നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്യേറ്റമുണ്ടാവുകയും പരിക്കേറ്റ RMP എംഎല്‍എ കെ കെ രമ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. വാച്ച് ആന്‍റ് വാര്‍ഡ് വലിച്ചിഴച്ചുവെന്ന് കെ കെ രമ ആരോപിച്ചത് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാനും വാച്ച് ആന്‍റ് വാര്‍ഡുമാരില്‍ ചിലര്‍ക്കും ഇതിനിടെ പരിക്കേറ്റിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ കെ കെ രമയുടെ പരിക്ക് ക്യാമറയ്ക്കുമുന്നിലെ അഭിനയം മാത്രമായിരുന്നുവെന്ന അവകാശവാദത്തോടെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Left Cyber Commune എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളില്‍ ആദ്യത്തേത് ഷാഫി പറമ്പില്‍ എംഎല്‍എ രമയുടെ കൈയ്യില്‍ പ്ലാസ്റ്ററിട്ട് നല്‍കുന്നതാണെന്നും രണ്ടാമത്തെ ചിത്രത്തില്‍ പ്ലാസ്റ്റര്‍ ക്യാമറയ്ക്കുമുന്നില്‍ ‘ഓവറാണെ’ന്ന് മനസ്സിലാക്കി മൂന്നാമത്തെ ചിത്രത്തില്‍ കഴുത്തില്‍ ചരടിട്ട് കൈ കെട്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതാണെന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്നെടുത്ത ചിത്രമാണെന്ന് അടിക്കുറിപ്പില്‍ വ്യക്തമാണ്. ചിത്രം പകര്‍ത്തിയ മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയിലിനെ ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രതികരിച്ചതിങ്ങനെ:
“ഈ ചിത്രം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് എടുത്തതാണ്. ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ മെയില്‍ നഴ്സാണ് കെ കെ രമയുടെ കൈയ്യില്‍ പ്ലാസ്റ്ററിടുന്നത്. ഷാഫി പറമ്പിലിന്‍റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ വസ്തുതാവിരുദ്ധമാണ്.”
സംഭവം നടന്ന മാര്‍ച്ച് 15ന് ഷാഫി പറമ്പില്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പാലക്കാട്ട് വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി. മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍നിന്ന് ഇത് സ്ഥിരീകരിക്കാം.
ഇതോടെ ചിത്രത്തിലുള്ളത് ഷാഫി പറമ്പില്‍ എംഎല്‍എ അല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് കെ കെ രമ എംഎല്‍എ യുടെ PA റിജുവിനെ ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ക്രമം തെറ്റിച്ചാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്പീക്കറുടെ ഓഫീസിന് മുന്നിലെ പ്രതിഷേധനത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ കൈയ്യിന് പരിക്കേറ്റ കെ കെ രമയെ നിയമസഭയിലെ ഡോക്ടര്‍മാരാണ് ആദ്യം പരിശോധിച്ചതെന്നും തുടര്‍ന്ന് അവിടെവെച്ച് മാധ്യമങ്ങളെ കണ്ട ശേഷമാണ് വിദഗ്ധ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് പോയതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവങ്ങളുടെ ക്രമം വ്യക്തമാക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
കൂടാതെ മാര്‍ച്ച് 15ന് വിവിധ ചാനല്‍ ചര്‍ച്ചകളില്‍ കെ കെ രമ പങ്കെടുത്തിരിക്കുന്നത് കൈയ്യില്‍ പ്ലാസ്റ്ററോടുകൂടിയാണെന്നും കാണാം.
ഇതോടെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കൈയ്യേറ്റത്തില്‍ പരിക്കേറ്റ കെ കെ രമ എംഎല്‍എ കൈയ്യില്‍ പ്ലാസ്റ്ററിട്ടത് നാടകമാണെന്നും ക്യാമറയ്ക്കുമുന്നില്‍ അഭിനയിക്കാനായി പ്ലാസ്റ്ററിട്ടു നല്‍കിയത് ഷാഫി പറമ്പില്‍ എംഎല്‍എ ആണെന്നുമുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. തെറ്റിദ്ധരിപ്പിക്കാനായി ക്രമം തെറ്റിച്ചാണ് കൊളാഷ് രൂപത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി.