"രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് നിരീക്ഷിക്കുക" - ലഹരിമാഫിയക്കെതിരെ പ്രചരിക്കുന്ന ജാഗ്രതാസന്ദേശം വ്യാജം
വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം വര്‍ധിക്കുന്നുണ്ടെന്നത് വസ്തുതയാണെന്നും എന്നാല്‍ രക്ഷിതാക്കള്‍ ബസ്റ്റാന്‍റുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് നിരീക്ഷിക്കണമെന്നടങ്ങുന്ന സന്ദേശം കേരള പൊലീസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
By HABEEB RAHMAN YP Published on 25 Aug 2022 5:33 AM GMTസംസ്ഥാനത്ത് ലഹരിമാഫിയ വിദ്യാര്‍ഥികളെ വ്യാപകമായി ലക്ഷ്യമിടുന്നുവെന്നും രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന് നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ പൊലീസിന്‍റെ ലോഗോ സഹിതം പ്രചരിക്കുന്നത് വ്യാജ സന്ദേശം. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇതിനെതിരെ ബസ്റ്റാന്‍റുകളില്‍ അടക്കം രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ പിന്തുടരണമെന്നും നിരീക്ഷിക്കണമെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം. പ്രൊട്ടക്ഷന്‍ ടീം - ജനമൈത്രി പൊലീസ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.
Ajesh MB എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച പോസ്റ്റ് ഇതിനകം നാനൂറിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
വിവിധ പ്രാദേശിക ന്യൂസ് പോര്‍ട്ടലുകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും ചിത്രം പങ്കുവെച്ചിട്ടുണ്ട്. (1) (2)
ജനമൈത്രി പോലീസ് പ്രൊട്ടക്ഷന്‍ ടീം നല്‍കുന്ന ജാഗ്രതാ നിര്‍ദേശം എന്ന പേരിലാണ് VBC News Desk ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതു കൂടാതെ വാട്സാപ്പ് സന്ദേശമായും ഇത് പ്രാദേശിക സ്കൂള്‍ - കുടുംബ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി.
Fact-check:
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ ലഹരി ഉപയോഗം വ്യാപകമാവുന്നതുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നല്‍കാനും വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയാനും നിരവധി പരിപാടികള്‍ സംസ്ഥാനത്തെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നുണ്ട്. എന്നാല്‍ ബസ്റ്റാന്‍റുകളിലും മറ്റും ലഹരിമാഫിയകള്‍ സജീവമാണെന്നും രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ രഹസ്യമായി പിന്തുടര്‍ന്ന് നിരീക്ഷിക്കണമെന്നുമുള്ള നിര്‍ദേശത്തിലെ അപ്രായോഗികതയും പ്രചരിക്കുന്ന സന്ദേശത്തിലെ ഘടനാപരമായ പിശകുകളുമാണ് വസ്തുതാ പരിശോധയ്ക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ സന്ദേശം വ്യാജമായി സൃഷ്ടിച്ചതാണെന്ന് അനുമാനിക്കാവുന്ന സൂചനകള്‍ ലഭിച്ചു. സന്ദേശത്തില്‍ ഉപയോഗിച്ച വാക്യഘടനയിലെ പിശകുകളും അക്ഷരത്തെറ്റുകളും ഒപ്പം സന്ദേശത്തിന്‍റെ അവസാനഭാഗത്ത് പങ്കുവെക്കാനുള്ള അഭ്യര്‍ഥനയും ആധികാരികതയില്‍ സംശയമുളവാക്കി.
ഇതുകൂടാതെ കേരള പൊലീസ് ഔദ്യോഗികമായി നല്‍കുന്ന ഇത്തരം സന്ദേശങ്ങളുടെ ഡിസൈനും ലോഗോ ഉള്‍പ്പെടെ ഘടകങ്ങളും ഉപയോഗിച്ചിരിക്കുന്ന രീതികളിലും വ്യത്യാസം കണ്ടെത്തി. ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി സന്ദേശം നിര്‍മ്മിച്ചതാകാമെന്ന സൂചന ഇതുവഴി ലഭിച്ചു.
തുടര്‍ന്ന് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഇതേ സന്ദേശം വ്യത്യസ്ത വീഡിയോകള്‍ക്കും
വാര്‍ത്തകള്‍ക്കുമൊപ്പം പങ്കുവെച്ചതായും കണ്ടെത്തി.
സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ജനമൈത്രി പ്രൊട്ടക്ഷന്‍ ടീം എന്ന സംവിധാനത്തെക്കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ പേരില്‍ കേരളാ പൊലീസുമായി ബന്ധപ്പെട്ട ഒരു സംവിധാനവും നിലവിലില്ലെന്ന് വ്യക്തമായി.
കൂടുതല്‍ വിശദമായ കീവേഡ് പരിശോധനയില്‍ തൃശൂര്‍ സിറ്റി പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ സന്ദേശം വ്യാജമാണെന്ന് സ്ഥീരീകരിച്ചതായി കണ്ടെത്തി.
ഇതോടൊപ്പം ചേര്‍ത്ത കുറിപ്പില്‍ കേരളാ പൊലീസ് ഇത്തരം സന്ദേശം നല്‍കിയിട്ടില്ലെന്നും ഔദ്യോഗിക പേജിലൂടെ മാത്രമേ സന്ദേശം നല്‍കൂവെന്നും വ്യക്തമാക്കുന്നു. ഉറവിടം വ്യക്തമാക്കാതെ, ജനങ്ങളെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും പോസ്റ്റില്‍ അറിയിക്കുന്നുണ്ട്.
തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കായി തൃശൂര്‍ പൊലീസ് ആസ്ഥാനത്ത് നേരിട്ട് ബന്ധപ്പെട്ട് സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ചുമതലയുള്ള ASI ശ്രീ സന്തോഷുമായി ഫോണില്‍ സംസാരിച്ചു. പ്രചരിക്കുന്ന സന്ദേശം കേരളാപൊലീസ് നല്‍കിയതല്ലെന്ന് അദ്ദേഹം ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
"സംസ്ഥാനത്ത് വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ലഹരിയുടെ ഉപയോഗം കൂടിവരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നേരിട്ട് വിദ്യാര്‍ഥികളെ പിന്തുടരാനോ നിരീക്ഷിക്കാനോ കേരളാ പൊലീസ് ഇതുവരെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം കേരളാ പൊലീസിന്‍റെ ലോഗോ ഉപയോഗിച്ച് ആരോ കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും അക്ഷരത്തെറ്റുകളും തന്നെ അത് വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല ഇത് വാട്സാപ്പില്‍ കൂടുതലായി പ്രചരിക്കുന്ന ഒരു സന്ദേശമാണ്. കേരളാ പൊലീസ് ഒരു ഔദ്യോഗിക അറിയിപ്പും വാട്സാപ്പ് വഴി നല്‍കാറില്ല. പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതയുണ്ടെങ്കിലും ഇത്തരത്തില്‍ അത് പ്രചരിപ്പിക്കുന്നത് ആളുകളില്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് ജനങ്ങള്‍ ഇത്തരം സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നത് ഒഴിവാക്കണം."
സ്കൂളുകള്‍ കേന്ദ്രീകരിച്ച് "പ്രൊട്ടക്ഷന്‍ ടീം" എന്ന പേരില്‍ ഒരു സംവിധാനം ഇല്ലെന്നും മറിച്ച് കേരളാ പൊലീസിന്‍റെ മേല്‍നോട്ടത്തില്‍ സ്കൂളുകള്‍ നടപ്പാക്കുന്ന "സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് - SPG" ആണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളില്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ ജനമൈത്രി, പ്രൊട്ടക്ഷന്‍ ടീം തുടങ്ങിയ പേരുകള്‍ ഉപയോഗിച്ചതാവാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്മീറ്ററിന്‍റെ വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ കേരളാ പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഈ സന്ദേശം വ്യാജമാണെന്ന് അറിയിച്ചു.
എന്നാല്‍ ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളാ പൊലീസ് അറിയിച്ചു. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നപോലെ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളറിയാതെ രഹസ്യമായി അവരെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ശരിയായ രീതിയല്ലെന്നും ഇത്തരം കാര്യങ്ങളില്‍ തുറന്ന സംസാരത്തിലൂടെ മക്കള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നല്‍കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും മനശ്ശാസ്ത്രരംഗത്തെ വിദഗ്ധരും അഭിപ്രായപ്പെട്ടു.
Conclusion:
സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തിനകത്തും പുറത്തുമെല്ലാം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ മയക്കുമരുന്നിന്‍റെ ഉപയോഗം കൂടിവരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ രഹസ്യമായി പിന്തുടരാനോ നിരീക്ഷിക്കാനോ ആവശ്യപ്പെടുന്ന ഒരു സന്ദേശവും കേരളാ പൊലീസ് നല്‍കിയിട്ടില്ല. പ്രചരിക്കുന്ന സന്ദേശം കേരളാ പൊലീസിന്‍റെ ലോഗോ ദുരുപയോഗം ചെയ്ത് വ്യാജമായി സൃഷ്ടിച്ചതാണ്. കൂടാതെ, സന്ദേശത്തില്‍ പറയുന്ന ജനമൈത്രി പ്രൊട്ടക്ഷന്‍ ടീം എന്നൊരു സംവിധാനം നിലവില്‍ ഇല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍ പ്രചരിക്കുന്ന സന്ദേശം തീര്‍ത്തും വ്യാജമാണ്.