2017 മാര്‍ച്ച് 21 നടന്ന കാസര്‍കോട്ടെ റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഏഴു വര്‍ഷത്തിന് ശേഷമാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. പ്രതികളെയെല്ലാം വെറുതെവിട്ട കോടതിവിധിയ്ക്കെതിരെ രാഷ്ട്രീയ - സാമുദായിക സംഘടനകളെല്ലാം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രോസിക്യൂഷന്റെയും പൊലീസിന്റെയും പരാജയമാണ് വിധിയ്ക്ക് കാരണമെന്ന തരത്തില്‍ ആരോപണങ്ങളുമുയര്‍ന്നു. തുടര്‍ന്ന് വിധിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
കേസ് സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തുവെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. SKSSF ഉള്‍പ്പെടെ വിദ്യാര്‍ത്ഥിസംഘടനകളും വിധിയ്ക്കെതിരെ രംഗത്തുവന്നിരുന്നു. കോടതിയുടേത് ബാലിശമായ വാദങ്ങളെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണം.
ഇതിനിടെയാണ് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിഷയത്തില്‍ സര്‍ക്കാറിനെ പ്രശംസിച്ച് രംഗത്തെത്തിയതായി പ്രചാരണം. ‘റിയാസ് മൗലവി വിധിയില്‍ സര്‍ക്കാര്‍ നല്ലരീതിയില്‍ ഇടപെട്ടു’ എന്ന വിവരണത്തോടെയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡാണ് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive1, Archive 2, Archive 3)
പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നല്ലരീതിയില്‍ ഇടപെട്ടുവെന്ന തരത്തില്‍ സര്‍ക്കാറിനെതിരായ വിവരണവുമായും ഇതേ കാര്‍ഡ് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
Fact-check:
പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്നും ഈ വിഷയത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരണം നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. കാര്‍ഡിലെ ആദ്യ വാചകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റിന്റെ യഥാര്‍ത്ഥ ഫോണ്ടില്‍നിന്ന് വ്യത്യസ്തമായത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ ഏഷ്യാനെറ്റിന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ പരിശോധിച്ചു. ഇത്തരത്തിലൊരു കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ തിയതി ഉള്‍പ്പെടെ എഡിറ്റ് ചെയ്താകാം കാര്‍ഡ് തയ്യാറാക്കിയതെന്ന സൂചന ലഭിച്ചു.
വിശദമായ പരിശോധനയില്‍ കാര്‍ഡില്‍ പശ്ചാത്തലത്തിലുപയോഗിച്ചിരിക്കുന്ന ചിത്രം സംശയമുളവാക്കി. തുടര്‍ന്ന് കാര്‍ഡിലെ വാക്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ നടത്തിയ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ 2023 ഒക്ടോബര്‍ 31ന് പങ്കുവെച്ച വാര്‍ത്താ കാര്‍ഡാണിത്. (Archive)
കാര്‍ഡില്‍ ‘കളമശ്ശേരി സ്ഫോടനം’ എന്ന് നല്‍കിയിരിക്കുന്ന ഭാഗത്ത് ‘റിയാസ് മൗലവി വിധി’ എന്ന് എഡിറ്റ് ചെയ്ത് ചേര്‍ത്ത് തിയതിയില്‍ മാറ്റം വരുത്തിയാണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
കളമശ്ശേരി സ്ഫോടനത്തില്‍ വിഷയം വര്‍ഗീയവല്‍ക്കരിക്കാതെ സര്‍ക്കാര്‍ നല്ലരീതിയില്‍ ഇടപെട്ടുവെന്നായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. ഇത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിശദമായ വാര്‍ത്തയായും നല്‍കിയിട്ടുണ്ട്.
കൂടാതെ അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏഷ്യനെറ്റ്ന്യൂസ് യൂട്യൂബ് ചാനലിലും പങ്കുവെച്ചിട്ടുണ്ട്.
Conclusion:
റിയാസ് മൗലവി വധക്കേസ് വിധിയില്‍ സര്‍ക്കാര്‍ നല്ലരിതീയില്‍ ഇടപെട്ടുവെന്ന തരത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരണം നടത്തിയിട്ടില്ലെന്നും ഇത്തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമായി എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.