ലോക്സഭ തിരഞ്ഞെടുപ്പില്‍ CPIM കേരളത്തില്‍ നേരിട്ടത് വലിയ തിരിച്ചടിയാണ്. 2019 ലോക്സഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. ഇതിന് പിന്നാലെ തോല്‍വി വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ പ്രസ്താവനയുമായി വടകര സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ രംഗത്തെത്തിയെന്ന രീതിയില്‍ പ്രചാരണം. മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടി നേരിടാന്‍ കാരണമായതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം ജയിക്കുമായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെ കെ ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസ് പൊതുവില്‍ ഉപയോഗിക്കുന്ന ഫോണ്ട് അല്ലെന്നത് കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്നതിന്റെ ആദ്യ സൂചനയായി. കൂടാതെ, കെ കെ ശൈലജയുടെ ചിത്രത്തില്‍ കാണുന്ന ബാഡ്ജില്‍ പ്രവേശനോത്സവം എന്നെഴുതിയതായും കാണാം.
ഈ സൂചന ഉപയോഗിച്ച് പ്രവേശനോത്സവം നടന്ന 2024 ജൂണ്‍ 3-ന് ഏഷ്യാനെറ്റ് ന്യൂസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചു. ഇതോടെ പ്രചരിക്കുന്ന കാര്‍ഡിന്റെ യഥാര്‍ത്ഥ പതിപ്പ് ജൂണ്‍ 3 ന് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചതായി കണ്ടെത്തി.
വോട്ടെണ്ണലിന്റെ തലേദിവസം കൂടിയായ ജൂണ്‍ 3ന് കെ കെ ശൈലജ നടത്തിയ പ്രതികരണമാണ് വാര്‍ത്താകാര്‍ഡിന് ആധാരം. ഈ കാര്‍ഡിലെ പ്രധാന തലക്കെട്ടിന്റെ ഭാഗവും തിയതിയും എഡിറ്റ് ചെയ്ത് പുതിയ വാചകം എഴുതിച്ചേര്‍ത്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
വടകരയില്‍ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. ഈ പ്രതികരണത്തിന്റെ വീഡിയോ യൂട്യൂബിലും ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ വാര്‍ത്തയും കാണാം.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. അതേസമയം മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരത്തെക്കുറിച്ചും മുഖ്യമന്ത്രി ശൈലി മാറ്റേണ്ടതിനെക്കുറിച്ചും പാര്‍ട്ടിയുടെ വിവിധ ജില്ലാകമ്മിറ്റികളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്.
എന്നാല്‍ സംസ്ഥാന കമ്മിറ്റിയിലെ വിലയിരുത്തല്‍ ഇതിന് വിഭിന്നമായിരുന്നു. പിന്നീട് കേന്ദ്രകമ്മറ്റിയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയ്ക്കെതിരെയും എം വി ഗോവിന്ദനെതിരെയും ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പാര്‍ട്ടി നേതാക്കളാരുംതന്നെ പ്രതികരിച്ചിട്ടില്ല.
Conclusion:
മുഖ്യമന്ത്രിയ്ക്കെതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പാര്‍ട്ടി മികച്ച ജയം കാഴ്ചവെക്കുമായിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ കാര്‍ഡ് രൂപത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. എഡിറ്റ് ചെയ്ത് നിര്‍മിച്ച കാര്‍ഡാണ് പ്രചരിക്കുന്നതെന്നും കെ കെ ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.