കേരള സര്‍ക്കാറിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് കിലുക്കം സിനിമയിലെ പ്രശസ്തമായ സീനില്‍ പരാമര്‍ശിക്കുന്ന അതേ നമ്പറിനെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കിലുക്കം സിനിമയില്‍ ഇന്നസെന്റ് അഭിനയിച്ച ഈ ഭാഗത്ത് ഒരു ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ പരിശോധിക്കുന്ന രംഗമുണ്ട്. ഇതില്‍ പറയുന്ന ടിക്കറ്റ് നമ്പറിനാണ് 2024 കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ലഭിച്ചിരിക്കുന്നതെന്ന തരത്തില്‍ സിനിമയിലെ ഭാഗവും ടിക്കറ്റ് നമ്പറും ചേര്‍ത്താണ് പ്രചാരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കിലുക്കം സിനിമയില്‍ പരാമര്‍ശിക്കുന്ന ടിക്കറ്റ് നമ്പറും ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ടിക്കറ്റില്‍ ഒന്നാം സമ്മാനം ലഭിച്ച നമ്പറും വ്യത്യസ്തമാണന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയാണ് ആദ്യം പരിശോധിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ടിക്കറ്റിന്റെ ചിത്രത്തിനൊപ്പം കിലുക്കം സിനിമയിലെ ഭാഗം ചേര്‍ത്ത് നിര്‍മിച്ച വീഡിയോയാണിത്. ഇതിലെ സംഭാഷണത്തിനനുസരിച്ച് ടിക്കറ്റ് നമ്പര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതും കാണാം.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചതോടെ ഇത് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാകാമെന്ന സൂചന ലഭിച്ചു. ടിക്കറ്റിന്റെ സീരിസ് കോഡായ TG എന്നത് വീഡിയോയില്‍ പറയുന്നില്ല. മാത്രവുമല്ല, രണ്ട് എന്ന അക്കം പറയുന്ന ഭാഗം ആവര്‍ത്തിച്ചുവരുന്നതായും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് കിലുക്കം സിനിമയുടെ യഥാര്‍ത്ഥ ഭാഗം പരിശോധിച്ചു. മില്ലേനിയം സിനിമ എന്ന കമ്പനിയുടെ വെരിഫൈഡ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച കിലുക്കം സിനിമയിലെ ഈ ഭാഗമാണ് പരിശോധിച്ചത്. ഇതോടെ സിനിമയില്‍ പരാമര്‍ശിക്കുന്ന നമ്പര്‍ KL72078431 ആണെന്ന് കണ്ടെത്തി.
എന്നാല്‍ 2024 ലെ കേരള സര്‍ക്കാര്‍ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചിരിക്കുന്നത് TG 434222 എന്ന നമ്പറിനാണ്.
ഈ നമ്പര്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാമെങ്കിലും സിനിമാ ഡയലോഗ് എഡിറ്റ് ചെയ്താണ് ഓണം ബംപര്‍ വിജയിയുടെ ടിക്കറ്റ് നമ്പറാക്കി മാറ്റിയതെന്ന് പരിശോധനയിലല്‍ വ്യക്തമായി. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന KL72078431 എന്ന നമ്പറില്‍നിന്ന് കോഡ് അക്ഷരങ്ങള്‍ ഒഴിവാക്കുകയും 4,3, 2 എന്നീ അക്കങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ഭാഗങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനം നേടിയത് കിലുക്കം സിനിമയിലെ പ്രശസ്തമായ സീനില്‍ ഉപയോഗിച്ചിരിക്കുന്ന ടിക്കറ്റ് നമ്പറിനാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പരിശോധനയില്‍ വ്യക്തമായി. ഓഡിയോ എഡിറ്റ് ചെയ്ത് ചില അക്കങ്ങള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചാണ് ഈ നമ്പര്‍ വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.