ദേശീയപതാകയെ കേരളത്തില്‍ അപമാനിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. റോഡില്‍ വിരിച്ച പതാകയിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്ന ദൃശ്യങ്ങളാണ് കേരളത്തിലേതെന്ന സൂചനയോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. നാലുമിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പതാകയിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുന്നതായി കാണാം.
ദൃശ്യങ്ങള്‍ കേരളത്തിലേതാണെന്ന അവകാശവാദത്തോടെ നിരവധി പേരാണ് ഫെയസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും നാലുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ വീഡിയോ പാക്കിസ്ഥാനില്‍നിന്നുള്ളതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. ഇതോടെ ദൃശ്യങ്ങള്‍ കേരളത്തിലേതല്ലെന്നതിന് നിരവധി സൂചനകള്‍ ലഭിച്ചു.
വീഡിയോയുടെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ പതാകകള്‍ കാണാം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാകയോട് സാദൃശ്യമുണ്ടെങ്കിലും വെള്ളയും പച്ചയും ചേര്‍ന്ന ഈ കൊടി പാക്കിസ്ഥാന്റെ ഔദ്യോഗിക പതാകയാണ്. ഇത് ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലേതാകാമെന്ന ആദ്യസൂചനയായി.
രണ്ടാമതായി വീഡിയോയില്‍ പതാകയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങളെ നിരീക്ഷിച്ചു. ഇതിലൊരു വാഹനത്തില്‍ PTCL എന്ന ലോഗോ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇത് പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ലോഗോയാണെന്ന് വ്യക്തമായി. ഇതും ദൃശ്യങ്ങള്‍ പാക്കിസ്ഥാനിലേതാകാമെന്ന സൂചന നല്‍കി.
മറ്റൊരു വാഹനത്തിന്റെ വശത്തായി The Hunar Foundation എന്ന് എഴുതിയതായി കാണാം. ഇത് പാക്കിസ്ഥാനിലെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സമാനമായി മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ BFK-625 എന്ന് രേഖപ്പെടുത്തിയതായി കാണാം. ഇത് പരിശോധിച്ചതോടെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ വാഹന രജിസ്ട്രേഷന്‍ ആണെന്ന് വ്യക്തമായി.
ഇതോടെ ദൃശ്യങ്ങള്‍ പാക്കിസ്ഥാനില്‍നിന്നുള്ളതാണെന്ന് ഏറെക്കുറെ സ്ഥിരീകരിക്കാനായി. ഏറ്റവുമൊടുവില്‍ ദൃശ്യങ്ങളുടെ ആദ്യഭാഗത്ത് കാണുന്ന Sanam Boutique എന്ന സ്ഥാപനവും സിന്ധ് എന്ന പ്രദേശവും ചേര്‍ത്ത് ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് പരിശോധിച്ചതോടെ ഇത് പാക്കിസ്ഥാനിലെ കറാച്ചിയ്ക്കടുത്ത് സിന്ധ് പ്രദേശത്ത് നടന്ന സംഭവമാണന്ന് വ്യക്തമായി. ദൃശ്യങ്ങളിലെ മറ്റ് കെട്ടിട സമുച്ചയങ്ങളും ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവിലെ കെട്ടിടങ്ങളും ഇത് സ്ഥിരീകരിക്കുന്നു.
ഇതോടെ ദൃശ്യങ്ങള്‍ക്ക് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും നാല് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും വ്യക്തമായി.
Conclusion:
ദേശീയ പതാകയെ റോഡില്‍ അപമാനിക്കുന്ന ദൃശ്യങ്ങളെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ കേരളത്തില്‍നിന്നുള്ളതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2020ലോ അതിനു മുന്‍പോ പ്രചാരത്തിലുള്ള ഈ വീഡിയോ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ളതാണ്.