ന്യൂനപക്ഷം CPM നെ വിശ്വസിക്കരുതെന്ന തലക്കെട്ടില്‍ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലേഖനമെഴുതിയതായി പ്രചാരണം. ജിഫ്രി തങ്ങളുടെ ഫോട്ടോയും പേരും സഹിതമുള്ള ലേഖനത്തിന്റെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് പ്രചാരണം (Archive). 2024 മാര്‍ച്ച് 13 ന് സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനമെന്ന തരത്തിലാണ് അവകാശവാദം.
Fact-check:
പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇത്തരത്തിലൊരു ലേഖനം എഴുതിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ആദ്യം 2024 മാര്‍ച്ച് 13 ലെ സുപ്രഭാതം പത്രമാണ് പരിശോധിച്ചത്. പ്രചരിക്കുന്ന സന്ദേശത്തില്‍ അവകാശപ്പെടുന്നതുപോലെ ഇത്തരമൊരു ലേഖനം സുപ്രഭാതം പത്രത്തിന്റെ ഒരു എഡിഷനിലും കണ്ടെത്താനായില്ല. സുപ്രഭാതത്തിന്റെ OPED പേജില്‍ നല്‍കിയിരിക്കുന്നത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ലേഖനമാണ്.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ടിലെ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മാധ്യമം ഓണ്‍ലൈനില്‍ ഇതേ തലക്കെട്ടില്‍ ഒരു അഭിമുഖം കണ്ടെത്തി. സിഎംപി നേതാവ് സി പി ജോണുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഇ. ബഷീര്‍ എഴുതിയ ലേഖനം 2024 മാര്‍ച്ച് 13 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലേഖനം വിശദമായി പരിശോധിച്ചതോടെ പ്രചരിക്കുന്ന പത്രലേഖനത്തിന്റെ അതേ ഉള്ളടക്കമാണ് ഇതിലുള്ളതെന്ന് വ്യക്തമായി.
പ്രചരിക്കുന്നത് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച സിപി ജോണിന്റെ അഭിമുഖമായിരിക്കാമെന്ന സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാധ്യമം ഇ-പേപ്പര്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന പത്രലേഖനം അതേ ലേ-ഔട്ടില്‍ മാധ്യമം ദിനപത്രത്തിന്റെ OPED പേജില്‍ 2024 മാര്‍ച്ച് 13 ന് പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
ഇതോടെ ഈ ലേഖനത്തിന്റെ സ്ക്രീന്‍ഷോട്ടില്‍ സി പി ജോണിന്റെ പേരും ചിത്രവും മാറ്റി പകരം ജിഫ്രി തങ്ങളുടെ പേരും ചിത്രവും ചേര്‍ത്താണ് പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.
Conclusion:
ന്യൂനപക്ഷം CPM നെ വിശ്വസിക്കരുതെന്ന തലക്കെട്ടില്‍ സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സുപ്രഭാതം പത്രത്തില്‍ ലേഖനമെഴുതിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച CMP നേതാവ് സി പി ജോണിന്റെ അഭിമുഖത്തിലെ ചിത്രവും പേരും എഡിറ്റ് ചെയ്താണ് വ്യാജപ്രചാരണമെന്ന് സ്ഥിരീകരിച്ചു.