Fact Check: ദേവസ്വം ബോര്‍ഡില്‍ മുസ്‍ലിം അംഗത്തെ നിയമിച്ച് സര്‍ക്കാര്‍? പത്രവാര്‍ത്തയുടെ സത്യമറിയാം

ഇടുക്കി വള്ളിയാംകാവ് ദേവീക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ആര്‍ സൈനുദ്ദീനെ നിയമിച്ചുവെന്ന തരത്തില്‍ പത്രവാര്‍ത്തയുെടെ ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

By -  HABEEB RAHMAN YP
Published on : 6 July 2025 5:29 PM IST

Fact Check: ദേവസ്വം ബോര്‍ഡില്‍ മുസ്‍ലിം അംഗത്തെ നിയമിച്ച് സര്‍ക്കാര്‍? പത്രവാര്‍ത്തയുടെ സത്യമറിയാം
Claim:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; ഒരു ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമിതനായ വ്യക്തിയുടെ പേര് മലയാള മനോരമയില്‍ തെറ്റായി അച്ചടിച്ചതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗീയ പ്രചാരണമെന്നും പത്രം തൊട്ടടുത്ത ദിവസം പേര് തിരുത്തി പ്രസിദ്ധീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; ഒരു ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമിതനായ വ്യക്തിയുടെ പേര് മലയാള മനോരമയില്‍ തെറ്റായി അച്ചടിച്ചതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗീയ പ്രചാരണമെന്നും പത്രം തൊട്ടടുത്ത ദിവസം പേര് തിരുത്തി പ്രസിദ്ധീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി മുസ്‍ലിം അംഗത്തെ നിയമിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇടുക്കി വള്ളിയാംകാവ് ദേവീക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ആര്‍ സൈനുദ്ദീനെ നിയമിച്ചുവെന്ന തരത്തില്‍ ഒരു പത്രവാര്‍ത്തയുടെ ചിത്രം ഉള്‍പ്പെടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മുസ്‍ലിംകള്‍ ക്ഷേത്ര ഭരണസമിതിയിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ ബോംബിട്ട് തകര്‍ക്കുമെന്നും സര്‍ക്കാര്‍ നടപടിയ്ക്കെതിരെ ഹിന്ദു സംഘടനകള്‍ സമരം ചെയ്യണമെന്നും ആഹ്വാനവുമായാണ് വിവിധ പേജുകളില്‍നിന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.




Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പത്രത്തില്‍ വന്ന അച്ചടിപ്പിശകാണ് തെറ്റായ തരത്തില്‍ പ്രചരിപ്പിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന പത്രവാര്‍ത്തയാണ് ആദ്യം പരിശോധിച്ചത്. ദേവസ്വം ബോര്‍ഡിന്റെ സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ടതാണ് വാര്‍ത്ത. ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍മാര്‍ക്കാണ് സ്ഥലംമാറ്റം. ഇതില്‍ വള്ളിയംകാവ് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിതനായ ആളുടെ പേരാണ് ആര്‍ സൈനുദ്ദീന്‍ എന്ന് നല്‍കിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുമായാണ് ആദ്യം ബന്ധപ്പെട്ടത്. ദേവസ്വം ബോര്‍ഡ് അധികൃതരുടെ പ്രതികരണം:

“വള്ളിയാംകാവ് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമിച്ചത് കെ സൈനുരാജിനെയാണ്. ഇദ്ദേഹത്തിന്റെ പേര് ഒരു പത്രത്തില്‍ തെറ്റായി അച്ചടിച്ചു വന്നിരുന്നു. ഇതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മുസ്‍ലിം വ്യക്തിയെ ബോര്‍ഡില്‍ നിയമിച്ചുവെന്നടക്കം വ്യാപക പ്രചാരണങ്ങളുണ്ടായി. അച്ചടിച്ച പത്രം പിറ്റേദിവസം തന്നെ ഇത് തിരുത്തിയിരുന്നു. ദേവസ്വം ബോർഡിൽ ഹിന്ദു വിഭാഗത്തിലുള്ളവർക്കു മാത്രമേ ജോലിചെയ്യാൻ നിയമമുള്ളൂ. അദ്ദേഹത്തിന്റെ പേര് കെ സൈനുരാജ് എന്നാണ്.”

ഇതോടെ പത്രത്തില്‍ തെറ്റായി അച്ചടിച്ച വാര്‍ത്തയുടെ ചിത്രമുപയോഗിച്ചാണ് വര്‍ഗീയ പ്രചാരണമെന്ന് വ്യക്തമായി. പത്രത്തിന്റെ രൂപകല്പനയില്‍നിന്നും ഫോണ്ടില്‍നിന്നും ഇത് മലയാള മനോരമ വാര്‍ത്തയാണെന്ന് വ്യക്തമായി. തുടര്‍ന്ന് മനോരമയുടെ കോട്ടയം ഓഫീസില്‍ ബന്ധപ്പെട്ടു. വാര്‍ത്തയില്‍ നല്‍കിയ പേരില്‍ തെറ്റ് സംഭവിച്ചതാണെന്നും യഥാര്‍ത്ഥ പേര് കെ സൈനുരാജ് എന്നാണെന്നും മനോരമ അധികൃതര്‍ അറിയിച്ചു. ഇത് തൊട്ടടുത്ത ദിവസം തന്നെ തിരുത്തി പ്രസിദ്ധീകരിച്ചതായും അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ തിരുത്തി പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയും ലഭ്യമായി.



നിലവില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായ കെ സൈനുരാജാണ് വള്ളിയാംകുന്ന ക്ഷേത്രത്തിന്റെ പുതിയ അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. കഴിഞ്ഞ‍ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തെറ്റുസംഭവിച്ചതില്‍ ഖേദിക്കുന്നതായും മനോരമ വാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.

മലയാള മനോരമ തെറ്റായ വാര്‍ത്ത നല്‍കിയതാണെന്നും സൈനുരാജ് എന്ന വ്യക്തിയെയാണ് ദേവസ്വം ബോര്‍ഡ് നിയമിച്ചതെന്നും വ്യക്തമാക്കി ഹിന്ദു സേവാ കേന്ദ്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റും ലഭിച്ചു.



തെറ്റായി അച്ചടിച്ച പേരിന്റെ അടിസ്ഥാനത്തില്‍ പ്രചാരണം വ്യാപകമായതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം എ അജിത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭ്യമായി.




ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അഹിന്ദുക്കളെ ക്ഷേത്രഭാരവാഹികളായി നിയമിച്ചിട്ടില്ലെന്നും വ്യക്തമായി.


Conclusion:

ദേവസ്വം ബോര്‍ഡില്‍ മുസ്‍ലിം യുവാവിനെ സര്‍ക്കാര്‍ നിയമിച്ചുവെന്ന തരത്തില്‍ നടക്കുന്ന വര്‍ഗീയ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വസ്തുത പരിശോധനയില്‍ വ്യക്തമായി. മലയാള മനോരമ പത്രത്തില്‍ സൈനുരാജ് എന്ന പേര് സൈനുദ്ദീന്‍ എന്ന് തെറ്റായി അച്ചടിച്ചുവന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യാജപ്രചാരണമെന്നും പത്രം ഈ വാര്‍ത്ത തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Claim Review:ദേവസ്വം ബോര്‍ഡ് അംഗമായി മുസ്‍ലിം യുവാവിനെ നിയമിച്ച് സര്‍ക്കാര്‍
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; ഒരു ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി നിയമിതനായ വ്യക്തിയുടെ പേര് മലയാള മനോരമയില്‍ തെറ്റായി അച്ചടിച്ചതിന്റെ അടിസ്ഥാനത്തിലാണ് വര്‍ഗീയ പ്രചാരണമെന്നും പത്രം തൊട്ടടുത്ത ദിവസം പേര് തിരുത്തി പ്രസിദ്ധീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
Next Story