സ്കൂള്‍ സമയക്രമത്തില്‍ മാറ്റം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ അതിനെ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വാഗതം ചെയ്തതായി പ്രചാരണം. 2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ. എം എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച 'മികവിനുമായുള്ള വിദ്യാഭ്യാസ'മെന്ന റിപ്പോര്‍ട്ടിലാണ് നിര്‍ദേശമുള്ളത്. എന്നാല്‍ സമയമാറ്റം മദ്രസ പഠനത്തെ ബാധിക്കുമെന്നതിനാല്‍ മുസ്ലിം സംഘടനകള്‍ നേരത്തെ ഈ പരിഷ്ക്കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിലവില്‍ സമസ്ത ഇടതുപക്ഷത്തോടടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഈ സമയക്രമത്തെ എതിര്‍ത്ത സമസ്ത ഇപ്പോള്‍ പിണറായിയെ എതിർത്താൽ അവരെ രാഷ്ട്രീയമായി ബാധിക്കുമെന്നതിനാലാണ് അനുകൂലിക്കുന്നതെന്ന അവകാശവാദത്തോടെയാണ് നിരവധി പേര്‍ ഈ കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. സമസ്തയുടെ വയനാട്ടിലേക്കുള്ള ധനസമാഹരണം മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുമെന്നും കാര്‍ഡില്‍ കാണാം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പങ്കുവെച്ചിരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
2024 ജൂലൈ 31 ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് തത്വത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ പ്രാദേശികമായി സമയമാറ്റത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്താമെന്ന് ധാരണയായതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സമയമാറ്റം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും 2024 ഓഗസ്റ്റ് ഒന്നുവരെ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. മാത്രവുമല്ല, വയനാട് മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് വേദിയില്ലെന്നതും പ്രചാരണം വസ്തുതാവിരുദ്ധമാകാമെന്നതിന്റെ സൂചനയായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ പേരൊഴികെയുള്ള ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് വ്യത്യസ്തമാണെന്ന് കണ്ടെത്തി. ഇതോടെ കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന് വ്യക്തമായി.
ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമങ്ങളില്‍ പരിശോധിച്ചതോടെ ഇതോ ഡിസൈനില്‍ പങ്കുവെച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി. 2024 ജൂണ്‍ 26ന് പങ്കുവെച്ച ഈ കാര്‍ഡില്‍ സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമസ്തയുടെ പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രധാനഭാഗത്തെ വാചകങ്ങളും തിയതിയും മാറ്റിയാണ് വ്യാജ കാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
തുടര്‍ന്ന് സമസ്ത ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു. ഔദ്യോഗിക പേജുകളിലോ സമസ്തയുടെ മാധ്യമമായ സുപ്രഭാതത്തിലോ ഇത്തരം പ്രതികരണമൊന്നും കണ്ടെത്താനായില്ല.
Conclusion:
സ്കൂള്‍ സമയത്തിലെ മാറ്റവുമായി ബന്ധപ്പെട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള മന്ത്രിസഭ തീരുമാനത്തെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വാഗതം ചെയ്തുവെന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ സഹിതം പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണ്. മറ്റൊരു സാഹചര്യത്തിലെ അദ്ദേഹത്തിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ കാര്‍ഡിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് ന്യൂസ്മീറ്റര്‍ സ്ഥിരീകരിച്ചു.