‘സൗന്ദര്യമുള്ളവര്‍’ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്നതുള്‍പ്പെടെ ആര്‍എല്‍വി രാമകൃഷ്ണനെതിരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ നര്‍ത്തകിയും അധ്യാപികയും കേരള കലാമണ്ഡലത്തിലെ പൂര്‍വവിദ്യാര്‍ഥിയുമായ സത്യഭാമയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. കേരള കലാമണ്ഡലം ഉള്‍പ്പെടെ അവരെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയെന്ന തരത്തില്‍ വാര്‍ത്താ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ജനം ടിവിയുടെ വെബ്സൈറ്റ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
സമാന അവകാശവാദവുമായി നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് (1,2,3, 4).
Fact-check:
ജനം ഓണ്‍ലൈന്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
‘ബിജെപി ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കലാപ്രതിഭകളെ വളഞ്ഞിട്ട് ആക്രമിക്കുന്നു, സത്യഭാമയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രന്‍’ എന്ന തലക്കെട്ടോടെ ജനം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടെന്ന തരത്തിലാണ് ചിത്രം. പ്രഥമദൃഷ്ട്യാ ചിത്രത്തിലുപയോഗിച്ചിരിക്കുന്ന തലക്കെട്ടിന്റെ ഫോണ്ട് വെബ്സൈറ്റിലെ ഫോണ്ടില്‍നിന്ന് വ്യത്യസ്തമാണന്ന് കാണാം. പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന തിയതിയും സമയവും 2024 മാര്‍ച്ച് 21 വൈകീട്ട് 5:26 ആണ്. തുടര്‍ന്ന് ജനം ഓണ്‍ലൈനില്‍ ഈ തിയതിയിലെ വാര്‍ത്തകള്‍ പരിശോധിച്ചതോടെ സത്യഭാമയെക്കുറിച്ച് നല്‍കിയ മറ്റൊരു വാര്‍ത്ത എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
കേരള കലാമണ്ഡലം സത്യഭാമയെ തള്ളിപ്പറഞ്ഞതുമായി ബന്ധപ്പെട്ട് ജനം ഓണ്‍ലൈന്‍ നല‍്കിയ വാര്‍ത്തയുടെ മൊബൈല്‍ വേര്‍ഷനില്‍ കേരള കലാമണ്ഡലത്തിന്റെ സ്ഥാനത്ത് കെ സുരേന്ദ്രന്റെ ചിത്രം ചേര്‍ക്കുകയും തലക്കെട്ട് എഡിറ്റ് ചെയ്ത് മാറ്റുകയും ചെയ്താണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് കെ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണവും പരിശോധിച്ചു. കലയിൽ ജാതിയോ നിറമോ വേര്‍തിരിവില്ലെന്നും അഹങ്കാരവും അജ്ഞതയും അന്യരെ ആക്ഷേപിക്കാൻ ഉപയോഗിക്കരുതെന്നുമാണ് കെ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ആര്‍ എല്‍ വി രാമകൃഷ്ണണന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം നല്‍കിയ കുറിപ്പ് കാണാം.
ഇതോടെ സത്യഭാമയ്ക്ക് പിന്തുണയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടില്ലെന്ന് വ്യക്തമായി.
Conclusion:
വംശീയ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സത്യഭാമയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണെന്നും കെ സുരേന്ദ്രന്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.