മികച്ച മുഖ്യമന്ത്രിയ്ക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന തരത്തില്‍ സന്ദേശം മാര്‍ച്ച് ആദ്യവാരമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിപക്ഷം നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരവധി ഇടത് അനുകൂല ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിക്കുന്നത്.
CPI(M) Cyber Comrades എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ Saji S എന്ന അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ ഈ അവകാശവാദങ്ങള്‍ കാണാം. നമ്മള്‍ സഖാക്കള്‍ എന്ന പേജില്‍ പെരുവള്ളൂര്‍ സഖാവ് എന്ന പ്രൊഫൈലില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.
Fact–check:
മുഖ്യമന്ത്രിയ്ക്ക് ഇത്തരമൊരു പുരസ്കാരം ലഭിച്ചാല്‍ അതിന് പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുമെന്നിരിക്കെ മുഖ്യധാരാ മാധ്യമങ്ങളിലൊന്നും ഈ വാര്‍ത്ത പ്രത്യക്ഷപ്പെടാത്തത് ഈ അവകാശവാദം വ്യാജമോ പഴയതോ ആയിരിക്കാമെന്നതിന്‍റെ സൂചന നല്‍കി.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ മുഖ്യമന്ത്രി, ഗാന്ധിദര്‍ശന്‍, പുരസ്കാരം എന്നീ വാക്കുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ദേശാഭിമാനി ഓണ്‍ലൈനില്‍ 2018 സെപ്തംബര്‍ 19ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഈ വാര്‍ത്ത കാണാം. ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്‍റെ അന്തര്‍ദേശീയ പുരസ്കാരം ആത്മീയ ആചാര്യന്‍ ദലൈലാമയ്ക്കും രാജ്യത്തെ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയനും ലഭിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടര്‍ന്ന് കീവേഡ് പരിശോധനയില്‍ ലഭിച്ച മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചു. ഇവയും ഇതേ തിയതിയില്‍ പ്രസിദ്ധീകരിച്ചതാണെന്ന് കാണാം.
മാതൃഭൂമി ഓണ്‍ലൈനില്‍ 2018 സെപ്തംബര്‍ 19ന് വൈകീട്ട് ഇതേ വാര്‍ത്ത നല്‍കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസും അന്നേദിവസം വാര്‍ത്ത നല്‍കിയതായി കാണാം.ജസ്റ്റിസ് കെ.ടി തോമസ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചതെന്നും ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം 2018 സെപ്തംബറിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വ്യക്തമായി.
Conclusion:
രാജ്യത്തെ മികച്ച മുഖ്യമന്ത്രിയ്ക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരം പിണറായി വിജയന് ലഭിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന സന്ദേശം നാല് വര്‍ഷത്തിലേറെ പഴയതാണ്. 2018 സെപ്തംബറില്‍ ലഭിച്ച പുരസ്കാരത്തിന്‍റെ വാര്‍ത്തയും സന്ദേശങ്ങളുമാണ് നാലര വര്‍ഷത്തിനു ശേഷവും പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.