ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമോ?

ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരള നിയമസഭ എന്ന അടിക്കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.

By -  HABEEB RAHMAN YP |  Published on  10 Aug 2023 4:05 PM GMT
ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമോ?

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന ഏക സിവില്‍കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിഷയത്തില്‍ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങളും സജീവമാണ്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഏകസിവില്‍കോഡിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതിനുപിന്നാലെ കഴിഞ്ഞദിവസം നിയമസഭ ഏകകണ്ഠേന ഏകസിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആധ്യ നിയമസഭയായി കേരള നിയമസഭ മാറിയെന്ന അവകാശവാദത്തോടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കൈരളി ന്യൂസിന്‍റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ന്യൂസ് കാര്‍ഡില്‍ ഈ അവകാശവാദം വിവരണമായി ചേര്‍ത്തിട്ടുണ്ട്. ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം എന്ന വാചകം കാര്‍ഡിലും കാണാം.

പി വി അന്‍വര്‍ എംഎല്‍എ അദ്ദേഹത്തിന്‍റെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്.


Fact-check:

ഏക സിവില്‍കോഡിനെതിരെ കേരള നിയമസഭ പ്രമേയം അവതരിപ്പിച്ചതും ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഏകകണ്ഠേന പ്രമേയം പാസ്സാക്കിയതും സംസ്ഥാനത്ത് വലിയ വാര്‍ത്തയായിരുന്നു. 2023 ആഗസ്റ്റ് 3ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതുസംബന്ധിച്ച് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.


എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏകസിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനം എന്ന പരാമര്‍ശം കാണാനായില്ല. മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് പരിശോധിച്ചെങ്കിലും ഇത്തരത്തില്‍ പരാമര്‍ശം കണ്ടെത്താനായില്ല.

തുടര്‍ന്ന് രാജ്യത്തെ മറ്റേതെങ്കിലും സംസ്ഥാനം ഇത്തരത്തില്‍ പ്രമേയം പാസ്സാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. ദേശീയ മാധ്യമങ്ങളില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനായി UCC, Resolution തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു.ഇതോടെ മിസോറാം നിയമസഭ 2023 ഫെബ്രുവരിയില്‍ ഇത്തരത്തില്‍ പ്രമേയം പാസ്സാക്കിയതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


മിസോറാം ആഭ്യന്തരമന്ത്രി ലാല്‍ചംലിയാന 2023 ഫെബ്രുവരി 14 ന് അവതരിപ്പിച്ച പ്രമേയം മിസോറാം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മിസോ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളും മതപരവും സാമൂഹികവുമായ ആചാരങ്ങളെ ഇല്ലാതാക്കുകയും അഖണ്ഠത തകര്‍ക്കുകയും ചെയ്യാനുള്ള നീക്കമാണ് ഏക സിവില്‍കോഡെന്ന് പ്രമേയം വിലയിരുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

‍ഡെക്കാന്‍ ഹെരാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങളിലും മിസോറാം നിയമസഭ അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


ഇതോടെ കേരള നിയമസഭയ്ക്ക് മുന്‍പേ ഏക സിവില്‍കോഡിനെതിരെ മിസോറാം നിയമസഭ പ്രമേയം അവതരിപ്പിച്ചിരുന്നുവെന്ന് വ്യക്തമായി.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ക്കായി മിസോറാം ഗവണ്മെന്‍റിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. നിയമസഭ പാസ്സാക്കിയ പ്രമേയങ്ങളുടെ പട്ടികയില്‍ ഏകസിവില്‍കോഡിനെതിരായ പ്രമേയം 2023 ഫെബ്രുവരി 14ന് അവതരിപ്പിച്ചതായി വെബ്സൈറ്റിലും വ്യക്തമാക്കുന്നു.


ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഔദ്യോഗിക രേഖയും ലഭ്യമായി. ഇതോടെ ഏകസിവില്‍കോഡിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിക്കാനായി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിക്കിം, പശ്ചിമബംഗാള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത സംഘടനകള്‍ ഏകസിവില്‍കോഡിനെതിരെ പ്രമേയം കൊണ്ടുവന്നതായും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.


Conclusion:

ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയസമഭ കേരള നിയമസഭയാണെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2023 ഫെബ്രുവരി 14 ന് മിസോറാം നിയമസഭ ഇത്തരത്തില്‍ പ്രമേയം പാസ്സാക്കിയിരുന്നുവെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.

Claim Review:Kerala becomes first legislative assembly to pass resolution against UCC
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story