ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും പ്രചാരണങ്ങളും സജീവമാകുകയാണ്. കേരളത്തില്‍ UDF - LDF മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം. ഇതില്‍ ന്യൂനപക്ഷ മുസ്ലിം വോട്ടുകളും ഏറെ നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളിലൊന്നായ കാന്തപുരം വിഭാഗത്തിന്റെ നേതാവും മുതിര്‍ന്ന പണ്ഡിതനുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ UDFന് പിന്തുണ പ്രഖ്യാപിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. (Archive)
പ്രസ്താവനയെ സ്വാഗതം ചെയ്തും വിമര്‍ശിച്ചും നിരവധി പേരാണ് ഈ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check
പ്രചാരണം വാസ്തവവിരുദ്ധമാണെന്നും കാന്തപുരം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.
ലോക്സഭ തിരഞ്ഞെടുപ്പിലെ മുസ്ലിം വോട്ടുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയതങ്ങള്‍ CPIM നെതിരെ എഴുതിയ ലേഖനമെന്ന അവകാശവാദത്തോടെ പ്രചരിച്ച പത്രലേഖനത്തിന്റെ സത്യാവസ്ഥ ന്യൂസ്മീറ്റര്‍ നേരത്തെ വസ്തുത പരിശോധന നടത്തി പ്രസിദ്ധീകരിച്ചിരുന്നു.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ കാന്തപുരത്തിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളാണ് പരിശോധിച്ചത്. CPIMനൊപ്പം നില്‍ക്കുന്ന മുസ്ലിം സമുദായത്തിലെ ഒരു പ്രബല വിഭാഗം UDFന് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് വലിയ വാര്‍ത്തയാകുമെന്നതില്‍ സംശയമില്ല. താരതമ്യേന ചെറുതും സ്വീകാര്യത കുറഞ്ഞതുമായ SDPI യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതുപോലും വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫെയ്സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ പ്രചാരണം തെറ്റാണെന്ന് കാണിച്ച് മര്‍ക്കസിന്റെ വെരിഫൈ ചെയ്ത ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പത്രക്കുറിപ്പ് പങ്കുവെച്ചതായി കണ്ടെത്തി. (Archive)
സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്നും അതുമായി ബന്ധമില്ലെന്നും കാന്തപുരം അറിയിച്ചതായി 2024 ഏപ്രില്‍ 1ന് പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് മര്‍ക്കസിന്റെ PRO-യുമായി ഫോണില്‍ ബന്ധപ്പെട്ടു. പ്രചാരണം വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മര്‍ക്കസ് ഔദ്യോഗികമായി പുറത്തിറക്കിയ വിശദമായ പത്രക്കുറിപ്പും പങ്കുവെച്ചു.
2024 ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇതുവരെ പരസ്യപ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നും ആര്‍ക്കും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
INDIA മുന്നണിയ്ക്ക് കാന്തപുരം ഏതെങ്കിലും ഘട്ടത്തില്‍ പിന്തുണ അറിയിച്ചതായി മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല. അതേസമയം 2024 ഫെബ്രുവരി 22ന് നടന്ന പത്രസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് INDIA മുന്നണിയില്‍ നിരവധി കക്ഷികള്‍ കൊഴിഞ്ഞുപോകുന്നത് ആശങ്കാജനകമാണെന്നും ഇക്കാര്യത്തില്‍ മുന്നണിയുടെ ഭാവി അറിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Update (02 April 2024 8pm):
പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിക്കുന്നതിനായി മര്‍ക്കസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചാരണം. കോണ്‍ഗ്രസിനെ വലിയ ഒറ്റകക്ഷിയാക്കാന്‍ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന് കാന്തപുരം പറഞ്ഞതായാണ് ഔദ്യോഗിക ലെറ്റര്‍പാഡിലെ ഉള്ളടക്കം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. (Archive)
നേരത്തെ തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ലെറ്റര്‍ പാഡിലെ ഉള്ളടക്കം മായ്ച്ച് പകരം വ്യാജ അറിയിപ്പ് എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് മര്‍ക്കസ് PRO ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു.
Conclusion:
ലോക്സഭ തിരഞ്ഞെടുപ്പില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ UDFന് പിന്തുണ പ്രഖ്യാപിച്ചുവെന്ന അവകാശവാദം തെറ്റാണെന്നും അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി. ഇതുസംബന്ധിച്ച് മര്‍ക്കസ് തന്നെ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചതായും കണ്ടെത്തി.