KSRTC യില്‍ ആരുമറിയാതെ സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയോ? വസ്തുതയറിയാം
ഇന്ധന സെസ്സിനൊപ്പം ആരുമറിയാതെ KSRTC യില്‍ യാത്രാനിരക്കിനൊപ്പം സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തി എന്ന അവകാശവാദം ഒരു ടിക്കറ്റിന്‍റെ ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 27 Feb 2023 5:48 PM GMT2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നികുതി വര്‍ധന ചര്‍ച്ചയായതിന് പിന്നാലെയാണ് KSRTC യാത്രാനിരക്കിനൊപ്പം പ്രത്യേക സെസ് ഏര്‍പ്പെടുത്തിയതായി അവകാശവാദം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു KSRTC ബസ് ടിക്കറ്റിന്‍റെ ചിത്രത്തിനൊപ്പമാണ് പ്രചരണം.
സര്‍ക്കാര്‍ ആരുമറിയാതെ എല്ലാ വകുപ്പുകളിലും സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നും ചെറിയൊരു യാത്രയ്ക്ക് പോലും KSRTC യില്‍ 3 രൂപ സെസ് നല്‍കേണ്ടിവരുന്നുവെന്നും ട്വന്‍റി-20 ജനങ്ങളോടൊപ്പം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
Rajesh R എന്ന അക്കൗണ്ടില്‍നിന്ന് ഇതേ സന്ദേശത്തോടൊപ്പം ടിക്കറ്റിന്‍റെ ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ടിക്കറ്റ് വിശദമായി പരിശോധിച്ചു. 2023 ഫെബ്രുവരി 24 ന് മേല്‍മുറിയില്‍നിന്ന് കൊണ്ടോട്ടിയിലേക്ക് യാത്രചെയ്ത KSRTC ബസ് ടിക്കറ്റാണ് പ്രചരിക്കുന്ന ചിത്രത്തിലേതെന്ന് കാണാം. ഇതില്‍ 26 രൂപ യാത്രാ നിരക്കിനൊപ്പം 3 രൂപ സെസ് ഉള്‍പ്പെടെ 29 രൂപയാണ് ഈടാക്കിയിരിക്കുന്നത്.
കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സെസ് നിലവില്‍ വന്നത് 2015 ലാണെന്ന് വ്യക്തമാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 2015 ഏപ്രില്‍ 2ന് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ 15 രൂപയ്ക്ക് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ സെസ് നിലവില്‍ വന്നതായി കാണാം. 15 മുതല്‍ 24 വരെ രൂപയുടെ ടിക്കറ്റിന് ഒരുരൂപയും 25 മുതല്‍ 49 വരെ രണ്ടുരൂപയും 50 മുതല്‍ 74 വരെ മൂന്ന് രൂപയും 75 മുതല്‍ 99 വരെ നാല് രൂപയുമാണ് സെസ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദി ഹിന്ദു 2015 ഏപ്രില്‍ 1 ന് ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം.
വാര്‍ത്തയില്‍നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം സെസ് ഏര്‍പ്പെടുത്തുന്നതിന് ആധാരമായ ബില്ലിനെക്കുറിച്ച് അന്വേഷിച്ചു. 2014 ലെ KSRTC (Passenger Group Personal Accident Insurance, Improved Passenger Amenities, Employees' Social Security and CESS on Passenger Ticekt) ബില്ലിന്‍റെ അടിസ്ഥാനത്തിലാണ് സെസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായി.
യാത്രക്കാര്‍ക്ക് വ്യക്തിപര അപകട സമൂഹ ഇന്‍ഷ്വറന്‍സ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, ജീവനക്കാരുടെ സാമൂഹ്യസുരക്ഷ എന്നിവയാണ് സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.
2020ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓര്‍ഡിനറി ബസ്സുകളില്‍ സെസ് ഒഴിവാക്കിയതായും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
ഇതോടെ KSRTC ടിക്കറ്റ് നിരക്കിനൊപ്പമുള്ള സെസ് പുതിയ സംസ്ഥാന ബജറ്റിനൊപ്പം നിലവില്‍ വന്നതല്ലെന്നും 2014 ല്‍ നിയമസഭ പാസാക്കിയ ബില്ലിന്‍റെ അടിസ്ഥാനത്തില്‍ 2015 ഏപ്രിലില്‍ നിലവില്‍ വന്നതാണെന്നും വ്യക്തം.
Conclusion:
KSRTC ടിക്കറ്റ് നിരക്കിനൊപ്പം ഈ ഈടാക്കുന്ന സെസ് 2023-24 സംസ്ഥാന ബജറ്റിനൊപ്പം ഏര്‍പ്പെടുത്തിയതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് 2014 ല്‍ നിയമസഭ പാസാക്കിയ ബില്ലിന്‍റെ അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ മുതല്‍ ഈടാക്കുന്നതാണെന്നും കണ്ടെത്തി.