പൗരത്വ ഭേദഗതി നിയമം 2024 മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെ കേരളം നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഭേദഗതി വിജ്ഞാപനം ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഫെയ്സ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് സിപിഐഎമ്മും ഔദ്യോഗികമായി ഈ നിലപാടെടുത്തു. ഇതിന് പിന്നാലെ മാര്‍ച്ച് 13ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേന്ദ്രം ആവശ്യപ്പെട്ടാല്‍ നിയമം നടപ്പാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നത്. (Archive)
Fact-check:
ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത നിര്‍മിച്ച കാര്‍ഡാണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ വാക്യത്തില്‍ പ്രഥമദൃഷ്ട്യാ വ്യക്തമായ ഫോണ്ടുകളിലെ വ്യത്യാസവും ഉദ്ധരരണി ചിഹ്നത്തിന്റെ അപൂര്‍ണമായ ഉപയോഗവും ഇതിലെ രണ്ടാമത്തെ വാക്യം വ്യാജമായി ചേര്‍ത്തതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് കാര്‍ഡിലെ തിയതി ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പരിശോധിച്ചതോടെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.
2024 മാര്‍ച്ച് 14 ന് വൈകീട്ട് പങ്കുവെച്ച കാര്‍ഡില്‍ ‘പൗരത്വഭേദഗതി നിയമം ജനവിരുദ്ധം, വര്‍ഗീയ അജണ്ടയുടെ ഭാഗം, കേരളത്തില്‍ നടപ്പാക്കില്ല’ എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് നല്‍കിയിരിക്കുന്നത്. ഈ കാര്‍ഡിലെ രണ്ടാമത്തെ വാക്യം മായ്ച്ച് പുതിയ ഫോണ്ടില്‍ പുതിയകാര്യം എഴുതിച്ചേര്‍ത്തതാണെന്ന് വ്യക്തം.
കാര്‍ഡിനൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്തയിലും പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്നു. മാര്‍ച്ച് 14 ന് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലെവിടെയും കേന്ദ്രം ആവശ്യപ്പെട്ടാല്‍ നിയമം നടപ്പാക്കേണ്ടിവരുമെന്ന പരാമര്‍ശമില്ല.
തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന മാര്‍ച്ച് 14 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ തത്സമയ വീഡിയോ പരിശോധിച്ചു. ഇതിലെവിടെയും ഇത്തരം പരാമര്‍ശം കണ്ടെത്താനായില്ല.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പൗരത്വനിയമം കേരളത്തിലും നടപ്പാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമായി നിര്‍മിച്ചതാണെന്നും മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.