റോഡരികില്‍ ലഹരിപദാര്‍ഥം ഉപയോഗിക്കുന്നത് കേരള പൊലീസോ? വെമ്പായത്തെ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമറിയാം
റോഡരികില്‍ കേരള പൊലീസ് ഉദ്യോഗസ്ഥന്‍ നിരോധിത പുകയില ഉല്‍പന്നം ഉപയോഗിക്കുന്ന ദൃശ്യങ്ങളെന്ന് സൂചിപ്പിക്കുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. തിരുവനന്തപുരം വെമ്പായത്തുനിന്നുള്ളതാണ് ദൃശ്യങ്ങള്‍.
By - HABEEB RAHMAN YP | Published on 22 Oct 2022 7:59 PM GMTമയക്കുമരുന്നും മറ്റ് ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കുന്നതിനെതിരെ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന കേരള പൊലീസിലെ ഉദ്യോഗസ്ഥന്‍ തന്നെ പൊതുസ്ഥലത്ത് നിരോധിത ലഹരിപദാര്‍ഥം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തുനിന്ന് നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിസ്മയ ന്യൂസ് എന്ന ഓണ്‍ലൈന്‍ ചാനലാണ് പുറത്തുവിട്ടത്. കേരള പൊലീസ്, മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള ഗവണ്‍മെന്‍റ്, പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് തുടങ്ങിയ ഹാഷ്ടാഗുകള്‍ ചേര്‍ത്ത് പങ്കുവെച്ച മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ വാര്‍ത്ത ഇതിനകം നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
കേരള പൊലീസിലെ ഉദ്യോഗസ്ഥനാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് സൂചിപ്പിക്കുംവിധമാണ് വാര്‍ത്തയിലെ ഉള്ളടക്കം.
"കേരള പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ വലിയ രീതിയില്‍ ലഹരിവിരുദ്ധ പരിപാടികള്‍ നടന്നുവരുന്ന ഈ സമയത്താണ് യൂനിഫോം ധാരിയായ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നിരോധിത പുകയിലെ ഉല്‍പന്നം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ഇത് സേനയ്ക്കുതന്നെ ഏറെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമായി മാറിയേക്കാം."
വിവിധ അക്കൗണ്ടുകളില്‍നിന്ന് വ്യത്യസ്ത അടിക്കുറിപ്പുകളോടെ ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.
Fact-check
രണ്ട് മിനിറ്റും 40 സെക്കന്‍റും ദൈര്‍ഘ്യമുള്ള വീഡിയോവാര്‍ത്തയില്‍ ദൃശ്യങ്ങള്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ട്. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഇത് പകര്‍ത്തിയവരുടെ സംസാരവും കേള്‍ക്കാം. ദൃശ്യങ്ങള്‍ കേരളത്തില്‍നിന്നുള്ളതാണെന്ന് ആദ്യപരിശോധനയില്‍ തന്നെ വ്യക്തമായി.തുടര്‍ന്ന് ഇവ വെമ്പായത്തുനിന്ന് ഉള്ളതാണോ എന്നാണ് പരിശോധിച്ചത്. ഇതിനായി വീഡിയോയുടെ അവസാനഭാഗത്ത് ക്യാമറ വലതുവശത്തേക്ക് പാന്‍ ചെയ്യുമ്പോള്‍ കാണുന്ന രണ്ട് കടകളുടെ സമാന ചിത്രങ്ങള്‍ ശേഖരിച്ചു. ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ ഇത് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ആണെന്ന് സ്ഥിരീകരിച്ചു.
വെമ്പായം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് മനസ്സിലാക്കാനായി. തുടര്‍ന്ന് വെഞ്ഞാറമ്മൂട് പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീ. വി. സൈജുനാഥിനെ ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങളിലുള്ളത് കേരള പൊലീസിലെ ഉദ്യോഗസ്ഥനല്ലെന്നും അദ്ദേഹം ന്യൂസ്മീറ്ററിനോട് വ്യക്തമാക്കി:
"പ്രചരിക്കുന്ന ദൃശ്യങ്ങളിലെ യൂനിഫോമില്‍ വ്യത്യാസമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് വെമ്പായത്ത് നേരിട്ടെത്തി അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനത്തില്‍ ഇതര സംസ്ഥാന പൊലീസ് യൂനിഫോമിലെത്തിയവരില്‍ ഒരാളാണ് ദൃശ്യങ്ങളിലുള്ളതെന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ക്ക് കേരള പൊലീസുമായി യാതൊരു ബന്ധവുമില്ല."
പ്രസ്തുത സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ്മീറ്റര്‍ ശേഖരിച്ചു. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള വാഗണര്‍ കാറില്‍ പൊലീസ് വേഷത്തില്‍ ഇറങ്ങുന്ന മൂന്ന് പേരെ ദൃശ്യങ്ങളില്‍ കാണാം. ഇത് പ്രചരിക്കുന്ന വീഡിയോയിലെ അവസാനഭാഗത്തെ ദൃശ്യങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചു.
കേരള പൊലീസിന്‍റെ ഔദ്യോഗിക പേജുകളില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു. തിരുവനന്തപുരം റൂറല്‍ പൊലീസിന്‍റെ പേജില്‍നിന്ന് ഇതു സംബന്ധിച്ച പോസ്റ്റ് ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് മറ്റൊരു സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന പൊലീസ് മീഡിയ സെന്‍ററിന്‍റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് സിസിടിവി ദൃശ്യങ്ങളുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഉപയോഗിച്ച് നിര്‍മിച്ച് കാര്‍ഡ് പങ്കുവെച്ചതായി കണ്ടു. ദൃശ്യങ്ങളിലേത് കേരള പൊലീസ് ഉദ്യോഗസ്ഥനല്ലെന്ന് വ്യക്തം.
Conclusion:
കേരള പൊലിസ് ഉദ്യോഗസ്ഥന്‍ റോഡരികില്‍ ലഹരിപദാര്‍ഥം ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ എന്നതരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ദൃശ്യങ്ങളിലുള്ളത് കേരള പൊലീസ് ഉദ്യോഗസ്ഥനല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വിസ്മയ ന്യൂസ് ഇതുസംബന്ധിച്ച് നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണവുമാണ്. വിവിധ അടിക്കുറിപ്പുകളോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് കേരള പൊലിസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.