കൊല്ലം ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയില്‍നിന്ന് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയ അഭികേല്‍ സാറ റെജിയെ കണ്ടെത്തിയതായി വ്യാജപ്രചരണം. കുട്ടിയെ കിട്ടിയെന്ന സന്ദേശം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Fact-check:
നവംബര്‍ 27 തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് കൊല്ലം ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന കുട്ടിയെ കാറിലെത്തിയ സംഘം ബലമായി കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് പൊലീസും നാട്ടുകാരും തെരച്ചില്‍ ഊര്‍ജിതമാക്കി. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാത നമ്പറില്‍നിന്ന് ഫോണ്‍കോള്‍ വന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ പുറത്തുവെന്ന സമയത്താണ് കുട്ടിയെ കണ്ടെത്തിയന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. ഇത് അടിസ്ഥാനരഹിതമാണെന്നും തിരച്ചില്‍ വ്യാപകമായി തുടരുകയാണെന്നും വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനവ്യാപകമായി വ്യാപക തിരച്ചില്‍ തുടരുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് രാത്രി 8.30ന് ശേഷമാണ്.
രാത്രി 9 മണിയ്ക്ക് ശേഷം സമാന വാര്‍ത്ത മീഡിയവണിലും പ്രസിദ്ധീകരിച്ചതായി കാണാം.
രാത്രി പത്ത് മണിയ്ക്കും അന്വേഷണം തുടരുകയാണെന്നും കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നും തത്സമയ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 27-11-2023 രാത്രി 10 മണിയ്ക്കും 10:15 നും ഇടയ്ക്ക് മുഖ്യധാരാ ചാനലുകളിലെ തത്സമയ വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകള്‍ താഴെ.
ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.
അതേസമയം ഒരു ഘട്ടത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്ന സമയത്ത് കുട്ടിയ കണ്ടെത്തിയെന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസും മനോരമ ന്യൂസും ഉള്‍പ്പെടെ ചില മുഖ്യധാരാ മാധ്യമങ്ങളും ഫ്ലാഷ് ന്യൂസ് നല്കിയിരുന്നതായി കണ്ടെത്തി.
Conclusion:
കൊല്ലം ഓയൂർ പൂയപ്പള്ളി മരുത മൺപള്ളിയില്‍നിന്ന് കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയ അഭികേല്‍ സാറ റെജിയെ കണ്ടെത്തിയതായി പ്രചരിക്കുന്ന സന്ദേശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കുട്ടിയെ കണ്ടെത്താനായി വ്യാപക അന്വേഷണം പൊലീസും നാട്ടുകാരും ഊര്‍ജിതമായി തുടരുകയാണ്.
സമയം: 2023 നവംബര്‍ 27 രാത്രി 10.30