Fact Check: മുസ്ലിം അധ്യാപികമാര്‍ക്ക് പ്രസവത്തിന് 15000 രൂപ കേരള സര്‍ക്കാര്‍ സഹായം നല്‍കുന്നുവോ?
മുസ്ലിം വിഭാഗത്തിലെ അധ്യാപികമാര്‍ക്ക് മാത്രം പ്രസവാനുകൂല്യമായി രണ്ടുതവണ 15000 രൂപ കേരള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുവെന്നാണ് പ്രചാരണം.
By - HABEEB RAHMAN YP | Published on 20 April 2024 5:13 AM GMTClaim: മുസ്ലിം അധ്യാപികമാര്‍ക്ക് കേരള സര്‍ക്കാര്‍ 15000 രൂപവീതം രണ്ടുതവണ പ്രസവാനുകൂല്യം നല്‍കുന്നു.
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്. മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായി ക്ഷേമനിധി അംഗങ്ങളായ മദ്രസ അധ്യാപികമാര്‍ക്ക് മാത്രം നല്‍കുന്ന ധനസഹായമാണിത്.
മുസ്ലിം അധ്യാപികമാര്‍ക്ക് മാത്രമായി കേരള സര്‍ക്കാര്‍ പ്രത്യേക പ്രസവാനുകൂല്യം നല്‍കുന്നതായി സമൂഹമാധ്യമ പ്രചാരണം. മതേതരത്വ നിലപാടുകള്‍ പറയുന്ന ഇടതുസര്‍ക്കാറിന്റെ മുസ്ലിം പ്രീണനമെന്ന ആരോപണത്തോടെയാണ് പ്രചാരണം. (Archive)
സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്ന ആരോപണത്തോടെ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത് (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായ പ്രസവാനുകൂല്യത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
കീവേഡുകളുപയോഗിച്ച് നടത്തിയ പരിശോധനയില്‍ വനിതകള്‍ക്ക് പ്രസവാനുകൂല്യമായി രണ്ട് സര്‍ക്കാര്‍ പദ്ധതികളാണ് നിലവിലുള്ളതെന്ന് കണ്ടെത്തി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി മാതൃവന്ദന്‍ യോജനയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ജനനി സുരക്ഷ യോജനയുമാണിത്.
പ്രധാന്‍മന്ത്രി മാതൃവന്ദന്‍ യോജനയില്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 5000 രൂപയാണ് പ്രസവാനുകൂല്യം നല്‍കുന്നത്. രണ്ടാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍ രണ്ടാം പ്രസവത്തിന് 6000 രൂപയും ലഭിക്കും. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇതുകൂടാതെ മറ്റൊരു പദ്ധതി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ ജനനി സുരക്ഷ യോജനയാണ്. 2015-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ സംസ്ഥാനങ്ങളെ സാമ്പത്തിക സൂചികകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് ഗ്രാമീണ - നഗര മേഖലകളിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ദേശീയ ആരോഗ്യദൗത്യത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഈ പദ്ധതികളിലൊന്നും പ്രത്യേക മതവിഭാഗങ്ങളെയോ തൊഴിലിനെയോ അടിസ്ഥാനപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്ന തരത്തില്‍ മറ്റേതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ എന്നറിയാനായി സ്ഥിരീകരണത്തിനായി വനിതാ ശിശുവികസന വകുപ്പ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം ഇങ്ങനെ:
“കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി മാതൃവന്ദന യോജനയാണ് സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്ന പ്രധാന പദ്ധതി. ഇത് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. ഗുണഭോക്താക്കളുടെ വിവരശേഖരണവും പദ്ധതി നടത്തിപ്പും സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് വനിതാ ശിശുവികസന വകുപ്പാണ്. ഇതില്‍ മതപരമോ തൊഴിലോ അടിസ്ഥാനപ്പെടുത്തി വേര്‍തിരിവുകളൊന്നുമില്ല. ഇതല്ലാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നപോലെ 15000 രൂപയുടെ പദ്ധതിയൊന്നും വനിതാശിശുവികസന വകുപ്പിന് കീഴിലില്ല.”
തുടര്‍ന്ന് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ പ്രതികരണം:
“മതപരമായോ തൊഴിലിന്റെ അടിസ്ഥാനത്തിലോ വേര്‍തിരിച്ചുകൊണ്ട് ഒരു പദ്ധതിയും നിലവിലില്ല. പ്രധാനമന്ത്രി മാതൃവന്ദന യോജനയ്ക്കു പുറമെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മറ്റൊരു പദ്ധതിയുണ്ട്. ഇത് ഭിന്നശേഷിക്കാരായ അമ്മമാര്‍ക്കുള്ളതാണ്. പ്രസവാനന്തരം രണ്ടുവര്‍ഷത്തേക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന പദ്ധതിയാണിത്. ”
ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നും ലഭ്യമായി.
ഇതിലൊന്നും പ്രത്യേക മതവിഭാഗത്തെയോ ജോലിയോ പരാമര്‍ശിക്കാത്തതോടെ പ്രചരിക്കുന്ന പോസ്റ്റ് കേരളസര്‍ക്കാറിന്റെ നേരിട്ടുള്ള പദ്ധതിയല്ലെന്ന സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായ ആനുകൂല്യമാണെന്ന് വ്യക്തമായി. മദ്രസ അധ്യാപികമാര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. 2010 ല്‍ രൂപീകരിച്ച മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് വഴിയാണ് മദ്രസാധ്യാപകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പദ്ധതിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നു.
പ്രതിമാസം 50 രൂപ അംശദായം അടച്ചാണ് ക്ഷേമനിധി അംഗത്വം തുടരുന്നത്. ഇതുവഴി വിവിധ ഘട്ടങ്ങളിലെ സാമ്പത്തികസഹായവും 60 വയസ്സിന് ശേഷം പെന്‍ഷനും മദ്രസാധ്യാപകര്‍ അര്‍ഹത നേടുന്നു. ഇതിലാണ് വനിതാ മദ്രസാധ്യാപകര്‍ക്ക് പ്രസവാനുകൂല്യം നല്‍കുന്നത്.
തുടര്‍ന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ഭാരവാഹികളുമായി ബന്ധപ്പെട്ടു. ഇത് നേരിട്ടുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ലെന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളില്‍ ഒന്നുമാത്രമാണെന്നും അവര്‍ വ്യക്തമാക്കി. മുസ്ലിം മതത്തിലെ ചില വിഭാഗങ്ങളില്‍ മാത്രമാണ് വനിതകള്‍ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ സാമ്പത്തിക സഹായത്തിന് അര്‍ഹരായ ക്ഷേമനിധി അംഗങ്ങളുടെ എണ്ണം തീരെ കുറവാണെന്നും അവര്‍ വ്യക്തമാക്കി.
ഇതോടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
മുസ്ലിം അധ്യാപികമാര്‍ക്ക് കേരള സര്‍ക്കാര്‍ 15000 രൂപ പ്രസവ ധനസഹായം നല്‍കുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായി മദ്രസ അധ്യാപികമാര്‍ക്ക് നല്‍കുന്ന ധനസഹായത്തെക്കുറിച്ചാണ് പരാമര്‍ശമെന്നും ഇത് നേരിട്ടുള്ള സര്‍ക്കാര്‍ പദ്ധതിയല്ലെന്നും സ്ഥിരീകരിച്ചു.