മദ്യം വീട്ടിലെത്തിച്ചുനല്‍കാന്‍ കേരള ബെവ്റിജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. നൂറുരൂപ സര്‍വീസ് ചാര്‍ജില്‍ പരമാവധി മൂന്ന് ലിറ്റര്‍ വരെ മദ്യം ബെവ്കോ വീട്ടിലെത്തിക്കുമെന്ന തരത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചാരണം. സര്‍ക്കാറിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് ഈ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കൈരളി വാര്‍ത്ത നല്‍കിയത് കൊവിഡ് ലോക്ക്ഡൗണ്‍ സമയത്തിറക്കിയ പ്രത്യേക ഉത്തരവിനെക്കുറിച്ചാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ കൈരളി ന്യൂസ് ഓണ്‍ലൈനില്‍ ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2020 ഏപ്രില്‍ 1നാണ് കൈരളി ഈ വാര്‍ത്ത നല്‍കിയതെന്ന് കണ്ടെത്തി.
കൊവിഡ് ലോക്ക്ഡൗണില്‍ മദ്യാസക്തിയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും ആത്മഹത്യ പ്രവണതയും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഡോക്ടറുടെ കുറിപ്പടി സഹിതം അപേക്ഷിക്കുന്നവര്‍ക്കാണ് മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷവും ആരോഗ്യരംഗത്തെ വിദഗ്ധരുമടക്കം ഇതിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി സര്‍ക്കാറിന്റെ ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്.
ഇതോടെ വാര്‍ത്ത നാലുവര്‍ഷത്തിലേറെ പഴയതാണെന്നും നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമാണെന്നും വ്യക്തമായി. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ മദ്യം ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് വിവിധ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ച നടത്തിയതായി എകണോമിക് ടൈംസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 ജൂലൈ 16ന് നല്‍കിയ ഈ റിപ്പോര്‍ട്ടില്‍ കേരളത്തെയും പരാമര്‍ശിച്ചതായി കാണാം.
ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് സ്വിഗി, സൊമാറ്റോ ഉള്‍പ്പെടെയുള്ള ഭക്ഷണവിതരണ കമ്പനികളെക്കുറിച്ചാണ്. ബെവ്കോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് പരാമര്‍ശമില്ല.
ഈ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മലയാള മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയതായി കണ്ടു. എന്നാല്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളെ മാത്രം ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയില്‍ ഏതെങ്കിലും ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണമോ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല.
അതേസമയം ഇത്തരത്തില്‍ യാതൊരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പ്രതികരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചാരണം അപ്രസക്തമാണന്ന് വ്യക്തമായി.
Conclusion:
മദ്യം വീട്ടിലെത്തിച്ചുനല്‍കാന്‍ ബെവ്കോ തീരുമാനിച്ചതായി കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത കൊവിഡ് ലോക്ഡൗണ്‍ സമയത്തേതാണെന്നും ഇത് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്തതായും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. നിലവില്‍ ഭക്ഷ്യവിതരണ കമ്പനികള്‍ ഓണ്‍ലൈനില്‍ മദ്യവില്‍പന സംബന്ധിച്ച് നടത്തുന്ന ചര്‍ച്ചകളുമായി ഈ റിപ്പോര്‍ട്ടിന് യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു.