'വാച്ച് യുവര്‍ നെയ്ബര്‍': അയല്‍ക്കാരെ നിരീക്ഷിക്കാന്‍ കേരള പൊലീസിന്‍റെ പുതിയ പദ്ധതിയോ? വാസ്തവമറിയാം
അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ആവിഷ്ക്കരിക്കുന്ന പുതിയ പദ്ധതിയാണ് ‘വാച്ച് യുവര്‍ നെയ്ബര്‍’ എന്ന തരത്തില്‍ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ പദ്ധതിയെ വിമര്‍ശിച്ച് വാര്‍ത്താകുറിപ്പുമായി SDPI യും രംഗത്തെത്തി.
By - HABEEB RAHMAN YP | Published on 9 Nov 2022 5:03 PM GMTഅയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ കേരള പൊലീസ് 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം. റെസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചതായി ജനം ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്ത ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചതായി കാണാം.
ദേശാഭിമാനി ഉള്‍പ്പെടെ മറ്റു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേ വാര്‍ത്ത നല‍്‍കിയതായി കണ്ടെത്തി. ഇതിനു പിന്നാലെ പദ്ധതിയ്ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ സജീവമായി.
കേരള പൊലീസിന്‍റെ 'വാച്ച് യുവര്‍ നെയ്ബര്‍' പദ്ധതി ഗുരുതര സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് SDPI സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീമതി കെ. കെ. റൈഹാനത്ത് രംഗത്തെത്തി. SDPI പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Fact-check:
കേരള പൊലീസിന്‍റെ പുതിയ ഏതൊരു പദ്ധതിയും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അറിയിക്കാറുണ്ട്. വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ന്യൂസ്മീറ്റര്‍ പരിശോധിച്ചതും കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജാണ്. എന്നാല്‍ 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ ഒരു പദ്ധതിയെക്കുറിച്ച് ഒന്നും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് സംസ്ഥാന പൊലീസ് മീഡിയാ സെന്‍ററിന്‍റെ ഔദ്യോഗിക പേജ് പരിശോധിച്ചു. 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ കേരള പൊലീസിന് ഒരു പദ്ധതിയില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും വിശദീകരിച്ച് നല്‍കിയ കുറിപ്പ് പേജില്‍ നല്‍കിയിട്ടുണ്ട്.
കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്ന പദ്ധതിയുടെ പേര് 'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' (Say Hello to Your Neighbour - SHYNe) ആണെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലില്‍ പരസ്പര സൗഹൃദം ഉറപ്പാക്കാനും അതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്താനുമാണ് പദ്ധതിയെന്നും വിശദീകരിക്കുന്നു.
കൂടുതല്‍ വ്യക്തത വരുത്താനായി സംസ്ഥാന പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടറും PRO യുമായ ശ്രീ. വി.പി. പ്രമോദ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍നിന്ന്:
"വാച്ച് യുവര്‍ നെയ്ബര്‍ എന്ന പേരില്‍ ഒരു പദ്ധതി കേരള പൊലീസിനില്ല. ഇതുസംബന്ധിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയതാണ്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു വാര്‍ത്താകുറിപ്പും നല്‍കിയിട്ടില്ല. ഡിജിപി ശ്രീ. അനില്‍കാന്ത് കൊച്ചിയില്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ സംസാരിച്ചത് ഞങ്ങള്‍ സൂചിപ്പിച്ച സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ എന്ന പദ്ധതിയെക്കുറിച്ചാണ്. ഇത് നഗരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന സാഹചര്യത്തില്‍ അയല്‍പക്ക ബന്ധം സൗഹാര്‍ദപൂര്‍ണമാക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ്."
ഇതോടെ 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളും പ്രതികരണങ്ങളും ട്രോളുകളുമെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കൂടാതെ, പ്രസ്തുത വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന പൊലീസിന്‍റെ വിശദീകരണം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്തി. മീഡിയവണ്‍ നല്‍കിയ വീഡിയോ റിപ്പോര്‍ട്ടിലും മാതൃഭൂമിയും മനോരമയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലും ഇത് വ്യക്തമാക്കുന്നുണ്ട്.
'സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' പദ്ധതിയെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 2022 സെപ്തംബര്‍ 1ന് പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭ്യമായി.
ഇതോടെ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സ്ഥിരീകരിക്കാനായി.
Conclusion:
അയല്‍വാസികളെ നിരീക്ഷിക്കാനും അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും വേണ്ടി കേരള പൊലീസ് ആവിഷ്ക്കരിച്ചതെന്ന തരത്തില്‍ 'വാച്ച് യുവര്‍ നെയ്ബര്‍' എന്ന പേരില്‍ പദ്ധതിയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കേരള പൊലീസിന് ഇത്തരമൊരു പദ്ധതിയില്ലെന്നും നഗരങ്ങളില്‍ അപ്പാര്‍ട്ട്മെന്‍റുകളില്‍ പരസ്പരസൗഹൃദവും അതുവഴി സുരക്ഷയും ലക്ഷ്യമിട്ട് കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്ന പദ്ധതി സേ ഹലോ റ്റു യുവര്‍ നെയ്ബര്‍' ആണെന്നും സ്ഥിരീകരിച്ചു.