ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ഇതിനകം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുവെങ്കിലും വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ് രാജ്യം. കേരളത്തില്‍ പ്രധാന മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. യുഡിഎഫിനൊപ്പം നില്‍ക്കുന്ന സമസ്ത വിഭാഗത്തിന്റെ സ്വാധീനവും വലുതാണ്. സമസ്തയില്‍ ഈയിടെയുണ്ടായ ആഭ്യന്തര തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമസ്ത നേതാവ് ജിഫ്രി തങ്ങളുടേതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസ ജയിച്ചാല്‍ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം. (Archive)
ജിഫ്രി തങ്ങളുടെ ഫോട്ടോ സഹിതം പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും കാണാം. നിരവധി പേരാണ് ഫെയ്സ്ബുക്കില്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ പൊതുവായ ഫോണ്ട് അല്ലെന്നതാണ് വസ്തുതപരിശോധയിലെ ആദ്യ സൂചനയായത്. തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകളില്‍നിന്ന് യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. (Archive)
സമസ്തയ്ക്ക് സ്വന്തം നയമുണ്ടെന്നും അത് പാരമ്പര്യമായി പിന്തുടരുന്നുവെന്നും സമസ്തയെ പഠിപ്പിക്കാന്‍ മറ്റാരും വരേണ്ടതില്ലെന്നും ജിഫ്രി തങ്ങള്‍ നടത്തിയ പ്രതികരണവുമായി ബന്ധപ്പെട്ടാണ് കാര്‍ഡ്. ഇതില്‍ പ്രധാന ഉള്ളടക്കം നല്‍കിയിരിക്കുന്ന ഭാഗം എഡിറ്റ് ചെയ്ത് പുതിയ ഉള്ളടക്കം ചേര്‍ത്താണ് പ്രചാരണമെന്ന് വ്യക്തമായി.
വയനാട് ജില്ലാ സദർ മുഅല്ലിം സംഗമത്തിൽ പങ്കെടുക്കവെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. സമസ്ത - മുസ്ലിം ലീഗ് പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തെക്കുറിച്ചാണ് വാര്‍ത്തയും ന്യൂസ്കാര്‍ഡും.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. എന്നാല്‍ ഇത്തരത്തില്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ ലഭ്യമായില്ല.
Conclusion:
പൊന്നാനിയില്‍ LDF സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ആഘോഷിക്കരുതെന്ന തരത്തില്‍ പ്രസ്താവന സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നടത്തിയിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. സമസ്തയുമായി ബന്ധപ്പെട്ട പ്രതികരണത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചാരണം.