ഗുരുവായൂരിലെ സുരക്ഷാ പരിശോധനയില്‍ മതവിവേചനമോ? മമ്മൂട്ടിയെ ‘മാത്രം’ പരിശോധിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ ചലചിത്ര താരങ്ങള്‍ വിവാഹവേദിയിലേക്ക് പ്രവേശിക്കവെ മമ്മൂട്ടിയെ മാത്രം ദേഹപരിശോധന നടത്തിയെന്നും ഇത് അദ്ദേഹത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള അവകാശവാദവുമായാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  18 Jan 2024 6:18 PM GMT
ഗുരുവായൂരിലെ സുരക്ഷാ പരിശോധനയില്‍ മതവിവേചനമോ? മമ്മൂട്ടിയെ ‘മാത്രം’ പരിശോധിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം

‌ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത സുരേഷ് ഗോപിയുടെ മകളുടെ വിവാഹവേളയില്‍ നടന്ന സുരക്ഷാപരിശോധനയില്‍ മതവിവേചനമെന്ന് പ്രചാരണം. സുരക്ഷാ ഉദ്യോഗസ്ഥന്‍ നടന്‍ മമ്മൂട്ടിയെ ദേഹപരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പ്രചാരണം. ഇതേ വീഡിയോയില്‍ മോഹന്‍ലാല്‍ ദേഹപരിശോധനയ്ക്ക് വിധേയനാകാതെ കടന്നുപോകുന്നതും കാണാം. മതസ്പര്‍ധ പടര്‍ത്തുന്ന അടിക്കുറിപ്പുകളോടെയാണ് പലരും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.




അതേസമയം മോഹന്‍ലാലിന് ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ളതിനാലാണ് പരിശോധനയില്‍നിന്ന് ഒഴിവാക്കപ്പെട്ടതെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്.

Fact-check:

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. വീഡിയോയിലേത് തുടര്‍ച്ചയായ ദൃശ്യങ്ങളല്ലെന്ന് കാണാം. ചെറിയ ഇടവേളയിലെടുത്ത ദൃശ്യങ്ങളോ തുടര്‍ച്ചയായ വീഡിയോയിലെ എഡിറ്റ് ചെയ്ത ദൃശ്യങ്ങളോ ആണിതെന്ന് വ്യക്തമായി.



വീഡിയോയുടെ താഴെ Alwin Dreampictures എന്ന വാട്ടര്‍മാര്‍ക്ക് കാണാം. ഇത് ഫെയ്സ്ബുക്കില്‍ പരിശോധിച്ചതോടെ തൃശൂര്‍ സ്വദേശിയായ ആല്‍വിന്‍ തോമസാണ് വീഡിയോ പകര്‍ത്തിയതെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടതോടെ വീഡിയോ ഷൂട്ട് ചെയ്തത് അദ്ദേഹമാണെന്ന് സ്ഥിരീകരിക്കാനായി. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

“വീഡിയോ ഫോണില്‍ ചിത്രീകരിച്ചത് ഞാനാണ്. എന്നാല്‍ ആ വീഡിയോ ഉപയോഗിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. മതപരമായ വേര്‍തിരിവൊന്നും സുരക്ഷാ പരിശോധനയില്‍ ഉണ്ടായിരുന്നില്ല. വാഹനമിറങ്ങി പ്രമുഖ ചലചിത്രതാരങ്ങളെല്ലാം ഒരുമിച്ചാണ് നടന്നുവന്നത്. എല്ലാവരും സുരക്ഷാ ഗേറ്റ് കടന്നുതന്നെയാണ് മുന്നോട്ട് പോയത്. മോഹന്‍ലാലിനെ ഉദ്യോഗസ്ഥന്‍ ഫ്രിസ്കിങ് ഡിവൈസ് ഉപയോഗിച്ച് ദേഹപരിശോധന നടത്തിയിട്ടില്ലെന്നത് വാസ്തവമാണ്. എന്നാല്‍ മമ്മൂട്ടിയെ മാത്രമാണ് ദേഹപരിശോധന നടത്തിയതെന്നും അത് മതപരമാണെന്നും പറയാന്‍ കഴിയില്ല. കാരണം സുരേഷ്ഗോപിയെ ഉള്‍പ്പെടെ നിരവധി പേരെ ഇത്തരത്തില്‍ ദേഹപരിശോധന നടത്തുന്നത് ഞാന്‍ കണ്ടതാണ്. മാത്രവുമല്ല, ഈയൊരു ഗേറ്റ് ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ഏറ്റവും പുറത്തെ ഗേറ്റാണ്. ഇതുകഴിഞ്ഞ് വീണ്ടും സുരക്ഷാ പരിശോധനകളുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് കേരള പൊലീസ് ആണെന്നാണ് കരുതുന്നത്. മണ്ഡപത്തോട് ചേര്‍ന്നുള്ള പരിശോധനയില്‍ എസ്പിജി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.”

അദ്ദേഹം പറഞ്ഞ പ്രകാരം സുരേഷ് ഗോപിയെ ഉള്‍പ്പെടെ ഇതേ ഉദ്യോഗസ്ഥന്‍ വിശദമായ ദേഹപരിശോധന നടത്തുന്ന ദൃശ്യങ്ങളും ലഭ്യമായി. ഇതോടെ പരിശോധനയ്ക്ക് മതപരമായ മാനങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിക്കാനായി.


തുടര്‍ന്ന് മോഹന്‍ലാലിനെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണമന്വേഷിച്ചു. അദ്ദേഹത്തിന്റെ ലെഫ്റ്റനന്‍റ് കേണല്‍ പദവിയാണോ ഇതിന് ആധാരമെന്നാണ് ആദ്യം പരിശോധിച്ചത്. ഇതിനായി ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ:

“പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയിലെ സുരക്ഷാ പരിശോധനയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ളവരെ ഒഴിവാക്കാന്‍ ചട്ടമില്ല. ഇത്തരം പരിപാടികളിലെ സുരക്ഷ നിയന്ത്രിക്കുന്നത് SPG യുടെ നേതൃത്വത്തിലാണ്. പാര്‍ലമെന്റിന് പുറത്ത് കേന്ദ്രമന്ത്രിമാര്‍ പോലും പരിശോധനയ്ക്ക് വിധേയരാകണം എന്നതാണ് ചട്ടം. SPG യെ കൂടാതെ അതത് സംസ്ഥാന പൊലീസിന്റെ ആദ്യഘട്ട പരിശോധനയുമുണ്ടാകും. വീഡിയോയില്‍ കാണുന്നത് കേരള പൊലീസാകാനാണ് സാധ്യത. സാധാരണഗതിയില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഗേറ്റ് വഴി കടന്നുവരുന്നവരെ ഫ്രിസ്കിങ് ഡിവൈസ് ഉപയോഗിച്ച് ദേഹപരിശോധന നടത്തണമെന്ന് നിര്‍ബന്ധമില്ല. ഗേറ്റിലൂടെ കടന്നുവരുമ്പോള്‍തന്നെ ലോഹം ദേഹത്തുണ്ടെങ്കില്‍ അലാം ശബ്ദമുണ്ടാകും. പിന്നീട് ഇത് കൃത്യമായി കണ്ടെത്താനാണ് വിശദമായ ദേഹപരിശോധന നടത്തുന്നത്. ഗേറ്റിലൂടെ കടന്നുവന്നയാളെ ദേഹപരിശോധന നടത്തണോ എന്നത് അവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ തീരുമാനമാണ്. ദൃശ്യത്തില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. ഈ പരിശോധനയ്ക്ക് ശേഷം SPG ഉദ്യോഗസ്ഥരുടെ പരിശോധന വേറെയും നടന്നിരിക്കണം.”

CRPF ലെ മുതിര്‍ന്ന ചില ഉദ്യോഗസ്ഥരും സമാന മറുപടിയാണ് നല്‍കിയത്.

ഇതോടെ നിര്‍ബന്ധിതമായ ദേഹപരിശോധനയില്‍നിന്നല്ല മോഹന്‍ലാല്‍ ഒഴിവാക്കപ്പെട്ടതെന്നും അത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ തീരുമാനമാണെന്നും വ്യക്തമായി. സുരേഷ്ഗോപിയെ ഉള്‍പ്പെടെ അദ്ദേഹം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായതിനാല്‍ ഇതില്‍ മതപരമായ യാതൊന്നും ഇല്ലെന്നും വ്യക്തം.

തുടര്‍ന്ന് ദൃശ്യങ്ങളില്‍ കാണുന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനായി കേരള പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:

“കേരള പൊലീസിന്റെ സുരക്ഷാ പരിശോധനയില്‍ സുരക്ഷാ ഗേറ്റ് കടന്നുവരുന്നവരെ ഫ്രിസ്കിങ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. അസ്വാഭാവികമായി എന്തെങ്കിലും തോന്നുകയാണെങ്കിലാണ് യഥാര്‍ത്ഥത്തില്‍ ഇത് ചെയ്യേണ്ടത്. പക്ഷേ പൊതുവെ എല്ലായിടത്തും സൂക്ഷ്മപരിശോധന എന്നതരത്തില്‍ ഇങ്ങനെ ചെയ്യാറുണ്ട്. അത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ തീരുമാനമാണ്.”

ഇതോടെ പ്രചരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

(ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെയോ ഗുരുവായൂരില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയോ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നമുറയ്ക്ക് അവ ചേര്‍ക്കുന്നതാണ്.)

Update: 19/01/2024 | 11.30pm

ഗുരുവായൂരില്‍ സുരക്ഷാ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ സാധിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരിചയക്കുറവാകാം ഇത്തരത്തില്‍ മോഹന്‍ലാലിനെ ഫ്രിസ്കിങില്‍നിന്ന് ഒഴിവാക്കാന്‍ കാരണമെന്നും ഇത് തീര്‍ത്തും വ്യക്തിപരമാണെന്നും അവര്‍ വിശദീകരിച്ചു. ഇതില്‍ മതപരമോ സാമുദായികമോ ആയി യാതൊന്നുമില്ലെന്നും വ്യക്തിപരമായി സംഭവിച്ച വീഴ്ചയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


Conclusion:

ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ചലചിത്രതാരങ്ങളില്‍ മമ്മൂട്ടിയെ മാത്രം ദേഹപരിശോധന നടത്തിയെന്നും ഇത് അദ്ദേഹത്തിന്റെ മതപശ്ചാത്തലംകൊണ്ടാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. സുരക്ഷാഗേറ്റിലൂടെയാണ് മോഹന്‍ലാല്‍ അടക്കം എല്ലാവരും കടന്നുപോയതെന്നും സുരേഷ്ഗോപി ഉള്‍പ്പെടെ നിരവധി താരങ്ങളെ വിശദമായ ദേഹപരിശോധന നടത്തിയിട്ടുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഗേറ്റ് കടന്നുവരുന്നവരെ ദേഹപരിശോധന നടത്തണോ എന്നത് ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനമാണെന്നും വീഡിയോയില്‍ നിര്‍ബന്ധിത പരിശോധനകളില്‍നിന്ന് മോഹന്‍ലാല്‍ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു.

Claim Review:Mammootty alone underwent frisking at Guruvayur Temple during Prime Minister's event due to his religious affiliation
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story