്താണ് പൂര്‍ത്തീകരിച്ചതെന്നും 2.8 കിലോഗ്രാം ഭാരംവരുന്ന വിഗ്രഹത്തില്‍ 75000 വജ്രക്കല്ലുകളുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് ഗിന്നസ് ബുക്ക് റെക്കോഡിലെ വിവരങ്ങള്‍ പരിശോധിച്ചതോടെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായി. ഏറ്റവുമധികം വജ്രക്കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച വിഗ്രഹമെന്ന വിഭാഗത്തിലാണ് റെക്കോഡ്.
വിഗ്രഹത്തിന് പത്മനാഭ സ്വാമി ക്ഷേത്രവുമായി നേരിട്ട് ബന്ധമില്ലെന്ന് ക്ഷേത്ര അധികൃതരും വ്യക്തമാക്കി. ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവകാശവാദങ്ങള്‍ തെറ്റാണെന്നും വ്യക്തമായി.
Conclusion:
തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 7500 കിലോ ശുദ്ധമായ സ്വര്‍ണത്തില്‍ നിര്‍മിച്ച വിഗ്രഹത്തിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്നസ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഹൈദരാബാദിലെ ഒരു സ്വകാര്യ ജ്വല്ലറി ഗ്രൂപ്പ് ഗിന്നസ് ബുക്ക് റെക്കോഡിനായി നിര്‍മിച്ച ഈ വിഗ്രഹത്തിന് പത്മനാഭസ്വാമി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല.