സ്കൂളിലെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വര്‍ഷങ്ങളായി പത്തുദിവസം നല്‍കിവരുന്ന ഓണാവധി വെട്ടിച്ചുരുക്കാന്‍ നീക്കം നടക്കുന്നതായും ഇതിന് സമസ്ത വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്ന വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നത്. സര്‍ക്കാറിന്റെ മുസ്‍ലിം പ്രീണന നയത്തിന്റെ ഭാഗമാണ് നടപടിയെന്ന തരത്തില്‍ വിമര്‍ശനവുമായി നിരവധി പേരാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം വസ്തുത വിരുദ്ധമാണെന്നും ഇത്തരമൊരു നീക്കവും നടന്നിട്ടില്ലെന്നും വസ്തുത പരിശാധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡില്‍ ജനം ടിവിയുടെ ലോഗോ കാണാം. ഇതനുസരിച്ച് ചാനലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചതോടെ ഈ കാര്‍ഡ് ചാനല്‍ പേജുകളില്‍ പങ്കിട്ടതായി കണ്ടെത്തി. എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കാര്‍ഡ് അല്ലെന്ന് വ്യക്തമായതോടെ സ്ഥിരീകരണത്തിനായി വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇത്തരം ഒരു നീക്കവും നടന്നിട്ടില്ലെന്നും പതിവുപോലെ ഇത്തവണയും സ്കൂളുകള്‍ക്ക് ഓണാവധിയുണ്ടെന്നും മന്ത്രിയുടെ ഓഫീസ് സ്ഥിരീകരീച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ ഫെയ്സ്ബുക്കില്‍ വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നറിയിച്ച് പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്തി.
തുടര്‍ന്ന് സമസ്ത വിഭാഗത്തിന്റെ പ്രതികരണത്തിനായി ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഓണാവധിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും ഇതുവരെ സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തീരുമാനിക്കേണ്ട കാര്യങ്ങളാണത്. അതില്‍ ഇടപെടേണ്ട കാര്യം സമസ്തയ്ക്കില്ല. നിലവില്‍ നടക്കുന്നത് തീര്‍ത്തും വ്യാജ പ്രചാരണമാണ്.”
ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
ഓണാവധി വെട്ടിച്ചുരുക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നുവെന്നും അതിന് പിന്തുണയുമായി സമസ്ത രംഗത്തുണ്ടെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന ജനംടിവിയുടെ വാര്‍ത്താകാര്‍ഡ് വ്യാജമാണ്. നിലവില്‍ ഇത്തരമൊരു നീക്കവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പും ഇത്തരമൊരു വിഷയം ചര്‍ച്ചയായിട്ടില്ലെന്ന് സമസ്തയും വ്യക്തമാക്കി.