വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളില്‍ മതം തിരുകിക്കയറ്റിയോ? പ്രചരണത്തിന്റെ വസ്തുതയറിയാം
മതേതര കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് മതം പഠിപ്പിക്കുന്നു എന്ന തരത്തില്‍ നിരവധി പേരാണ് ഒരു പാഠഭാഗത്തിന്‍റെ ചിത്രം സഹിതം സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
By - HABEEB RAHMAN YP | Published on 4 Jun 2023 5:37 PM GMTമതേതര കേരളത്തില്‍ വിദ്യാഭ്യാസവകുപ്പിന്‍റെ നേതൃത്വത്തില്‍ പാഠപുസ്തകങ്ങളില്‍ മതം തിരുകിക്കയറ്റുന്നു എന്ന ആരോപണവുമായി നിരവധി സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു പാഠഭാഗത്തിന്‍റെ ചിത്രവും ഇതിനൊപ്പം കാണാം. മഴ എന്ന തലക്കെട്ടില്‍ നല്‍കിയ പാഠഭാഗത്തില്‍ അമ്മയും മകനും തമ്മിലുള്ള സംഭാഷണത്തിന്‍റെ അവസാനഭാഗത്ത് “മഴ നല്‍കുന്നത് അല്ലാഹുവാണ്” എന്ന പരാമര്‍ശമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം.
രണ്ടാം വാര്‍ഡ് ചെങ്ങോട്ടുകാവ് എന്ന പ്രൊഫൈലില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം സംസ്ഥാനസര്‍ക്കാറിനെ പരിഹസിക്കുന്ന വിവരണവും കാണാം.
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പിഞ്ചുകുട്ടികളുടെ പാഠപുസ്തകങ്ങളില്‍ മതം തിരുകിക്കയറ്റുന്നു എന്ന അടിക്കുറിപ്പോടെയാണ് Suryaputhran Athul എന്ന അക്കൗണ്ടില്‍നിന്ന് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചരിക്കുന്ന ചിത്രത്തിലെ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന ഭാഗത്ത് “അജ്മല്‍ മദ്രസയിലേക്ക് പുറപ്പെട്ടു” എന്ന വാചകം കാണാം. ഇതില്‍നിന്നുതന്നെ ഇത് ഒരു സ്കൂള്‍ പാഠപുസ്തകമല്ലെന്ന സൂചനകള്‍ ലഭിച്ചു.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇത് സംസ്ഥാനസര്‍ക്കാരിന്റെ പാഠപുസ്തകമല്ലെന്നും കേരള ഗവണ്‍മെന്‍റ് ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ‘സമഗ്ര’ എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്നും അറിയിച്ചു.
പ്രചരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വെരിഫൈഡ് പേജില്‍നിന്ന് പങ്കുവെച്ച കുറിപ്പും ലഭ്യമായി.
പ്രസ്തുത പാഠഭാഗം വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കൂള്‍ പാഠപുസ്തകങ്ങളിലേതല്ലെന്നും, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.
തുടര്‍ന്ന് ‘സമഗ്ര’ വെബ്സൈറ്റ് പരിശോധിച്ചു. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ഇപ്രകാരം പ്രചരിക്കുന്ന പാഠഭാഗം വിദ്യാഭ്യാസവകുപ്പിന്‍റെ സ്കൂള്‍ പാഠപുസ്തകങ്ങളിലേതല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് പ്രചരിക്കുന്ന വിവിധ പോസ്റ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ചു. കമന്‍റുകളില്‍നിന്നും ഇത് മദ്രസാ പാഠപുസ്തകമാണെന്ന സൂചനകളാണ് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേരള നദ്-വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിക്കുന്ന ഒന്നാംക്ലാസിലെ പാഠപുസ്തകത്തിലെ ഭാഗമാണ് ഇതെന്ന് കണ്ടെത്താനായി.
തുടര്‍ന്ന് കെ എന്‍ എം ഭാരവാഹികളുമായി ബന്ധപ്പെടുകയും അവര്‍ പുസ്തകത്തിന്‍റെ ഡിജിറ്റല്‍ പതിപ്പ് ഞങ്ങളുമായി പങ്കുവെയ്ക്കുകയും .ചെയ്തു.
കേരളത്തില്‍ വര്‍ഷങ്ങളായി വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്ക് മതപഠനം ചെറുപ്രായം മുതല്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. സമാനമായി ക്രൈസ്തവ വിഭാഗങ്ങള്‍ക്കും മതപഠന കേന്ദ്രങ്ങളുണ്ട്. ഇവയ്ക്കൊന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായോ സ്കൂള്‍ പഠനവുമായോ ബന്ധമില്ല.
ഇതോടെ പ്രചരിക്കുന്ന ചിത്രം കെ എന്‍ എം പ്രസിദ്ധീകരിച്ച മദ്രസാ പാഠപുസ്തകത്തിലേതാണെന്നും സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്‍റെ പുസ്തകത്തിലെ ഉള്ളടക്കമല്ലെന്നും വ്യക്തമായി.
Conclusion:
മതേതര കേരളത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പാഠപുസ്തകങ്ങളില്‍ മതം തിരുകിക്കയറ്റുന്നു എന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. പ്രചരിക്കുന്ന ചിത്രം കേരള നദ്-വത്തുല്‍ മുജാഹിദീന്‍ തങ്ങളുടെ മദ്രസകളില്‍ ഒന്നാം ക്ലാസിലേക്ക് പ്രസിദ്ധീകരിച്ച പുസ്തകത്തിലേതാണെന്നും ന്യൂസമീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി.