കേരളത്തില്‍ കാലാവധി കഴിഞ്ഞിട്ടും ടോള്‍ പിരിക്കുന്നുവോ? വാസ്തവമറിയാം
സംസ്ഥാനത്തെ റോഡുകളിലും പാലങ്ങളിലും കാലാവധി കഴിഞ്ഞിട്ടും ടോള്‍ പിരിവ് തുടരുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ ടോള്‍ പ്ലാസകള്‍ അടച്ചുപൂട്ടുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് പ്രചരണം.
By - HABEEB RAHMAN YP |
സംസ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും ടോള്‍ പ്ലാസകളില്‍ പണം വാങ്ങുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ ടോള്‍ പിരിവ് അവസാനിപ്പിക്കുന്നു എന്ന അവകാശവാദത്തിനൊപ്പമാണ് പ്രചരണം.
Rajeev Poovar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ഇത്തരത്തില്‍ അവകാശവാദം ഉള്‍പ്പെടുത്തിയതായി കാണാം. ആം ആദ്മി പാര്‍ട്ടിയുടെ കേരള പേജിലും സമാനമായ അവകാശവാദം പോസ്റ്റ് ചെയ്തതായി കാണാം. Vinod Lall Aryachalil എന്ന മറ്റൊരു അക്കൗണ്ടില്‍ പഞ്ചാബില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ടോള്‍ ബൂത്തുകളുടെ പട്ടിക ഉള്‍പ്പെടെ ഇതേ അവകാശവാദം പങ്കുവെച്ചതായി കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന അവകാശവാദം ശരിയാണോ എന്ന് പരിശോധിച്ചു. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കുന്നു എന്നതുമായി ബന്ധപ്പെട്ട് നടത്തിയ കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ദി ടൈംസ് ഓഫ് ഇന്ത്യ 2022 ഡിസംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ടോള്‍ പ്ലാസ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതായും കൂടുതല്‍ ടോള്‍ബൂത്തുകള്‍ അടയ്ക്കുമെന്നും റിപ്പോര്‍ട്ട് ചെയ്തതായി കാണാം. ഫെബ്രുവരി 15ന് ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് ടോള്‍ബൂത്തുകള്‍ കൂടി അടച്ചുപൂട്ടിയതായും ഇതുവഴി ജനങ്ങള്‍ക്ക് പ്രതിദിനം പത്ത് ലക്ഷം രൂപ ലാഭിക്കാനാകുമെന്നും പറയുന്നു.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ അവകാശവാദം എന്ന് ഇതോടെ വ്യക്തമായി. പ്രചരിക്കുന്ന പോസ്റ്റിലെ ആദ്യഭാഗം വസ്തുതാപരമായി ശരിയാണെന്നും വ്യക്തം.
പ്രചരിക്കുന്ന പോസ്റ്റുകളില്‍ പറയുന്ന രണ്ടാമത്തെ ഭാഗം കേരളത്തെക്കുറിച്ചാണ്. കേരളത്തില്‍ കാലാവധി കഴിഞ്ഞ ടോള്‍ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് വാസ്തവവിരുദ്ധമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കീവേഡ് പരിശോധനയില്‍ ലഭിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ 2018-ല്‍തന്നെ ടോള്‍ ബൂത്തുകള്‍ അവസാനിപ്പിച്ചതാണെന്ന് വ്യക്തമായി.
2018 നവംബര്‍ 28ന് മാതൃഭൂമി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങളുടെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിലും ഇതേ വാര്‍ത്ത നല്‍കിയതായി കാണാം. ഇടതുസര്‍ക്കാര്‍ 2016-ല്‍തന്നെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ ടോള്‍ബൂത്തുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തിരുന്നുവെന്നും ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ ആറ് റോഡുകളിലെ ടോള്‍ നിര്‍ത്തിയിരുന്നുവെന്നും ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവശേഷിച്ച 14 ടോളുകളുംകൂടി നിര്‍ത്തലാക്കിയതോടെ സംസ്ഥാന സര്‍ക്കാറിന്‍റെ ടോള്‍ പിരിവ് പൂര്‍ണമായും അവസാനിച്ചു. എന്നാല്‍ കേന്ദ്രത്തിന് കീഴിലെ ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുമെന്നും ഇത് സംസ്ഥാന സര്‍ക്കാറിന്‍റെ പരിധിയിലല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ ഒരു മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും കുറിപ്പ് പങ്കുവെച്ചതായി കാണാം. 2018 നവംബര്‍ 29നാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളിലും പാലങ്ങളിലും നിലവില്‍ ടോള്‍ പിരിവ് ഇല്ലെന്ന് വ്യക്തമായി.
Conclusion:
പഞ്ചാബില്‍ ടോള്‍ ബൂത്തുകള്‍ നിര്‍ത്തലാക്കുന്നു എന്ന അവകാശവാദത്തിനൊപ്പം കേരളത്തില്‍ കാലാവധി കഴിഞ്ഞ ടോള്‍ബൂത്തുകളില്‍ പോലും പണം പിരിക്കുന്നു എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പഞ്ചാബില്‍ 2022 ഡിസംബറിലെടുത്തതിന് സമാനമായ തീരുമാനം കേരള സര്‍ക്കാര്‍ 2016 ല്‍ എടുത്തതാണെന്നും ഇതിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലെ ടോള്‍ പിരിവ് 2018 നവംബറില്‍ നിര്‍ത്തലാക്കിയതാണെന്നും വ്യക്തമാക്കി. കേരളത്തില്‍ നിലവില്‍ തുടരുന്നത് കേന്ദ്രസര്‍ക്കാറിന്‍റെ കീഴിലുള്ള റോഡുകളിലെയും പാലങ്ങളിലെയും ടോളുകളാണ്.