വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുവോ? വസ്തുതയറിയാം
വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുവെന്നും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും അവകാശപ്പെടുന്ന സന്ദേശമാണ് പ്രചരിക്കുന്നത്. ചില സന്ദേശങ്ങള്‍ക്കൊപ്പം ഒരു പൊലീസ് ഓഫീസര്‍ സംസാരിക്കുന്ന ദൃശ്യങ്ങളും കാണാം.
By - HABEEB RAHMAN YP | Published on 4 Oct 2023 4:12 AM ISTവാട്സാപ്പ് ഉപയോഗിക്കുന്നവര്‍ പൊലീസ് അറസ്റ്റിലാകുമെന്ന തലക്കെട്ടോടെ വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസ് നിരീക്ഷിച്ചു തുടങ്ങുന്നുവെന്ന അവകാശവാദവുമായി സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരത്തിന്റെ ദൃശ്യങ്ങള്‍ സഹിതം വാട്സാപ്പിലും സമാന സന്ദേശം പ്രചരിക്കുന്നുണ്ട്.
Chrishal Media എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വാര്‍ത്താ രൂപത്തിലുള്ള സന്ദേശത്തില്‍ പൊലീസ് വാട്സാപ്പ് സന്ദേശങ്ങള്‍ നിരീക്ഷിക്കുമെന്നും സര്‍ക്കാരിനെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതായും അവകാശപ്പെടുന്നു. വാട്സാപ്പ് കോളുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും വീഡിയോയില്‍ പറയുന്നു.
വാട്സാപ്പിലും സമാനമായ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്ളടക്കത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നതായും കാണാം.
Fact-check:
വാട്സാപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെയും Chrishal Media പങ്കുവെച്ച വാര്‍ത്താ രൂപത്തിലുള്ള വീഡിയോയുടെയും ഉള്ളടക്കം ഒന്നാണെന്ന് മനസ്സിലാക്കാം. അതിനാല്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാകാം Chrishal Media ‘വാര്‍ത്ത’ നല്‍കിയതെന്ന് പ്രാഥമികമായി വിലയിരുത്താം.
പ്രചരിക്കുന്ന വീഡിയോയില്‍ DIOKSGD എന്ന വാട്ടര്‍മാര്‍ക്ക് നല്കിയിട്ടുണ്ട്. ഇത് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലെ കാസര്‍ഗോഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെതാണെന്ന് (District Information Office Kasaragod) മനസ്സിലാക്കാനായി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് കണ്ടെത്തി. വീഡിയോയിലുള്ളത് കാസര്‍ഗോജ് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണെന്നും പിആര്‍ഡി കുറിപ്പില്‍ വ്യക്തമാക്കുന്നു.
2023 ജൂലൈ 27 ന് പങ്കുവെച്ച സന്ദേശത്തില്‍ കാഞ്ഞങ്ങാട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചുവെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കി എന്നാണ് നല്കിയിരിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന സന്ദേശം ഈ പ്രത്യേക സാഹചര്യത്തിലേതാണെന്ന് വ്യക്തമായി. കാഞ്ഞങ്ങാട്ടെ സംഭവത്തെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ 2023 ജൂലൈ 26 ന് കാഞ്ഞങ്ങാട്ട് മുസ്ലിം ലീഗിന്റെ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിക്കിടെയുണ്ടായ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമായി. വീഡിയോയുടെ പൂര്‍ണരൂപം പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്തതാണെന്നും വ്യക്തമായി.
കൂടാതെ വാട്സാപ്പ് ഉപയോഗിക്കുന്ന സുരക്ഷാസംവിധാനത്തെ മറികടന്ന് സാധാരണഗതിയില്‍ പൊലീസ് സന്ദേശങ്ങള്‍ നിരീക്ഷിക്കുകയോ റെക്കോഡ് ചെയ്യുകയോ അല്ല ചെയ്യുന്നതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ലഭിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തി സൈബര്‍ പൊലീസിന്റെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് നടപടിയെടുക്കുകയാണ് പതിവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ന്യൂസ്മീറ്ററിനോട് പറഞ്ഞു.
തുടര്‍ന്ന് വീഡിയോയ്ക്കൊപ്പം പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ചും അന്വേഷിച്ചു. പത്ത് കാര്യങ്ങളാണ് അക്കമിട്ട് നല്കിയിരിക്കുന്നത്. ഇതാണ് Chrishal Media പങ്കുവെച്ച വീഡിയോയുടെയും ഉള്ളടക്കം.
കീവേഡ് പരിശോധനയില്‍ ഈ സന്ദേശം മുന്‍പും പലതവണ വിവിധ ഭാഷകളില്‍ പ്രചരിച്ചതായി കണ്ടെത്തി. 2021 ല്‍ ഇതേ സന്ദേശം വാട്സാപ്പ് വഴി വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ കേരള പൊലീസ് 2021 ഫെബ്രുവരി 2ന് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടെത്തി.
സമാനമായ സന്ദേശം ഇതരഭാഷകളില്‍ പ്രചരിച്ചപ്പോള്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയിരുന്നു.
Conclusion:
വാട്സാപ്പ് ഉപയോഗിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വാര്‍ത്താരൂപത്തിലുള്ള വീഡിയോയും പൊലീസ് ഉദ്യോഗസ്ഥന്റെ സംസാരമുള്‍പ്പെടെ ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്ന സന്ദേശവും വ്യാജമാണ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടെ ഒരു പ്രത്യേക സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശികമായി ജില്ലാ പൊലീസ് മേധാവി നല്കിയ മുന്നറിയിപ്പ് സന്ദേശമാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.